200 വർഷം പഴക്കമുള്ള ഭൂമിതർക്കം! അതിരിന് തെളിവായി ഹാജരാക്കിയത് 1781-ലെ ആധാരം

Published : Oct 27, 2026, 03:25 PM IST
land dispute

Synopsis

മധ്യസ്ഥ ചർച്ചയ്ക്കിടെയാണ് ഴാങ് കുടുംബം പഴയൊരു ഭൂമിയാധാരം ഹാജരാക്കിയത്. ചൈന ഭരിച്ചിരുന്ന ക്വിങ് രാജവംശത്തിലെ ചിയാൻലോങ് ചക്രവർത്തിയുടെ ഭരണകാലത്തെ 46-ാം വർഷത്തിൽ തയ്യാറാക്കിയതായിരുന്നു ഈ രേഖ.

ചൈനയിൽ രണ്ട് അയൽകുടുംബങ്ങൾ തമ്മിലുള്ള അതിർത്തി തർക്കം സാമൂഹിക മാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നു. രണ്ട് നൂറ്റാണ്ടിലേറെയായി തലമുറകളിലൂടെ തുടർന്നുവന്ന തർക്കത്തിൽ, 1781-ലെ ഭൂമിയിടപാട് രേഖയാണ് ഒരു കുടുംബം തെളിവായി ഹാജരാക്കിയത്. രേഖ പരിശോധിച്ച കോടതി കേസിന്റെ അസാധാരണമായ ചരിത്രം തിരിച്ചറിഞ്ഞതോടെയാണ് സംഭവം വാർത്തയായത്.

ചൈനയുടെ വടക്കുപടിഞ്ഞാറൻ മേഖലയിലെ ഷാൻസി പ്രവിശ്യയിലാണ് ഡു, ഴാങ് എന്നീ കുടുംബങ്ങൾ തമ്മിലുള്ള തർക്കം കോടതിയുടെ പരിഗണനയിലെത്തിയത്. സൗത്ത് ചൈന മോണിങ് പോസ്റ്റിന്റെ റിപ്പോർട്ട് പ്രകാരം, വീടുകൾക്കിടയിലെ അതിർത്തിയെച്ചൊല്ലി ഇരുകുടുംബങ്ങളും വർഷങ്ങളായി തർക്കത്തിലായിരുന്നു. തലമുറകൾ മാറിയിട്ടും തർക്കത്തിന് പരിഹാരമായിരുന്നില്ല.

ഡു കുടുംബം അടുക്കള പുതുക്കിപ്പണിയുന്നതിന്റെയും മതിൽ ഉയർത്തുന്നതിന്റെയും ഭാഗമായി നടത്തിയ ശ്രമങ്ങളോടെയാണ് തർക്കം വീണ്ടും രൂക്ഷമായത്. ഇത് സൂര്യപ്രകാശത്തെയും വെള്ളമൊഴുക്കിനെയും ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടി ഴാങ് കുടുംബം എതിർപ്പുന്നയിച്ചു. തുടർന്ന് വാക്കേറ്റങ്ങളും സംഘർഷങ്ങളും പതിവായി. പൊലീസും ഗ്രാമസമിതിയും പലതവണ മധ്യസ്ഥശ്രമങ്ങൾ നടത്തിയെങ്കിലും പ്രശ്നത്തിന് പരിഹാരമായില്ല.

1781-ലെ ഭൂമിയാധാരം

മധ്യസ്ഥ ചർച്ചയ്ക്കിടെയാണ് ഴാങ് കുടുംബം പഴയൊരു ഭൂമിയാധാരം ഹാജരാക്കിയത്. ചൈന ഭരിച്ചിരുന്ന ക്വിങ് രാജവംശത്തിലെ ചിയാൻലോങ് ചക്രവർത്തിയുടെ ഭരണകാലത്തെ 46-ാം വർഷത്തിൽ തയ്യാറാക്കിയതായിരുന്നു ഈ രേഖ. അതായത്, 1781-ലേതെന്ന് കരുതപ്പെടുന്ന രേഖ. ഇരുകുടുംബങ്ങളുടെയും ഭൂമികൾ തമ്മിലുള്ള അതിർത്തി സംബന്ധിച്ച ധാരണയാണ് രേഖയിൽ ഉൾപ്പെട്ടിരുന്നത്. വീടുകളുടെ മുറ്റത്തുണ്ടായിരുന്ന ഒരു പെർസിമൺ മരത്തെ അതിർത്തിയുടെ അടയാളമായി രേഖയിൽ പരാമർശിച്ചിരുന്നതായാണ് റിപ്പോർട്ട്.

