ആത്മീയ പുണ്യത്തിനായി 1,120 പൂച്ചകളെ തുറന്ന് വിട്ടു, അതിൽ 1,100 പൂച്ചകളും മുങ്ങി മരിച്ചു; സംഭവം നടന്നത് ചൈനയിൽ!

Published : Nov 11, 2025, 01:00 PM IST
1120 cats were released for spiritual purposes

Synopsis

ആത്മീയ പുണ്യം നേടാനായി ഒരു കൂട്ടം ബുദ്ധമത വിശ്വാസികൾ 1,100-ൽ അധികം പൂച്ചകളെ റിസർവേയറിന് സമീപം തുറന്നുവിട്ടു. എന്നാൽ അത് വലിയൊരു ദുരന്തത്തിൽ കലാശിച്ചു, പരിഭ്രാന്തരായ പൂച്ചകളിൽ പലതും അടുത്തുള്ള മുങ്ങിമരിക്കുകയായിരുന്നു. 

 

വിശ്വാസങ്ങളുടെയും ആചാരങ്ങളുടെയും ഒക്കെ പേരിൽ പലതരത്തിലുള്ള അനുഷ്ഠാനങ്ങൾ നമ്മുടെ നാട്ടിൽ നടക്കാറുണ്ട്. അവയിൽ പലതും പുറമേ നിന്ന് നോക്കുന്നവർക്ക് വിചിത്രമായി തോന്നാമെങ്കിലും അതിൽ ഉൾപ്പെടുന്നവരെ സംബന്ധിച്ചിടത്തോളം അത് അവരുടെ ജീവിതത്തിന്‍റെയും വിശ്വാസത്തിന്‍റെയും ഭാഗമാണ്. എന്നാൽ, പലപ്പോഴും വിശ്വാസത്തിന്‍റെയും മതാനുഷ്ഠാന ചടങ്ങുകളുടെയും ഒക്കെ പേരിൽ നടത്തുന്ന പല കാര്യങ്ങളും ദുരന്തങ്ങളിൽ കലാശിക്കാറുമുണ്ട്. കഴിഞ്ഞ ദിവസം അത്തരത്തിലൊരു സംഭവം ചൈനയിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെടുകയുണ്ടായി.

ആത്മീയ പുണ്യത്തിനായി

ചൈനയിലെ ഒരു കൂട്ടം ബുദ്ധമത വിശ്വാസികൾ നടത്തിയ മതപരമായ ഒരു ചടങ്ങ് വലിയ ദുരന്തത്തിൽ കലാശിക്കുകയായിരുന്നു. ഗ്വാങ്‌ഡോങ് പ്രവിശ്യയിലെ ഒരു റിസർവോയറിന് സമീപം ബന്ദികളാക്കപ്പെട്ട 1,100-ൽ അധികം പൂച്ചകളെ തുറന്നു വിടുകയായിരുന്നു. ബന്ധനസ്ഥരായ മൃഗങ്ങളെ മോചിപ്പിക്കുന്നതിലൂടെ ആത്മീയ പുണ്യം നേടാമെന്ന ബുദ്ധമത വിശ്വാസത്തിൽ അധിഷ്ഠിതമായ ചടങ്ങായിരുന്നു ഇത്. പൂച്ചകൾ, പക്ഷികൾ, ആമകൾ. മത്സ്യങ്ങൾ തുടങ്ങിയ ജീവികളെയും ഈ ചടങ്ങിന്‍റെ ഭാഗമായി തുറന്ന് വിടാറുണ്ട്. അതേസമയം ഈ ചടങ്ങുകൾക്കെതിരെ കഴിഞ്ഞ കുറച്ച് കാലമായി വലിയ വിമർശനമാണ് ഉയരുന്ന്.

