
അതിദാരുണമായ ഒരു സംഭവമാണ് ഇപ്പോൾ ചൈനയിലെ സോഷ്യൽ മീഡിയയിൽ അതിവേഗം പ്രചരിച്ചു കൊണ്ടിരിക്കുന്നത്. അച്ഛൻ വഴക്കു പറയുകയും തല്ലുകയും ചെയ്തതിനെ തുടർന്ന് 12 -കാരൻ വീടുവിട്ടിറങ്ങിപ്പോയി. രണ്ട് ദിവസം കഴിഞ്ഞ് കുട്ടി അറിയുന്നത് അച്ഛൻ കാറപകടത്തിൽ മരിച്ച വിവരം. പൊലീസാണ് കുട്ടിയെ തിരഞ്ഞു കണ്ടുപിടിച്ച് അച്ഛന്റെ മരണവാർത്ത അവനെ അറിയിച്ചത്.
കിഴക്കൻ ചൈനയിലെ ജിയാങ്‌സി പ്രവിശ്യയിൽ നിന്നുള്ള വാങ് എന്ന് വിളിക്കുന്ന കുട്ടിയാണ് മെയ് 20 -ന് വീട്ടിൽ നിന്ന് ഓടിപ്പോയത്. കുറേനേരം ഫോണിൽ കളിച്ചതിന് അച്ഛൻ ശകാരിക്കുകയും തല്ലുകയും ചെയ്തതിനെ തുടർന്നാണ് കുട്ടി വീട്ടിൽ നിന്ന് ഓടിപ്പോയത്.
കുട്ടിക്ക് അച്ഛൻ മാത്രമാണ് ഉള്ളത് എന്നും റിപ്പോർട്ടുകൾ പറയുന്നു. ഡെലിവറി ഡ്രൈവറായി ജോലി ചെയ്യുകയാണ് കുട്ടിയുടെ അച്ഛൻ. ഒരു കാർ ഇടിച്ചതിനെ തുടർന്നായിരുന്നു അദ്ദേഹം മരിച്ചത്. ഇലക്ട്രിക് ബൈക്കിൽ സഞ്ചരിക്കുകയായിരുന്നു, അപ്പോഴാണ് കാർ ഇടിച്ചത് എന്നും ദൃക്സാക്ഷികൾ പറയുന്നു. അദ്ദേഹത്തെ കണ്ടിരുന്നില്ല എന്നാണ് കാറിന്റെ ഡ്രൈവർ പിന്നീട് പറഞ്ഞത്.
പരിക്കേറ്റ ഇദ്ദേഹത്തെ എത്രയും പെട്ടെന്ന് തന്നെ ആശുപത്രിയിൽ എത്തിച്ചിരുന്നു. വീട്ടിലെ അവസ്ഥ അറിഞ്ഞതിന് പിന്നാലെ പൊലീസും സന്നദ്ധസേവകരും ചേർന്ന് കുട്ടിക്ക് വേണ്ടി ഊർജ്ജിതമായി തിരച്ചിൽ ആരംഭിക്കുകയായിരുന്നു. കുട്ടിക്ക് അവസാനമായി അവന്റെ അച്ഛനെ ഒന്ന് കാണണം എന്ന ചിന്തയിൽ നിന്നും അവർ കാര്യമായിത്തന്നെ കുട്ടിയെ അന്വേഷിച്ചിറങ്ങി.
ഒടുവിൽ ഒരു കടവരാന്തയിൽ അവർ കുട്ടിയെ കണ്ടെത്തി. എന്നാൽ, അപ്പോഴേക്കും വൈകിയിരുന്നു. അവന്റെ അച്ഛൻ മരിച്ചിരുന്നു. കുട്ടി വളരെ കുഞ്ഞായിരിക്കുമ്പോൾ തന്നെ അവന്റെ അച്ഛനും അമ്മയും വേർപിരിഞ്ഞതാണ്. അച്ഛനും 70 വയസുള്ള മുത്തശ്ശിക്കും ഒപ്പമാണ് അവൻ കഴിഞ്ഞിരുന്നത്.
സോഷ്യൽ മീഡിയയിൽ അവന്റെ കഥ പ്രചരിച്ചതോടെ വലിയ വേദനയോടെയാണ് ആളുകൾ അവനെ കുറിച്ച് സംസാരിക്കുന്നത്.