'എഐ റെയ്ജ് ബെയ്റ്റർ' എന്ന് സ്വയം വിശേഷിപ്പിക്കുന്ന ക്വോണ്ടെ ഡെവൺ പ്രിംഗിൾ എന്നയാൾ എഐ ഉപയോഗിച്ച് വ്യാജ കഥകളും ചിത്രങ്ങളും നിർമ്മിച്ച് പ്രതിമാസം ലക്ഷങ്ങൾ സമ്പാദിക്കുന്നതായി വെളിപ്പെടുത്തി. സ്കൂളിൽ പാവാട ധരിച്ചെത്തിയ കുട്ടിയെക്കുറിച്ചുള്ള ഇയാളുടെ ഒരു വ്യാജ പോസ്റ്റ് വൈറലായിരുന്നു.
എഐ ഉപയോഗിച്ച് നിർമ്മിച്ച വ്യാജ കഥകളും പ്രകോപനപരമായ ചിത്രങ്ങളും പോസ്റ്റ് ചെയ്ത് പ്രതിമാസം 16.2 ലക്ഷം രൂപയിലധികം സമ്പാദിക്കുന്നെന്ന അവകാശവാദവുമായി 'എഐ റെയ്ജ് ബെയ്റ്റർ'. ആളുകളെ പ്രകോപിപ്പിച്ച് പ്രതികരണങ്ങൾ നേടുന്ന പോസ്റ്റുകൾ ഇടുന്നയാളുകളെയാണ് 'എഐ റെയ്ജ് ബെയ്റ്റർ' (AI rage baiter) എന്ന് വിശേഷിപ്പിക്കുന്നത്. മിസിസിപ്പിയിൽ നിന്നുള്ള 26 വയസ്സുകാരനായ ക്വോണ്ടെ ഡെവൺ പ്രിംഗിൾ എന്ന ഡിജിറ്റൽ ക്രിയേറ്ററാണ് ഈ വെളിപ്പെടുത്തൽ നടത്തിയത്.
'ഏഴ് വയുസുകാരൻ എന്ത് വസ്ത്രം ധരിക്കണം?'
ഒരു സ്കൂൾ അധികൃതർ തന്‍റെ മകന്‍റെ വസ്ത്രധാരണത്തെ എതിർത്തുവെന്ന് ആരോപിക്കുന്ന ഒരു അമ്മയുടെ വ്യാജ കുറിപ്പാണ് ഇയാൾ അടുത്തിടെ പങ്കുവെച്ചത്. 8.2 ദശലക്ഷത്തിലധികം ആളുകൾ കണ്ട ഈ പോസ്റ്റിൽ, സ്കൂൾ യൂണിഫോമിനൊപ്പം പ്ലീറ്റഡ് സ്കേർട്ട് ധരിച്ച കെവിൻ എന്ന 7 വയസ്സുകാരന്‍റെ ചിത്രമാണ് പ്രിംഗിൾ പങ്കുവെച്ചത്. ആളുകളെ തെറ്റിദ്ധരിപ്പിക്കാനായി ഇയാൾ സോഷ്യൽ മീഡിയയിൽ കുറിച്ചത് ഇങ്ങനെയായിരുന്നു. "ഇത് പോസ്റ്റ് ചെയ്യണം എന്ന് വിചാരിച്ചതല്ല, പക്ഷേ എന്‍റെ മകനോട് കാണിക്കുന്ന വിവേചനം കണ്ട് മടുത്തു! എന്‍റെ 7 വയസ്സുള്ള മകൻ ഇന്ന് രണ്ടാം ക്ലാസിലേക്ക് ഒരു പുതിയ എലിമെന്‍റി സ്കൂളിൽ പഠനം ആരംഭിച്ചു. മികച്ച അഭിപ്രായങ്ങൾ കേട്ടതുകൊണ്ട് വളരെ സന്തോഷത്തോടെയാണ് അവൻ സ്കൂളിലേക്ക് പോയത്. എന്നാൽ, ഞങ്ങൾക്ക് തെറ്റി. അവൻ അനുയോജ്യമല്ലാത്ത വസ്ത്രം ധരിച്ചാണ് വന്നതെന്നും അതിനാൽ എത്രയും പെട്ടെന്ന് വന്ന് കുട്ടിയെ കൂട്ടിക്കൊണ്ട് പോകണമെന്നും പറഞ്ഞ് എനിക്കൊരു ടെക്സ്റ്റ് മെസ്സേജ് വന്നു. " പോസ്റ്റിൽ പറയുന്നു.
