18 -കാരി പിറന്നാൾ ദിനത്തിൽ എടുത്ത ലോട്ടറി അടിച്ചു, കിട്ടിയത് 290 കോടി, വാങ്ങിയത് അഞ്ച് മെഴ്സിഡസ് കാർ, വിമാനം

Published : Feb 08, 2023, 12:35 PM IST
18 -കാരി പിറന്നാൾ ദിനത്തിൽ എടുത്ത ലോട്ടറി അടിച്ചു, കിട്ടിയത് 290 കോടി, വാങ്ങിയത് അഞ്ച് മെഴ്സിഡസ് കാർ, വിമാനം

Synopsis

ഏതായാലും കിട്ടിയ പണം ഉപയോഗിച്ച് ഈ പെൺകുട്ടി അഞ്ച് മെഴ്സിഡസ് കാറുകളും സ്വന്തമായി ഒരു വിമാനവും വാങ്ങി. ബാക്കി തുകയിൽ ഒരു വിഹിതം ഉപയോഗിച്ച് ലണ്ടനിൽ വലിയൊരു ബംഗ്ലാവും അവൾ സ്വന്തമാക്കി.

ഭാഗ്യം തേടി വരുന്നത് ഏതു വഴിക്കാണ് പറയാൻ കഴിയില്ല എന്ന് പലപ്പോഴും നമ്മൾ പറയാറുണ്ട്. അക്ഷരാർത്ഥത്തിൽ അത്തരത്തിൽ ഒരു മഹാഭാഗ്യമാണ് കാനഡയിലെ ഒന്റാറിയോ സ്വദേശിയായ 18 -കാരിയായ പെൺകുട്ടിയെ തേടിയെത്തിയത്. പിറന്നാൾ ദിനത്തിൽ മുത്തച്ഛൻറെ നിർബന്ധത്തെ തുടർന്ന് പെൺകുട്ടി എടുത്ത ലോട്ടറിക്ക് സമ്മാനം അടിച്ചത് 48 മില്യൺ കനേഡിയൻ ഡോളർ. അതായത് ഇന്ത്യൻ രൂപയിൽ 290 കോടി. 

നിനച്ചിരിക്കാത്തപ്പോൾ തേടിയെത്തിയ മഹാഭാഗ്യത്തിന്റെ ഞെട്ടിലിലാണ് ഇപ്പോഴും ഈ പെൺകുട്ടിയും അവളുടെ വീട്ടുകാരും. കഴിഞ്ഞ ജനുവരി 7 -ന് ആയിരുന്നു ജൂലിയറ്റിന്റെ പതിനെട്ടാം ജന്മദിനാഘോഷം. ജന്മദിനത്തിൽ നിരവധിപേർ അവൾക്ക് സമ്മാനങ്ങൾ നൽകിയെങ്കിലും അവളുടെ മുത്തശ്ശൻ മാത്രം സമ്മാനം ഒന്നും നൽകിയില്ല. പകരം ചെറിയൊരു തുക അവൾക്കു നൽകിക്കൊണ്ട് അദ്ദേഹം പറഞ്ഞു: ഈ തുക ഉപയോഗിച്ച് ഇതുവരെ ഒരു ജന്മദിനത്തിലും നിനക്ക് സമ്മാനമായി കിട്ടിയിട്ടില്ലാത്ത എന്തെങ്കിലും വാങ്ങിക്കൊള്ളുക. പക്ഷേ, എന്തു വാങ്ങണം എന്നുള്ള ആശയക്കുഴപ്പത്തിലായി ജൂലിയറ്റ്. അപ്പോഴും സഹായത്തിനായി മുത്തശ്ശൻ തന്നെ എത്തി. പണം ഉപയോഗിച്ച് ഒരു ലോട്ടറി ടിക്കറ്റ് വാങ്ങാൻ അദ്ദേഹം അവളെ ഉപദേശിച്ചു. അങ്ങനെ, അച്ഛൻറെ സഹായത്തോടെ അടുത്തുള്ള ഒരു കടയിൽ നിന്നും ജൂലിയറ്റ് ഒരു ലോട്ടറി ടിക്കറ്റ് വാങ്ങി. 

