
ഔദ്യോഗികമായി ജപ്പാനിലെ ഏറ്റവും പ്രായം കൂടിയ വ്യക്തിയായി റിട്ട. ഡോക്ടർ ഷിഗെക്കോ കഗാവ. 114 വയസാണ് ഷിഗെക്കോയ്ക്ക്. ജപ്പാനിലെ ആരോഗ്യ, തൊഴിൽ, ക്ഷേമ മന്ത്രാലയമാണ് ഇതേക്കുറിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്.
2021 -ൽ, തന്റെ 109 -ാം വയസ്സിൽ, ടോക്കിയോ ഗെയിംസ് റിലേയിൽ ഒളിമ്പിക് ദീപം വഹിച്ചു കഗാവ. അങ്ങനെ, ഒളിമ്പിക് ദീപം വഹിക്കുന്ന ഏറ്റവും പ്രായം കൂടിയ വ്യക്തികളിൽ ഒരാളായും അവർ മാറി. അന്ന് തന്നെ മാധ്യമശ്രദ്ധ നേടിയ ആളായിരുന്നു കഗാവ. തന്റെ ജോലിയിലുള്ള ആത്മാർത്ഥത, രോഗികളോടുള്ള ആത്മസമർപ്പണം, ആരോഗ്യകരമായ ജീവിതം ഇവയെല്ലാമാണ് കഗാവയുടെ ദീർഘായുസ്സിന് കാരണങ്ങളായി പറയുന്നത്.
ഗൈനക്കോളജിസ്റ്റായ കഗാവ രണ്ടാം ലോകമഹായുദ്ധത്തിന് മുമ്പാണ് മെഡിക്കൽ സ്കൂളിൽ നിന്ന് ബിരുദം നേടിയത്. യുദ്ധകാലത്ത് ഒസാക്കയിലെ ഒരു ആശുപത്രിയിൽ അവർ ജോലി ചെയ്തു. അതിനുശേഷം, അവർ തന്റെ കുടുംബത്തിന്റെ ക്ലിനിക്ക് ഏറ്റെടുക്കുകയും വർഷങ്ങളോളം അവിടെ രോഗികളെ നോക്കുകയും ചെയ്തു. ഒടുവിൽ 86 വയസ്സുള്ളപ്പോഴാണ് അവർ ഈ ക്ലിനിക്കിൽ നിന്നും വിരമിക്കുന്നത്.
ഏത് പാതിരാത്രിക്കും, പുലർച്ചെയും രോഗികളുടെ വീട്ടിൽ നിന്നും കോൾ വന്നാൽ മടിച്ചുനിൽക്കാതെ അങ്ങോട്ട് ഓടിച്ചെല്ലുകയും അവരെ നോക്കുകയും ചെയ്യുമായിരുന്നു കഗാവ എന്ന് പറയുന്നു. വിരമിച്ച ശേഷവും പലപ്പോഴും തെരുവുകളിലൂടെ നടന്നു പോകുമ്പോൾ കഗാവയുടെ അടുത്തേക്ക് തങ്ങളുടെയോ പ്രിയപ്പെട്ടവരുടെയോ ജീവൻ രക്ഷിച്ചതിന് നന്ദി പറയാൻ ഓടിയെത്തുന്ന അനേകങ്ങൾ ഉണ്ടായിരുന്നു.
കൃത്യമായി ഭക്ഷണം കഴിക്കുകയും വിശ്രമിക്കുകയും ചെയ്യുന്നതാണ് തന്റെ ആരോഗ്യത്തിന്റെയും ആയുസിന്റെയും രഹസ്യം എന്നാണ് കഗാവ പറയുന്നത്. ഒപ്പം താൻ ഡോക്ടറായി ജോലി തുടങ്ങിയ സമയത്ത് കാറൊന്നും ഇല്ലായിരുന്നു, നടപ്പായിരുന്നു എന്നും അതും തന്റെ ആരോഗ്യകരമായ ജീവിതത്തിന് സഹായകമായി എന്നും കഗാവ പറയുന്നു.