 

 

 

 

 

ഭയന്ന് പോയ പൂച്ചകൾ

ക്വിങ്‌യുവാൻ നഗരത്തിലെ യിങ്‌സൂയി റിസർവോയറിലാണ് സംഭവം നടന്നത്. 1,120 പൂച്ചകളെ പത്തോളം പേരടങ്ങിയ സംഘം സ്വതന്ത്രരാക്കി. ഇതിനായി ഇവർക്ക് ഏതാണ്ട് നാല് ലക്ഷത്തോളം രൂപ ചെലവായെന്നും റിപ്പോര്‍ട്ടിൽ പറയുന്നു. തുറന്നുവിട്ട ഉടൻ പൂച്ചകൾ പലതും പരിഭ്രാന്തരായി പരക്കം പായാന്‍ ആരംഭിച്ചു. ചിലത് മരങ്ങളിൽ കയറി, മറ്റുചിലത് വെള്ളത്തിലേക്ക് ചാടി നീന്താൻ ശ്രമിച്ചു. ഇങ്ങനെ വെള്ളത്തിലേക്ക് ചാടിയ പൂച്ചകൾ മറുകര പിടിക്കാനാകാതെ തളർന്ന് വെള്ളത്തിൽ മുങ്ങി മരിക്കുകയായിരുന്നു. പ്രദേശവാസികൾ സംഭവം മൊബൈലുകളില്‍ ചിത്രീകരിക്കാന്‍ ശ്രമിച്ചതിനെ തുടർന്ന് പൂച്ചകൾ അസ്വസ്ഥരായി വെള്ളത്തിലേക്ക് ചാടുകയായിരുന്നുവെന്നാണ് പരിപാടി സംഘടിപ്പിച്ചയാൾ പറഞ്ഞത്. സംഭവത്തിന് ദൃക്‌സാക്ഷികളായ പ്രദേശവാസികൾ പൂച്ചകളെ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും കാര്യമായി വിജയിച്ചില്ല.

പ്രതിഷേധിച്ച് മൃഗസ്നേഹികൾ

പരിപാടി സംഘടിപ്പിച്ച ഗ്രൂപ്പിന് ക്രിമിനൽ ഉദ്ദേശമൊന്നും ഉണ്ടായിരുന്നില്ല എന്നാണ് അധികൃതർ പറയുന്നത്. സമാനമായ ചടങ്ങുകൾ ഇവർ മുൻപും നടത്തിയിട്ടുമുണ്ട്. എന്നാൽ, മൃഗങ്ങൾക്ക് അനാവശ്യമായ ദുരിതം വരുത്തിവെച്ചതിനും പ്രാദേശിക ആവാസവ്യവസ്ഥയെ തകിടം മറിച്ചതിനും ഈ സംഭവം വ്യാപകമായ വിമർശനങ്ങൾക്ക് ഇടയാക്കി. വിശ്വാസത്തിന്‍റെ പേരിലാണെങ്കിലും മൃഗങ്ങളോടുള്ള ഇത്തരം ക്രൂരതകളെ വിവിധ മൃഗസ്നേഹി സംഘടനകളും അപലപിച്ചു. അതേസമയം തുറന്ന് വിടാനായി മൃഗങ്ങളെ ബന്ദികളാക്കി വയ്ക്കുന്നതിന്‍റെ ധാർമ്മികതയെ ചിലര്‍ ചോദ്യം ചെയ്തു.

PREV
Read more Articles on
click me!

Recommended Stories

112 വർഷം പഴക്കമുള്ള വീട് നവീകരിക്കുന്ന ഭർത്താവും ഭാര്യയും, ആ കാഴ്ച കണ്ട് അമ്പരന്നു, അപ്രതീക്ഷിതമായി ഒരു 'നിധി'
വാതിലിൽ മുട്ടി, ലിവിം​ഗ് റൂമിൽ കയറി, സ്വന്തം ഫ്ലാറ്റിൽ ഇതാണ് അവസ്ഥ, സദാചാര ആക്രമണത്തിനെതിരെ നിയമപോരാട്ടത്തിന് യുവതി