
കമ്പനിയിൽ അഴിച്ചുപണി, ഒറ്റരാത്രി കൊണ്ട് ജോലി നഷ്ടപ്പെട്ടത് 150 ഓളം ഐടി പ്രൊഫഷണലുകൾക്ക്. 'ഒരു മീറ്റിംഗ്, അതോടെ എല്ലാം കഴിഞ്ഞു' എന്നാണ് കമ്പനിയിൽ പെട്ടെന്നുണ്ടായ പിരിച്ചുവിടലിനെക്കുറിച്ച് സോഫ്റ്റ്‌വെയർ എഞ്ചിനീയർ സോഷ്യൽ മീഡിയയിൽ കുറിച്ചിരിക്കുന്നത്. യാതൊരു മുന്നറിയിപ്പുമില്ലാതെ, രാത്രി 9 മണിക്ക് വിളിച്ചുചേർത്ത മൈക്രോസോഫ്റ്റ് ടീംസ് കോളിലൂടെയാണ് ഇന്ത്യയിലെ എഞ്ചിനീയറിംഗ് ടീമിനെ ഈ തീരുമാനം അറിയിച്ചത്. കമ്പനി ഇന്ത്യയിലെ പ്രവർത്തനങ്ങൾ അവസാനിപ്പിക്കുകയും ജീവനക്കാരെ പിരിച്ചുവിടുകയുമാണുണ്ടായത് എന്ന് റെഡ്ഡിറ്റിൽ യുവാവ് കുറിച്ചു.
ഈ കമ്പനിയിൽ ഇന്റേണായി ചേരുകയും പിന്നീട് ഫുൾ ടൈം ജീവനക്കാരനാവുകയും ചെയ്ത യുവാവാണ് പോസ്റ്റ് പങ്കുവെച്ചത്. 'ഞാൻ ഒരു സോഫ്റ്റ്‌വെയർ എഞ്ചിനീയറിംഗ് ഇന്റേണായിട്ടാണ് ചേർന്നത്, 7 മാസത്തോളം അവിടെ ജോലി ചെയ്തു, ഭാഗ്യവശാൽ ഒരു ഫുൾ ടൈം സോഫ്റ്റ്‌വെയർ എഞ്ചിനീയറായി മാറി. ഒരു ഫുൾ സ്റ്റാക്ക് ഡെവലപ്പറായി ഞാൻ ഈ കമ്പനിയിൽ ഏകദേശം 1.8 വർഷം ജോലി ചെയ്തു' എന്ന് പോസ്റ്റിൽ പറയുന്നു.
മറ്റ് കമ്പനികളിൽ നിന്ന് വ്യത്യസ്തമായി, ഈ സ്ഥാപനം തങ്ങൾക്ക് സെവറൻസ് പാക്കേജ് പോലും നൽകിയില്ലെന്ന് ടെക്കി ആരോപിക്കുന്നു. 'അവിടെ സെവറൻസോ ലേഓഫ് പാക്കേജോ ഇല്ലായിരുന്നു എന്നത് കാര്യങ്ങൾ കൂടുതൽ കഠിനമാക്കി. ഒരു മീറ്റിംഗ്, അതോടെ എല്ലാം കഴിഞ്ഞു' എന്നാണ് യുവാവ് പറയുന്നത്. പിരിച്ചുവിടൽ വലിയ ആഘാതമായിരുന്നെങ്കിലും, ഈ സ്ഥാപനത്തിൽ നിന്ന് പഠിക്കാൻ കഴിഞ്ഞ കാര്യങ്ങൾക്കും മികച്ച സഹപ്രവർത്തകർക്കൊപ്പം പ്രവർത്തിക്കാൻ ലഭിച്ച അവസരത്തിനും താൻ നന്ദിയുള്ളവനാണെന്നും ഇയാൾ കൂട്ടിച്ചേർത്തു.
നേരത്തെ ഇതുപോലെ പിരിച്ചുവിട്ടിട്ടുള്ളവർ എങ്ങനെയാണ് ജോലി അന്വേഷിച്ചത് എന്നും ഇന്റർവ്യൂവിന് തയ്യാറെടുക്കാൻ ഉപദേശം കിട്ടിയാൽ നന്നായിരിക്കുമെന്നും യുവാവ് പോസ്റ്റിൽ പറയുന്നു. നിരവധിപ്പേരാണ് പോസ്റ്റിന് കമന്റുകൾ നൽകിയത്. സെവറൻസ് പേ നൽകാതെ ആളുകളെ പിരിച്ചുവിടുന്നതിനെ നിരവധിപ്പേരാണ് വിമർശിച്ചത്. ഒപ്പം എങ്ങനെ ജോലി കണ്ടെത്താമെന്ന നിർദ്ദേശവും പലരും പങ്കുവച്ചു.