Latest Videos

1200 വര്‍ഷം പഴക്കം, ബലിയര്‍പ്പിക്കലും മറ്റ് ആചാരങ്ങളുമുണ്ടായിരുന്നിരിക്കാം; ആരാധനാലയാവശിഷ്ടങ്ങള്‍ കണ്ടെത്തി

By Web TeamFirst Published Oct 9, 2020, 12:36 PM IST
Highlights

പ്രദേശത്ത് വര്‍ഷങ്ങളായി ഗവേഷണം നടക്കുന്നുണ്ടെങ്കിലും ഒരു നോര്‍സ് ആരാധനാലയം കണ്ടെത്തുന്നത് ആദ്യമായിട്ടാണ്. സ്വീഡനിലും ഡെന്മാര്‍ക്കിലും ഇത്തരത്തിലുള്ള ആരാധനാലയങ്ങള്‍ കണ്ടെത്തിയിട്ടുണ്ടെങ്കിലും നോര്‍വേയില്‍ ആദ്യമായാണ് ഇങ്ങനെയൊന്ന് ഗവേഷകര്‍ കണ്ടെത്തുന്നത്. 

ഏകദേശം 1,200 വർഷങ്ങമെങ്കിലും പഴക്കമുണ്ട് എന്ന് കരുതുന്ന, ഒരു പുരാതന ആരാധനാലയം നോര്‍വെയില്‍ കണ്ടെത്തി. ഓഡിൻ, തോർ തുടങ്ങിയ ദേവന്മാരെ ആരാധിക്കുകയും മൃഗങ്ങളെ ബലി അർപ്പിക്കുകയും ചെയ്തിരുന്ന ഇടമായിരിക്കണം ഇതെന്നാണ് പുരാവസ്തു ഗവേഷകര്‍ പറയുന്നത്. ബെർഗൻ യൂണിവേഴ്‌സിറ്റി മ്യൂസിയത്തിലെ പുരാവസ്തു ഗവേഷകർ രാജ്യത്തിന്റെ പടിഞ്ഞാറൻ മേഖലയിൽ ഒരു സ്ഥലത്ത് നടത്തിയ ഖനനത്തിലാണിത് കണ്ടെത്തിയത്. 45 അടി നീളവും 26 അടി വീതിയുമുള്ള കെട്ടിടമാണിതെന്നാണ് കരുതുന്നത്. വൈക്കിങ് യുഗത്തിലേത് എന്ന് കരുതപ്പെടുന്ന ക്ഷേത്രമാണിത്. എട്ടാം നൂറ്റാണ്ടിലേത് എന്ന് കരുതുന്ന ഈ ആരാധനാലയത്തില്‍ പൂര്‍വികര്‍ക്കും ദൈവങ്ങള്‍ക്കും മൃഗങ്ങളെ ബലി നല്‍കിയിരിക്കുന്നിരിക്കണം എന്നാണ് കരുതുന്നത്. എന്നാൽ, ദേവന്മാർക്ക് മാംസം ഭക്ഷിക്കാനും മദ്യപിക്കാനും കഴിയാത്തതിനാൽ, ഗോത്രവിഭാഗക്കാരായ ജനവിഭാഗം അത് ചെയ്യുന്നു.

വർഷത്തിലെ ഏറ്റവും പ്രധാനപ്പെട്ട ദിവസങ്ങളിൽ ആളുകൾ ഇവിടെ കണ്ടുമുട്ടും. പുരോഹിതൻ ദേവന്മാരുടെ തടിയിലുണ്ടാക്കിയ രൂപങ്ങള്‍ക്ക് മുന്നില്‍ ആരാധനയും ചടങ്ങുകളും നടത്തുമെന്നും ബെര്‍ഗന്‍ യൂണിവേഴ്സിറ്റി മ്യൂസിയത്തിലെ സരോണ്‍ ഡിന്‍ഹോഫ് പറഞ്ഞു. മൃഗങ്ങളെ അറുക്കുകയും മാംസം പാചകം ചെയ്യുകയും ചെയ്യുന്നു. കെട്ടിടത്തില്‍ വച്ചുതന്നെ ആളുകള്‍ അത് കഴിക്കുകയും മദ്യപിക്കുകയും ചെയ്തിരിക്കാമെന്നും ഡിന്‍ഹോഫ് പറയുന്നു. പടിഞ്ഞാറൻ നോർ‌വേയിലെ ഓർ‌സ്റ്റയ്‌ക്കടുത്തുള്ള ഓസ് ഫാമിൽ‌ രണ്ടുമാസമായി ഡൈൻ‌ഹോഫും സംഘവും പരിശോധന നടത്തുന്നുണ്ട്. ആരാധനാലയം കണ്ടെത്തിയത് അവരെ ആവേശഭരിതരാക്കി. പരിശോധന പൂർത്തിയായാൽ, ഈ പ്രദേശത്ത് പുതിയ ഭവന നിർമ്മാണ പദ്ധതിയാരംഭിക്കുമെന്ന് കരുതുന്നു. 

