
നമ്മുടെ നാട്ടിൽ ഏതെങ്കിലും സ്കൂളിൽ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ഒരുപോലെയുള്ള യൂണിഫോം ആക്കിയാൽ തന്നെ പിന്നാലെ വൻ ചർച്ചയാണ്. അതിനെ പിന്തുണച്ചും വിമർശിച്ചും അനേകം പേർ മുന്നോട്ട് വരും. എന്നാൽ, സറേയിൽ ഒരു 15 -കാരൻ സ്കൂൾ യൂണിഫോമായി മിനി സ്കേർട്ട് ധരിച്ച് പോയതിന് വലിയ സ്വീകരണം ലഭിക്കുകയാണ്. ജോ സ്ട്രാറ്റൺ എന്ന വിദ്യാർത്ഥിയാണ് സ്കൂളിലേക്ക് പെൺകുട്ടികൾ സാധാരണയായി ധരിച്ച് എത്താറുള്ള പാവാടയും ഷർട്ടും ധരിച്ച് എത്തിയത്.
സറേയിൽ സപ്‍തംബർ കടുത്ത ചൂടാണ്. കഠിനമായ ചൂടിനെ തുടർന്ന് സ്കൂളുകളുടെ യൂണിഫോമിലും വ്യത്യാസം വരും. നീണ്ട കാലം തുടരുന്ന ഈ ചൂടുകാലത്ത് അതിന് അനുയോജ്യമായ തരത്തിലാണ് യൂണിഫോമിൽ സ്കൂളുകൾ മാറ്റം വരുത്തുന്നത്. അതുപോലെ ജോ പഠിക്കുന്ന സ്കൂളിലും മാറ്റം വരുത്തി. എന്നാൽ, രണ്ട് തരത്തിലുള്ള വസ്ത്രങ്ങളായിരുന്നു അനുവദനീയം. ഒന്നുകിൽ ട്രൗസറും ഷർട്ടും ആയിരിക്കണം അല്ലെങ്കിൽ സ്കർട്ടും ഷർട്ടും ആയിരിക്കണം. ഷോർട്ട്‍സ് അവിടെ അനുവദനീയമായിരുന്നില്ല. ഇതേ തുടർന്നാണ് ജോ ചെറിയ പാവാടയും ഷർട്ടുമായി സ്കൂളിൽ എത്തിയത്.
എന്നാൽ, ഈ വേഷത്തിൽ എത്തിയ അവനെ ആരും പരിഹസിച്ചില്ല. മറിച്ച്, ലെജന്റ് എന്നാണ് അവനെ എല്ലാവരും വിശേഷിപ്പിച്ചത്. സ്കൂളിൽ അധ്യാപകരോ മറ്റ് വിദ്യാർത്ഥികളോ തന്നെ കളിയാക്കുകയോ വിമർശിക്കുകയോ ചെയ്തില്ല എന്നും ജോ പറയുന്നു. പലരും തന്റെ വസ്ത്രത്തിൽ എന്തെങ്കിലും പ്രത്യേകതയുണ്ട് എന്നത് പോലും കാര്യമാക്കിയില്ല എന്നും അവൻ പറഞ്ഞു.
അതേസയമം, തന്റെ മകൻ ഒരു ലെജന്റ് ആണ് എന്നും അവനെ കുറിച്ചോര്‍ത്ത് അഭിമാനം തോന്നുന്നു എന്നുമാണ് ജോയുടെ നടപടിയെ കുറിച്ച് അവന്റെ അച്ഛൻ പറഞ്ഞത്.