
1,290 അപേക്ഷകൾ ലഭിച്ചു, ഒരാളെപ്പോലും ജോലിക്ക് എടുക്കാനായില്ലെന്ന് സ്ഥാപകന്റെ വെളിപ്പെടുത്തൽ. ചെന്നൈ ആസ്ഥാനമായുള്ള എഐ സ്‌റ്റാർട്ടപ്പിലെ ഇന്റേൺഷിപ്പ് ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരുന്നത്. അപേക്ഷകരിൽ ബഹുഭൂരിഭാഗത്തിനും ജോലി ചെയ്യാനുള്ള താല്പര്യമില്ലെന്നും വെറുമൊരു ടൈറ്റിലിന് വേണ്ടിയാണ് പലരും ശ്രമിക്കുന്നതെന്നുമാണ് 'Highperformr.ai' സഹസ്ഥാപകനായ രമേശ് രവിശങ്കർ ലിങ്ക്ഡ്ഇനിൽ പങ്കുവെച്ചിരിക്കുന്ന പോസ്റ്റിൽ പറയുന്നത്.
കഴിഞ്ഞ മാസമാണ് കമ്പനി ഇന്റേൺഷിപ്പിലേക്ക് അപേക്ഷ ക്ഷണിച്ചത്. ആകെ 1,290 പേർ അപേക്ഷിച്ചെങ്കിലും കേവലം 83 പേർ (6 ശതമാനം) മാത്രമാണ് അസസ്‌മെന്റ് പരീക്ഷ എഴുതിയത്. ഇതിൽ 23 പേർ യോഗ്യത നേടി. തുടർന്ന് 10 പേരെ അഭിമുഖത്തിലേക്ക് വിളിച്ചെങ്കിലും ഒരാൾക്ക് പോലും ഇന്റർവ്യൂ വിജയിക്കാനായില്ല.
അസസ്‌മെന്റ് പാസായ ചിലർ പിന്നീട് ഇന്റർവ്യൂവിൽ നിന്ന് പിന്മാറുകയോ ജോലിക്ക് റീലൊക്കേഷൻ ആവശ്യമാണെന്ന് അറിഞ്ഞപ്പോൾ താല്പര്യമില്ലെന്ന് അറിയിക്കുകയോ ചെയ്യുകയായിരുന്നു. 'ഒരു എഐ സ്റ്റാർട്ടപ്പിൽ ജോലി ചെയ്യാൻ എല്ലാവർക്കും ആഗ്രഹമുണ്ട്. എന്നാൽ, തങ്ങൾക്ക് അതിന് കഴിയുമെന്ന് തെളിയിക്കാൻ ആരും തയാറല്ല. പ്രവൃത്തി പരിചയത്തേക്കാളും അധ്വാനത്തേക്കാളും സോഷ്യൽ മീഡിയയിലെ റോളുകൾക്കും പേരിനും ആളുകൾ മുൻഗണന നൽകുന്ന സംസ്കാരമാണ് ഇന്ന് കണ്ടുവരുന്നത്' എന്നും പോസ്റ്റിൽ കാണാം.
അതേസമയം, പോസ്റ്റ് ശ്രദ്ധിക്കപ്പെട്ടതോടെ കമ്പനിയുടെ റിക്രൂട്ട്‌മെന്റ് രീതികളെയും തൊഴിൽ സംസ്കാരത്തെയും വിമർശിച്ച് നിരവധി പേർ രംഗത്തെത്തി. റീലൊക്കേഷൻ ആവശ്യപ്പെടുന്ന കമ്പനി അതിനുള്ള ധനസഹായം നൽകുന്നുണ്ടോ എന്ന് പലരും അന്വേഷിച്ചു. അത് മാത്രമല്ല, എങ്ങനെയാണ് അസസ്മെന്റ് നൽകിയത്? എങ്ങനെയായിരുന്നു റിക്രൂട്ടിംഗ് പ്രോസസ് തുടങ്ങിയ ചോദ്യങ്ങളും പലരും കമന്റ് ബോക്സിൽ ചോദിച്ചിട്ടുണ്ട്. അതുപോലെ, ഇന്റേണുകൾക്കുള്ള പേയ്‍മെന്റിനെ കുറിച്ചും ആളുകൾ സംശയമുന്നയിച്ചു.