പ്രദേശത്ത് വര്‍ഷങ്ങളായി ഗവേഷണം നടക്കുന്നുണ്ടെങ്കിലും ഒരു നോര്‍സ് ആരാധനാലയം കണ്ടെത്തുന്നത് ആദ്യമായിട്ടാണ്. സ്വീഡനിലും ഡെന്മാര്‍ക്കിലും ഇത്തരത്തിലുള്ള ആരാധനാലയങ്ങള്‍ കണ്ടെത്തിയിട്ടുണ്ടെങ്കിലും നോര്‍വേയില്‍ ആദ്യമായാണ് ഇങ്ങനെയൊന്ന് ഗവേഷകര്‍ കണ്ടെത്തുന്നത്. കൃത്യമായും ഏത് കാലഘട്ടത്തിലേത് എന്ന് പറയാനാവുന്ന തെളിവുകളൊന്നും കിട്ടിയില്ലെങ്കിലും പരിശോധനയില്‍ നിന്നും വൈക്കിംഗ് യുഗത്തിലേതാണ് ആരാധനാലയമെന്നാണ് കരുതുന്നത്. ഗവേഷകര്‍ പറയുന്ന പ്രകാരം, ചടങ്ങുകളില്‍ ബലിയര്‍പ്പിക്കപ്പെട്ട മൃഗങ്ങളുടെ രക്തം ചുമരിലും ദൈവരൂപങ്ങളിലും മനുഷ്യരിലുമെല്ലാം തെറിപ്പിക്കുന്നു. വര്‍ഷത്തിലെ ഏറ്റവും ദീര്‍ഘമേറിയ രാത്രികളിലാണ് ആരാധനയും ബലിയര്‍പ്പിക്കലും നടക്കുക എന്നും കരുതപ്പെടുന്നു. മൃഗങ്ങളെ ബലി നല്‍കുന്നതിനൊപ്പം തന്നെ ചിലപ്പോള്‍ സ്വര്‍ണം പോലെയുള്ളവയും ദൈവങ്ങള്‍ക്കായി സമര്‍പ്പിച്ചിരുന്നുവെന്നും കരുതപ്പെടുന്നു.

പടിഞ്ഞാറൻ നോർവേയിലെ മണ്ണിൽ ആസിഡ് കൂടുതലാണ്. മഴ, ചൂട്, മഞ്ഞ് എന്നിവ മാറിമാറി വരുന്നുവെന്നതിനാലും ഇവിടെ ലോഹവസ്തുക്കൾ അധികകാലം നിലനിൽക്കില്ല. അതുകൊണ്ടാവാം അത്തരം വസ്തുക്കളൊന്നും കണ്ടെത്താനാവാത്തത് എന്നും ഗവേഷകര്‍ കരുതുന്നു. സ്കാൻഡിനേവിയയിലുടനീളം ഇത്തരം ആരാധനാലയങ്ങള്‍ ധാരാളം ഉണ്ടായിരിക്കാമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. എന്നാൽ, പിന്നീട് ക്രിസ്തുമതം ശക്തിയാര്‍ജ്ജിക്കുകയും ഈ പഴയ ആരാധനാലയങ്ങളുടെ മുകളില്‍ പുതിയത് പണിതിരിക്കാമെന്നും ഗവേഷകര്‍ പറയുന്നു. പതിനൊന്നാം നൂറ്റാണ്ടോടെ ക്രിസ്തുമതം കടന്നുവന്നതാവാം ഈ ആരാധനാലയങ്ങളെയും വിഭാഗത്തെയും ക്ഷയിപ്പിച്ചത് എന്നും ഗവേഷകര്‍ പറയുന്നു. ഏതായാലും ഈ ആരാധനാലയത്തിന്‍റെ അവശിഷ്ടമെങ്കിലും കണ്ടെത്താനായതില്‍ ആവേശത്തിലാണ് ഗവേഷകര്‍. 

click me!