
രാജസ്ഥാനിലെ വർഷാവർഷം നടക്കുന്ന പുഷ്‌കർ മേളയിൽ ഇത്തവണ ശ്രദ്ധാകേന്ദ്രമാകുന്നത് ഞെട്ടിക്കുന്ന വിലയുള്ള മൃഗങ്ങളാണ്. മേളയിലെ പ്രധാന വിഐപികളിൽ ഒന്ന് ഛണ്ഡീഗഡിൽ നിന്നുള്ള ഷാഹ്ബാസ് എന്ന കുതിരയാണ്. ഇതിന് കണക്കാക്കിയിരിക്കുന്ന വില 15 കോടിയാണ്. ഇതിലും അമ്പരപ്പിക്കുന്നതാണ് രാജസ്ഥാനിൽ നിന്നുള്ള അൻമോൽ എന്ന പോത്ത്. ഈ പോത്തിന് കണക്കാക്കിയിരിക്കുന്ന മൂല്യം 23 കോടി വരെയാണെന്നാണ് റിപ്പോർട്ടുകൾ. ഇത് മേളയുടെ ചരിത്രത്തിലെ ഏറ്റവും വിലയേറിയ മൃഗമാകാനാണ് സാധ്യത.
ഗാരി ഗിൽ എന്നയാളുടെ ഉടമസ്ഥതയിലുള്ള, രണ്ടര വയസ്സുള്ള മാർവാരി കുതിരയാണ് ഷാഹ്ബാസ്. ഈ കുതിര ഇതിനകം നിരവധി മത്സരങ്ങളിൽ വിജയിക്കുകയും ചെയ്തിട്ടുണ്ട്. 9 കോടി വരെ ഇതുവരെ ആളുകൾ വാഗ്ദാനം ചെയ്തെങ്കിലും, ഉടമയായ ഗിൽ 15 കോടിയിൽ ഉറച്ചുനിൽക്കുകയാണ്. അതേസമയം, അൻമോൽ എന്ന പോത്തിനെ അതിന്റെ ഉടമ വളർത്തുന്നത് രാജകീയമായിട്ടാണ് എന്നാണ് പറയുന്നത്. ദിവസവും പാലും, നാടൻ നെയ്യും, ഉണങ്ങിയ പഴങ്ങളുമാണ് ഭക്ഷണം.
പുഷ്‌കർ മേളയിലെ ശ്രദ്ധേയനായ മറ്റൊരു താരമാണ് ബാദൽ എന്ന കുതിര. ഇത് മൂന്നാം തവണയാണ് ബാദലിനെ മേളയിൽ എത്തിക്കുന്നത്. ഈ കുതിര ഇതിനോടകം 285 കുതിരക്കുട്ടികളുടെ പിതാവാണ്. മേളയിൽ ബാദലിന്റ ഉടമയ്ക്ക് വാഗ്ദ്ധാനം ചെയ്ത ഏറ്റവും ഉയർന്ന പണം 11 കോടി രൂപയാണ്. എങ്കിലും, ഉടമ ബാദലിനെ വിൽക്കാൻ അദ്ദേഹം. ഈ വർഷം ഒക്ടോബർ 23 -ന് ആരംഭിച്ച മേള നവംബർ 7 വരെ നീണ്ടുനിൽക്കും, ആയിരക്കണക്കിന് സന്ദർശകരാണ് ഓരോ ദിവസവും ഇവിടേക്ക് എത്തുന്നത്.