പക്ഷേ, പിന്നീട് അവൾ ലോട്ടറി ടിക്കറ്റ് വാങ്ങിയ കാര്യമേ മറന്നു പോയി. അങ്ങനെയിരിക്കയാണ് ഏതാനും ദിവസങ്ങൾ കഴിഞ്ഞ്  തന്റെ ജോലിസ്ഥലത്ത് വെച്ച് പരിചയത്തിലുള്ള ഒരു സ്ത്രീക്ക് ലോട്ടറി ടിക്കറ്റിന് സമ്മാനമായി ചെറിയൊരു തുക ലഭിച്ച വിവരം അവൾ അറിഞ്ഞത്. അപ്പോഴാണ്  തന്റെ ലോട്ടറി ടിക്കറ്റ് ഇതുവരെ നോക്കിയിട്ടില്ലല്ലോ എന്ന കാര്യം ജൂലിയറ്റ് ഓർത്തത്. ഉടൻതന്നെ അവൾ മൊബൈലിൽ  ലോട്ടറി ടിക്കറ്റ് ഫലം പരിശോധിച്ചു. റിസൾട്ട് കണ്ട ജൂലിയറ്റ് ഞെട്ടി. താൻ എടുത്ത ലോട്ടറി ടിക്കറ്റിന് സമ്മാനമായി ലഭിച്ചിരിക്കുന്നത് 43 മില്യൺ കനേഡിയൻ ഡോളർ. അവളപ്പോൾ തന്നെ ആ വിവരം ഓഫീസിലുള്ള തന്റെ സുഹൃത്തുക്കളുമായി പങ്കുവെച്ചു. അവരിൽ പലരും ജോലി ഉപേക്ഷിച്ചു അപ്പോൾ തന്നെ വീട്ടിലേക്ക് പോകാൻ അവളെ നിർബന്ധിച്ചു. ജൂലിയറ്റ് ഉടൻ തന്നെ വിവരം അവളുടെ വീട്ടിലും വിളിച്ചറിയിച്ചു. എന്നാൽ, ഇപ്പോൾ തന്നെ മടങ്ങിവരരുതെന്നും ചെയ്തുതീർക്കാനുള്ള ജോലി മുഴുവൻ ചെയ്തു തീർത്തതിനു ശേഷം മടങ്ങി വന്നാൽ മതിയെന്നും അമ്മ അവളെ ഉപദേശിച്ചു.

ഏതായാലും കിട്ടിയ പണം ഉപയോഗിച്ച് ഈ പെൺകുട്ടി അഞ്ച് മെഴ്സിഡസ് കാറുകളും സ്വന്തമായി ഒരു വിമാനവും വാങ്ങി. ബാക്കി തുകയിൽ ഒരു വിഹിതം ഉപയോഗിച്ച് ലണ്ടനിൽ വലിയൊരു ബംഗ്ലാവും അവൾ സ്വന്തമാക്കി. ശേഷിച്ച നൂറ്റമ്പത് കോടിയോളം രൂപ തന്റെയും കുടുംബത്തിന്റെയും ഭാവിജീവിതത്തിനായി അവൾ മാറ്റിവെച്ചു. കുട്ടിക്കാലം മുതൽ ഡോക്ടർ ആകണമെന്നായിരുന്നു ജൂലിയറ്റിന്റെ ആഗ്രഹം. എന്നാൽ, വീട്ടിലെ സാമ്പത്തിക ബുദ്ധിമുട്ടുകൾ കാരണം ആ സ്വപ്നം തൽക്കാലത്തേക്ക് മാറ്റി വെച്ചാണ് അവൾ ജോലിക്ക് പോയി തുടങ്ങിയത്. ഇനി തന്റെ ആഗ്രഹം പോലെ ഡോക്ടർ പഠനം പൂർത്തിയാക്കണമെന്നാണ് ജൂലിയറ്റ് തീരുമാനിച്ചിരിക്കുന്നത്. ഒപ്പം പഠനപൂർത്തിയാക്കി ജോലി സമ്പാദിച്ചതിനു ശേഷം കുടുംബത്തോടൊപ്പം ഒരു ലോകസഞ്ചാരവും.

PREV
Read more Articles on
click me!

Recommended Stories

മരിച്ചുപോയ മകന്‍റെ ചിത്രം കൈലാസ പര്‍വതത്തില്‍ വയ്ക്കണം, ഒരമ്മയുടെ ആഗ്രഹം, അപരിചിതനായ യുവാവ് ചെയ്തത്
ഒരു സംശയവും തോന്നിയില്ല, 20 വർഷം ചവിട്ടുപടിയായി ഉപയോ​ഗിച്ചു, കല്ലുകൾ ശരിക്കും എന്താണെന്നറിഞ്ഞപ്പോൾ ഞെട്ടി സഹോദരന്മാർ