
ദീപങ്ങളുടെ ആഘോഷമാണ് ദീപാവലി. ദീപാവലി ആഘോഷവുമായി ബന്ധപ്പെട്ട് നിരവധി ഐതിഹ്യങ്ങൾ ഉണ്ടെങ്കിലും അവയിൽ ഏറ്റവും പ്രധാനപ്പെട്ട ഒരു ഐതിഹ്യം ശ്രീരാമനുമായി ബന്ധപ്പെട്ടതാണ്. 14 വർഷത്തെ വനവാസത്തിനുശേഷം ശ്രീരാമൻ അയോധ്യയിൽ തിരിച്ചെത്തിയതിന്റെ ആഘോഷമാണ് ദീപാവലി എന്നാണ് ഒരു വിശ്വാസം. ശ്രീകൃഷ്ണൻ നരകാസുരനെ വധിച്ചതിന്റെ ആഘോഷമായും ദീപാവലിയെ വിശേഷിപ്പിക്കാറുണ്ട്.
വീടുകൾ ദീപങ്ങൾ കൊണ്ട് മനോഹരമായി അലങ്കരിച്ചും മധുരപലഹാരങ്ങൾ പരസ്പരം പങ്കുവെച്ചും പടക്കം പൊട്ടിച്ചും ഒക്കെയാണ് നമ്മൾ ദീപാവലി ആഘോഷിക്കുന്നത്. ദീപാവലി ദിനത്തിൽ 1,576,955 എണ്ണ വിളക്കുകൾ തെളിയിച്ച ഉത്തർപ്രദേശ് ടൂറിസം വകുപ്പ് ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടം നേടിയിരിക്കുകയാണ്. ഗിന്നസ് വേൾഡ് റെക്കോർഡ്സും തങ്ങളുടെ ഔദ്യോഗിക സോഷ്യൽ മീഡിയ പേജിൽ ഈ വിവരം പങ്കു വച്ചിട്ടുണ്ട്.
അയോധ്യയിലെ റാം കി പൈഡി പുണ്യസ്ഥലത്ത് 1,576,955 ദീപങ്ങൾ തെളിയിച്ചാണ് ഉത്തർപ്രദേശ് ടൂറിസം വകുപ്പ് ഏറ്റവും കൂടുതൽ എണ്ണ വിളക്കുകൾ പ്രദർശിപ്പിച്ചതിന്റെ ഗിന്നസ് വേൾഡ് റെക്കോർഡ്സ് നേടി എടുത്തത്. കോട്ടൺ തിരിയുള്ള കളിമൺ വിളക്കുകൾ എണ്ണയൊഴിച്ചാണ് തെളിയിച്ചത്. ഞായറാഴ്ച രാത്രിയാണ് വിളക്കുകൾ തെളിയിച്ചത്. 2021-ൽ 941,551 വിളക്കുകൾ തെളിയിച്ച് സ്വന്തമാക്കിയ റെക്കോർഡ് ആണ് ഇത്തവണ 1,576,955 വിളക്കുകൾ തെളിയിച്ച് ഉത്തർപ്രദേശ് തിരുത്തിക്കുറിച്ചത്.
ഈ മഹനീയ മുഹൂർത്തത്തിന് സാക്ഷിയാകാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും എത്തിയിരുന്നു. സരയൂ തീരത്ത് ആയിരക്കണക്കിന് ജനങ്ങളാണ് ചടങ്ങിന് സാക്ഷ്യം വഹിക്കാനായി തടിച്ചു കൂടിയത്. ദീപാവലി ആഘോഷങ്ങൾക്ക് ശേഷം നടന്ന ചടങ്ങിൽ ഉത്തരപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഗിന്നസ് വേൾഡ് റെക്കോർഡ് സർട്ടിഫിക്കറ്റ് നൽകി.