യുഎസ് ഗവര്‍ണറെ തട്ടിക്കൊണ്ടുപോവാന്‍ ശ്രമിച്ച കേസ്: ട്രംപ് അനുകൂലികളായ പ്രതികളെ വെറുതെവിട്ടു

By Web TeamFirst Published Apr 9, 2022, 4:53 PM IST
Highlights

 ഗവര്‍ണറെ തട്ടിക്കൊണ്ടുപോയി രാജ്യദ്രോഹകുറ്റത്തിന് വിചാരണ ചെയ്യാന്‍ വലതുപക്ഷ സായുധ സംഘം ശ്രമം നടത്തിയെന്ന കേസിലാണ് സുപ്രധാനമായ വിധിയെന്ന് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു.  

മുന്‍ പ്രസിഡന്റ് ഡൊണാല്‍ഡ് ട്രംപിന്റെ കടുത്ത വിമര്‍ശകയായിരുന്ന മിഷിഗണ്‍ ഗവര്‍ണറെ തട്ടിക്കൊണ്ടുപോവാന്‍ ശ്രമിച്ച കേസിലെ മുഖ്യ പ്രതികളെ വെറുതെവിട്ടു. എന്നാല്‍, മറ്റ് രണ്ട് പ്രതികളുടെ കാര്യത്തില്‍, കോടതി തീരുമാനത്തില്‍ എത്തിയില്ല. ഗവര്‍ണറെ തട്ടിക്കൊണ്ടുപോയി രാജ്യദ്രോഹകുറ്റത്തിന് വിചാരണ ചെയ്യാന്‍ വലതുപക്ഷ സായുധ സംഘം ശ്രമം നടത്തിയെന്ന കേസിലാണ് സുപ്രധാനമായ വിധിയെന്ന് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു.  

ട്രംപ് അനുകൂലികളായ ബ്രാന്‍ഡന്‍ കസെര്‍ത,  ഡാനിയല്‍ ഹാരിസ്, ആഡം ഫോക്‌സ്, ബാരി ക്രോഫ്റ്റ് എന്നിവരായിരുന്നു കേസിലെ മുഖ്യപ്രതികള്‍. ഇവരില്‍ ബ്രാന്‍ഡന്‍ കസെര്‍ത,  ഡാനിയല്‍ ഹാരിസ് എന്നിവരെയാണ് കോടതി വെറുതെവിട്ടത്. മറ്റു രണ്ട് പ്രതികളുടെ കാര്യത്തില്‍ കോടതി തീരുമാനമായില്ല.  രണ്ടാഴ്ചയായി നടക്കുന്ന വിചാരണക്കൊടുവിലാണ് രണ്ട് പ്രതികളെ വിട്ടയക്കാന്‍ മിഷിഗണിലെ ഗ്രാന്‍ഡ് റാപിഡ്‌സ് കോടതി വിധിച്ചത്. എന്നാല്‍, യു എസ് ഡിസ്ട്രിക്ട് ജഡ്ജ് റോബര്‍ട്ട് ജോന്‍കറിന്റെ നേതൃത്വത്തിലുള്ള ജൂറി മറ്റ് രണ്ട് പ്രതികളുടെ കാര്യത്തില്‍ ഏകാഭിപ്രായത്തില്‍ എത്തിയില്ല. 

2020-ലാണ് കേസിനാസ്പദമായ സംഭവം. ഡെമോക്രാറ്റ് നേതാവു കൂടിയായ മിഷിഗണ്‍ ഗവര്‍ണര്‍ ഗ്രെച്ചന്‍ വിറ്റ്‌മെറെ തട്ടിക്കൊണ്ടുപോയി വിചാരണ ചെയ്യാന്‍ ശ്രമിച്ചെന്നതാണ് കേസ്. സംഭവത്തില്‍ 13 പേരാണ് എഫ് ബി ഐയുടെ പിടിയിലായത്. ട്രംപിനെ അനുകൂലിക്കുന്ന വലതുപക്ഷ സായുധ സംഘത്തില്‍ പെട്ടവരാണ് അറസ്റ്റിലായതെന്നാണ് കുറ്റപത്രത്തില്‍ പറഞ്ഞിരുന്നത്.  രാജ്യത്ത് ആഭ്യന്തര യുദ്ധം സൃഷ്ടിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് തട്ടിക്കൊണ്ടുപോവല്‍ ശ്രമമെന്നായിരുന്നു സര്‍ക്കാര്‍ അറ്റോര്‍ണി കോടതിയില്‍ നല്‍കിയ സത്യവാങ്മൂലം. അതിനിടെ, ട്രംപിന്റെ പിന്തുണയോടെയാണ് സംഘം പ്രവര്‍ത്തിക്കുന്നതെന്ന് ഗവര്‍ണര്‍ വിറ്റ്മര്‍ വാര്‍ത്താ കുറിപ്പില്‍ പറഞ്ഞിരുന്നു. 

കൊവിഡ് രോഗം കൈകാര്യം ചെയ്യുന്നതില്‍ ട്രംപ് ഭരണത്തിന് വീഴ്ചയുണ്ടെന്ന് പരസ്യമായി വിമര്‍ശിച്ച നേതാവാണ് ഗവര്‍ണര്‍ വിറ്റ്മര്‍. ലോക്ക്ഡൗണ്‍ അടക്കം കൊവിഡിനെ നേരിടാന്‍ മിഷിഗണ്‍ ഭരണകൂടം മുന്നോട്ടുവെച്ച പദ്ധതികള്‍ക്കെതിരെ വലതുപക്ഷ സായുധ സംഘങ്ങള്‍ പരസ്യമായി രംഗത്തുവന്നിരുന്നു. രാജ്യത്തെ നശിപ്പിക്കുന്ന പദ്ധതികളാണ് മിഷിഗണില്‍ നടപ്പാക്കുന്നത് എന്നാരോപിച്ച് ഇത്തരം സംഘടനകള്‍ തെരുവിലിറങ്ങുകയും പൊലീസുമായി ഏറ്റുമുട്ടുകയും ചെയ്തിരുന്നു.