വൈറലായി, പിന്നാലെ ചർച്ചയും, പക്ഷേ എല്ലാം വ്യാജം
കുറിപ്പും ചിത്രവും സമൂഹ മാധ്യമങ്ങളിൽ വൈറലാവുകയും പിന്നാലെ കുട്ടികൾ സ്കൂളിൽ പോകുമ്പോൾ എന്തുതരം വസ്ത്രങ്ങൾ ധരിക്കണം എന്നതിനെച്ചൊല്ലി സമൂഹ മാധ്യമങ്ങളിൽ കടുത്ത തർക്കങ്ങൾ ഉയർന്നു. എന്നാൽ, കെവിൻ എന്ന കുട്ടിയും അവന്‍റെ അമ്മയും ഈ സംഭവവും പൂർണ്ണമായും എഐ ഉപയോഗിച്ച് പ്രിംഗിൾ സ്വയം സൃഷ്ടിച്ചെടുത്തതായിരുന്നു. 'സായ വെലോർ' എന്ന വ്യാജ ഫേസ്ബുക്ക് ഐഡിയിൽ നിന്നാണ് ഈ വൈറൽ പോസ്റ്റ് പങ്കുവെച്ചതെന്നും, ഇത് ഉണ്ടാക്കി പോസ്റ്റ് ചെയ്യാൻ വെറും 10 മിനിറ്റ് മാത്രമേ എടുത്തുള്ളൂവെന്നും ന്യൂയോർക്ക് പോസ്റ്റിന് നൽകിയ അഭിമുഖത്തിൽ പ്രിംഗിൾ പറഞ്ഞു.
ലാഭം കൊയ്യുന്ന വ്യാജന്മാർ
"യഥാർത്ഥത്തിൽ നിലവിലില്ലാത്ത ഒരു ആൺകുട്ടിയെക്കുറിച്ചുള്ള കഥ ഇന്‍റർനെറ്റിൽ ഇത്രയും വലിയ ചർച്ചയായി മാറിയത് അത്ഭുതപ്പെടുത്തുന്നു," പ്രിംഗിൾ പറഞ്ഞു. "എഐ സാങ്കേതികവിദ്യ എത്രത്തോളം വളർന്നുവെന്നും, സാധാരണക്കാർക്ക് ഇത് തിരിച്ചറിയാൻ എത്രമാത്രം ബുദ്ധിമുട്ടാണെന്നും ഇത് വ്യക്തമാക്കുന്നു." ഈ ഒറ്റ പോസ്റ്റിൽ നിന്ന് മാത്രം ഏകദേശം 2.6 ലക്ഷം രൂപ ($2,800) ലഭിച്ചതായാണ് പ്രിംഗിൾ അവകാശപ്പെടുന്നത്. പ്രതിമാസം 17,000 ഡോളർ വരെ വരുമാനം നൽകുന്ന അഞ്ച് വ്യത്യസ്ത ഫേസ്ബുക്ക് അക്കൗണ്ടുകൾ താൻ നടത്തുന്നുണ്ടെന്നും ഇയാൾ വെളിപ്പെടുത്തി. സോഷ്യൽ മീഡിയയിലൂടെ ആളുകളുടെ വികാരങ്ങളെ നിയന്ത്രിക്കുന്നത് താൻ ആസ്വദിക്കുന്നുണ്ടെന്നും എന്നാൽ, ആരെയും വഞ്ചിക്കാനോ ഉപദ്രവിക്കാനോ ഉള്ള ഉദ്ദേശ്യത്തോടെയല്ല ഇത് ചെയ്യുന്നതെന്നും പ്രിംഗിൾ കൂട്ടിച്ചേർത്തു.
സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലെ വരുമാന സാധ്യതകളെ ദുരുപയോഗം ചെയ്യുന്ന ഒരേയൊരു വ്യക്തി പ്രിംഗിൾ മാത്രമല്ല. കഴിഞ്ഞ ആഴ്ച, എഐ നിർമ്മിത വ്യാജ പോസ്റ്റുകൾ വർദ്ധിച്ചതിനെ തുടർന്ന് എക്സ് തങ്ങളുടെ റെവന്യൂ ഷെയർ പ്രോഗ്രാം റദ്ദാക്കിയിരുന്നു. ഇതിന് പകരമായി യഥാർത്ഥ ഉള്ളടക്കങ്ങൾ നിർമ്മിക്കുന്ന ക്രിയേറ്റർമാർക്കായി പുതിയ റിവാർഡ് പ്രോഗ്രാം കൊണ്ടുവരുമെന്ന് ഇലോൺ മസ്കിന്‍റെ ഉടമസ്ഥതയിലുള്ള പ്ലാറ്റ്‌ഫോം അറിയിച്ചു.


