നദിയിൽ ഇരുന്നൂറോളം ആടുകളുടെ തലയില്ലാ ജഡങ്ങൾ ഒഴുകി നടക്കുന്നു, പരിഭ്രാന്തരായി ജോർജ്ജിയയിലെ ജനങ്ങൾ

By Web TeamFirst Published Sep 2, 2021, 3:20 PM IST
Highlights

നദിയിൽ പൊങ്ങിക്കിടക്കുന്ന ആടുകളുടെ ശരീരത്തിന്റെ വീഡിയോ അടുത്തിടെ വൈറലായിരുന്നു. ക്ലിപ്പിൽ, ഒരാൾ ആടിന്റെ ശരീരം പാലത്തിൽ നിന്ന് പുഴയിലേക്ക് എറിയുന്നതും അതിൽ കണാം. 

അമേരിക്കൻ സംസ്ഥാനമായ ജോർജിയയിലെ ചട്ടഹൂച്ചി നദിയിൽ ഇരുന്നൂറോളം ആടുകളുടെ ജഡങ്ങൾ കണ്ടെത്തിയത് ആളുകളെ പരിഭ്രാന്തരാക്കി.  ജഡങ്ങളുടെ തല വെട്ടിമാറ്റിയ നിലയിലാണ് കണ്ടെത്തിയത്. ഒരുപക്ഷേ ഏതെങ്കിലും ആചാരത്തിന്റെ ഭാഗമായിരിക്കാം ഇതെന്നാണ് പ്രാഥമിക നിഗമനം. 

ജോർജിയ പൊലീസ് ഇത് സംബന്ധിച്ച് അന്വേഷണം ആരംഭിച്ചു കഴിഞ്ഞു. അവരുടെ അഭിപ്രായത്തിൽ, ഇത് പ്രാദേശിക ജനങ്ങൾ നടത്തുന്ന 'സാന്റീരിയ' ആചാരങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു. ആചാരത്തിന്റെ ഒരു ഭാഗമാണ് മൃഗബലി. "നദിയിലൂടെ ഒഴുകി നടക്കുന്ന ജഡങ്ങൾ ഞെട്ടിക്കുന്നതാണ്, കാരണം സാധാരണയായി ഇരുപത് മുതൽ മുപ്പത് വരെ മൃഗങ്ങളെ ബലിയർപ്പിക്കാറുണ്ടെങ്കിലും, ഇത് ആദ്യമായാണ് ഇത്രയധികം എണ്ണം ഒഴുകി എത്തുന്നത്" പരിസ്ഥിതി പ്രവർത്തകനായ ജെയ്സൺ അൽസാത്ത് ചാനൽ 2 ആക്ഷൻ ന്യൂസിനോട് പറഞ്ഞു.

നദിയിൽ പൊങ്ങിക്കിടക്കുന്ന ആടുകളുടെ ശരീരത്തിന്റെ വീഡിയോ അടുത്തിടെ വൈറലായിരുന്നു. ക്ലിപ്പിൽ, ഒരാൾ ആടിന്റെ ശരീരം പാലത്തിൽ നിന്ന് പുഴയിലേക്ക് എറിയുന്നതും അതിൽ കണാം. അൽസാത്ത് പറയുന്നത്, ആടുകളെ നദിയിലേക്ക് എറിയുന്ന ശബ്ദം അവർക്ക് കേൾക്കമായിരുന്നെന്നും, രാത്രിയിൽ തുടങ്ങിയ ഇത് വെളുപ്പാം കാലം വരെ തുടരുകയും ചെയ്തുവെന്നുമാണ്. ഏകദേശം 50 ലക്ഷം ആളുകൾ ഈ നദിയിൽ നിന്നാണ് വെള്ളം കുടിക്കുന്നത്. ഇത് ഭക്ഷ്യവിഷബാധയ്ക്ക് കാരണമായേക്കാമെന്ന് ആളുകൾ സംശയിക്കുന്നു.  

പ്രധാനമായും പടിഞ്ഞാറൻ ആഫ്രിക്കയിൽ നടത്തുന്ന ഒരു ആചാരമാണ് സാന്റീരിയ. ഇത് റോമൻ കത്തോലിക്കാ വിശ്വാസങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു. സാന്റീരിയ പുരോഹിതരുടെ അഭിപ്രായത്തിൽ, ആടുകളെ ബലി നൽകുന്നത് വിജയത്തെ സൂചിപ്പിക്കുന്നു. കൂടാതെ കുട്ടികൾ ഉണ്ടാകാനും ഈ ആചാരം ആളുകൾ പിന്തുടരുന്നു. ഇങ്ങനെ ഒഴുകി എത്തിയ ജഡങ്ങൾ നദിയിൽ നിന്ന് എത്രയും പെട്ടെന്ന് എടുത്ത് മാറ്റാനുള്ള ശ്രമത്തിലാണ് പൊലീസ്.

click me!