അമേരിക്കന്‍ ഭരണഘടനാ മൂല്യങ്ങള്‍ ലംഘിക്കുന്നു എന്നാരോപിച്ച് മിഷിഗണ്‍ ഭരണകൂടത്തിനെതിരെ ഒഹയോയിലെ ഡബ്ലിനില്‍ നടന്ന യോഗത്തിലാണ് ഗവര്‍ണര്‍ക്കെതിരെയുള്ള ഗൂഢപദ്ധതി ആസൂത്രണം ചെയ്തതെന്ന് പ്രോസിക്യൂട്ടര്‍മാര്‍ വാദിച്ചു. ഒരു കെട്ടിടത്തിന്റെ രഹസ്യ നിലവറയില്‍ നടന്ന യോഗത്തില്‍ കടന്നുകയറിയ എഫ്ബിഐ അണ്ടര്‍ കവര്‍ ഏജന്റാണ് രഹസ്യ നീക്കം പുറത്തുകൊണ്ടുവന്നത്. ഔദ്യോഗിക വസതിയില്‍നിന്ന് ഗവര്‍ണറെ തട്ടിക്കൊണ്ടുപോയ ശേഷം രാജ്യദ്രോഹ കുറ്റത്തിന് വിചാരണ ചെയ്യാനാണ് പരിപാടിയിട്ടത്. യോഗദൃശ്യങ്ങള്‍ അടക്കം എഫ് ബി ഐ ഏജന്റ് പകര്‍ത്തിയതായും സര്‍ക്കാര്‍ അഭിഭാഷകര്‍ പറഞ്ഞു. 

എന്നാല്‍, എഫ് ബി ഐ നടത്തിയ നാടകമാണ് ഇതെല്ലാമെന്നാണ് പ്രതിഭാഗം അഭിഭാഷകര്‍ പറഞ്ഞത്. എഫ് ബി ഐ ബോധപൂര്‍വ്വം ഒരുക്കിയ കെണിയായിരുന്നു ഇതെന്നും പ്രതികള്‍ നിരപരാധികളാണെന്നും അഭിഭാഷകര്‍ കോടതിയെ ബോധിപ്പിച്ചു. 

സംഘടനയിലെ ഇരുന്നൂറോളം അംഗങ്ങളെ സംഘടിപ്പിച്ച് സ്റ്റേറ്റ് ക്യാപ്പിറ്റോള്‍ കെട്ടിടം ആക്രമിച്ച് ആളുകളെ ബന്ദിയാക്കാനായിരുന്നു ഈ സായുധ സംഘത്തിന്റെ ആദ്യപദ്ധതിയെന്നും പിന്നീടാണ് മിഷിഗണ്‍ ഗവര്‍ണറെ അവധിക്കാല വസതിയില്‍നിന്നു തട്ടിക്കൊണ്ടു പോകാന്‍ തീരുമാനിച്ചതെന്നുമാണ് എഫ് ബി ഐ കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ പറഞ്ഞത്. പ്രസിഡന്റ് തിരഞ്ഞെടുപ്പിനു മുമ്പ് ഇക്കാര്യം നടത്താനായിരുന്നു പദ്ധതി. മിഷിഗണ്‍ ഹൈവേ പാലത്തില്‍ ബോംബ് സ്ഥാപിക്കുന്നതിനെക്കുറിച്ചും ആലോചന ഉണ്ടായിരുന്നതായി പ്രോസിക്യൂട്ടര്‍മാര്‍ പറഞ്ഞു. 

അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ നിര്‍ണായകമാകുന്ന സംസ്ഥാനമാണ് മിഷിഗണ്‍. ഇവിടെ വിറ്റ്മറുടെ ഭരണകൂടം കൊവിഡ് സാമൂഹ്യ വ്യാപനം തടയാനുള്ള കടുത്ത നടപടികള്‍ തീരുമാനിച്ചതില്‍ ട്രംപും കൂട്ടരും പ്രതിഷേധിച്ചിരുന്നു. തീവ്രവാദസംഘടനകളുടെ നേതൃത്വത്തില്‍ തെരുവുകളില്‍ പ്രതിഷേധവും ഉയര്‍ന്നു. 'മിഷിഗണിനെ മോചിപ്പിക്കൂ' എന്ന ട്വീറ്റിലൂടെ ട്രംപ് പ്രതിഷേധക്കാരെ പിന്തുക്കുകയും ചെയ്തിരുന്നു. വലതുപക്ഷ സായുധ സംഘടനകള്‍ ശക്തമാവുന്നതിനെ അനുകൂലിച്ചും ട്രംപ് നേരത്തെ രംഗത്തുവന്നിരുന്നു. പലയിടങ്ങളിലായി സായുധ പരിശീലനം നടത്തുകയും രഹസ്യമായി യോഗം ചേരുകയും ചെയ്യുന്ന സായുധ സംഘടനകള്‍ തെരഞ്ഞെടുപ്പിനു മുമ്പേ ആക്രമണങ്ങള്‍ അഴിച്ചു വിടാന്‍ സാദ്ധ്യതയുള്ളതായി നേരത്ത എഫ് ബി ഐ മുന്നറിയിപ്പ് നല്‍കിയിരുന്നു.

click me!