പഴയ കരാറിലെ വ്യവസ്ഥകൾ തുടർന്നുള്ള തലമുറകളും പാലിക്കണമെന്ന നിലപാടിലായിരുന്നു ഴാങ് കുടുംബം. എന്നാൽ, തർക്കം പരിഹരിക്കാൻ കോടതി 1781-ലെ രേഖയെ മാത്രം ആശ്രയിച്ചില്ല. അതിർത്തിത്തർക്കങ്ങൾ കൈകാര്യം ചെയ്യുന്നതിൽ വിട്ടുവീഴ്ചയുടെ പ്രാധാന്യം വ്യക്തമാക്കുന്ന ക്വിങ് രാജവംശകാലത്തെ രാഷ്ട്രീയപ്രവർത്തകനും പണ്ഡിതനുമായ ഴാങ് യിങ്ങിന്റെ പ്രസിദ്ധമായ കത്തും അധികൃതർ പരിഗണിച്ചു.

നിർണായകമായ കത്ത്

അയൽക്കാരനുമായുള്ള ഭൂമിതർക്കം നീട്ടിക്കൊണ്ടുപോകാതെ സ്വന്തം കുടുംബം വിട്ടുവീഴ്ച ചെയ്യണമെന്ന് ഉപദേശിച്ചുകൊണ്ടായിരുന്നു ഴാങ് യിങ് കത്തയച്ചത്. കത്ത് ലഭിച്ചതിനെത്തുടർന്ന് ഴാങ് യിങ്ങിന്റെ കുടുംബം മതിൽ മൂന്നടി പിന്നോട്ടുമാറ്റാൻ സമ്മതിച്ചു. തുടർന്ന് അയൽക്കാരും അതേ രീതിയിൽ മതിൽ മാറ്റിയതോടെ ആകെ ആറടി വീതിയുള്ള ഒരു വഴിയുണ്ടായി. മധ്യചൈനയിലെ അൻഹുയി പ്രവിശ്യയിലുള്ള ടോങ്ചെങ് നഗരത്തിലെ ഈ വഴി ഇന്ന് വിനോദസഞ്ചാരികളുടെ ശ്രദ്ധാകേന്ദ്രമാണ്. വിട്ടുവീഴ്ചയുടെയും അയൽസൗഹാർദത്തിന്റെയും പ്രതീകമായാണ് ഇത് ഓർമിക്കപ്പെടുന്നത്.

ഒടുവിൽ തർക്കത്തിന് പരിഹാരം

നിലവിലെ കേസിൽ അധികൃതർ ഇരുകുടുംബങ്ങളുടെയും ഭൂമിയിൽ പലതവണ അളവെടുപ്പ് നടത്തി. തുടർന്ന് ഇരുകൂട്ടരുടെയും ആശങ്കകൾ പരിഗണിച്ചുകൊണ്ട് നവീകരണത്തിനുള്ള പദ്ധതി തയ്യാറാക്കി. ഇതോടെ ഡു കുടുംബത്തിന് അടുക്കള നവീകരിക്കാനായി. ഴാങ് കുടുംബവും തീരുമാനത്തെ സമാധാനപരമായി അംഗീകരിച്ചു. അങ്ങനെ തലമുറകളായി തുടർന്നുവന്ന അതിർത്തിത്തർക്കത്തിന് ഒടുവിൽ പരിഹാരമായി.

PREV
Read more Articles on
click me!

Recommended Stories

സ്കൂളിൽ വിദ്യാർത്ഥികളുടെ മാനസിക സമ്മർദ്ദം കുറയ്ക്കാൻ 'തെറാപ്പി പൂച്ച'; തരംഗമായി പൈൻകോൺ!
പുഴകളിൽ നിന്ന് സ്വന്തമായി ശേഖരിച്ച സ്വർണം കൊണ്ട് കാമുകിക്ക് മോതിരം; കയ്യടി നേടി യുവാവ്