'പ്രതി മരിച്ചിട്ടും ഇരയുടെ കുടുംബത്തെ കൈവിടാത്ത നീതിബോധം'; ശ്രദ്ധേയമായി ബത്തേരി ഡിവൈ‍എസ്‍‍പിയുടെ പോസ്റ്റ്

Published : Oct 27, 2026, 02:34 PM IST
അബ്ദുൾ കരീം, ഡിവൈഎസ്‍പി  ബത്തേരി

Synopsis

ഞാൻ മാനന്തവാടി സി.ഐ ആയിരിക്കുമ്പോൾ അന്വേഷിച്ച ഈ കേസും അത്തരമൊരു വേദനയുടെ അധ്യായമായിരുന്നു. ഗർഭാവസ്ഥയിലുള്ള ഒരു സ്ത്രീയും അവരുടെ ഗർഭസ്ഥ ശിശുവും മരണപ്പെടുന്നു. അസ്വാഭാവികമായ മരണത്തിൽ കേസ്.

'നീതിയുടെ മഹത്വം കുറ്റക്കാരനെ ശിക്ഷിക്കുന്നതിൽ മാത്രമല്ല; ദുരിതമനുഭവിച്ചവരെ മറന്നുപോകാതിരിക്കുന്നതിലുമുണ്ട്. ഒരു ന്യായാധിപന്റെ കരുണ, ഒരു അന്വേഷണത്തിന്റെ അർഥം...' ശ്രദ്ധേയമായി ബത്തേരി ഡിവൈഎസ്‍പി അബ്ദുൾ കരീം സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്ത പോസ്റ്റ്. മാനന്തവാടി സി.ഐ ആയിരിക്കുമ്പോഴുണ്ടായ അന്വേഷണത്തിന്റെ അനുഭവമാണ് അദ്ദേഹം കുറിച്ചിരിക്കുന്നത്. പ്രതി മരണപ്പെട്ടപ്പോഴും എങ്ങനെയാണ് കോടതി ഇരയുടെ കുടുംബത്തോട് നീതി പുലർത്തിയത് എന്നാണ് പോസ്റ്റിൽ പറയുന്നത്.

അനുഭവം വായിക്കാം;

ചില അന്വേഷണങ്ങൾ അവസാനിക്കുന്നത് കുറ്റപത്രത്തിലല്ല; മനുഷ്യന്റെ മനസ്സാക്ഷിയിലാണ്. ഒരു കേസ് ഡയറിയിലെ വരികൾക്കപ്പുറം ചില ജീവിതങ്ങളുണ്ട്. തെളിവുകളുടെ പട്ടികയ്ക്കപ്പുറം ചില കണ്ണീരുകളുണ്ട്.

നിയമവകുപ്പുകൾക്കപ്പുറം, ആരും കേൾക്കാതെ പോകുന്ന ചില നിലവിളികളുണ്ട്.

അന്വേഷണ ഉദ്യോഗസ്ഥന്റെ മേശപ്പുറത്ത് എത്തുന്ന ഓരോ കേസും കേവലം ഒരു കുറ്റകൃത്യത്തിന്റെ വിവരണമല്ല. ചിലത് ഒരു മനുഷ്യജീവിതത്തിന്റെ തകർച്ചയാണ്. ചിലത് തിരിച്ചുപിടിക്കാനാവാത്ത നഷ്ടങ്ങളുടെ ചരിത്രമാണ്. മറ്റുചിലത്, സമൂഹം ഏറ്റവും ദുർബലരായ മനുഷ്യരോട് എത്രത്തോളം കടപ്പെട്ടിരിക്കുന്നു എന്നതിന്റെ ഓർമപ്പെടുത്തലും.

ഞാൻ മാനന്തവാടി സി.ഐ ആയിരിക്കുമ്പോൾ അന്വേഷിച്ച ഈ കേസും അത്തരമൊരു വേദനയുടെ അധ്യായമായിരുന്നു. ഗർഭാവസ്ഥയിലുള്ള ഒരു സ്ത്രീയും അവരുടെ ഗർഭസ്ഥ ശിശുവും മരണപ്പെടുന്നു. അസ്വാഭാവികമായ മരണത്തിൽ കേസ്.

ബൗദ്ധിക വൈകല്യമുള്ള ഒരു സ്ത്രീ. (പേര് പരാമർശിക്കുന്നില്ല. നിയമപരമായി തെറ്റ്) സ്വന്തം നിസ്സഹായതയെപ്പോലും പ്രതിരോധിക്കാൻ കഴിയാത്ത ഒരു ജീവിതം. അവൾ ലൈംഗികമായി ചൂഷണം ചെയ്യപ്പെട്ടുവെന്നും വിഷബാധയെത്തുടർന്ന് മരിച്ചുവെന്നുമുള്ള ഗുരുതരമായ ആരോപണങ്ങൾ. ഒടുവിൽ, നീതിയുടെ അന്തിമവിധി കേൾക്കാൻ കാത്തുനിൽക്കാതെ ആ ജീവൻ പൊലിഞ്ഞു.

മാനസികമായി വെല്ലുവിളി നേരിടുന്ന വിവാഹമോചിതയായ ഒരു സ്ത്രീയെ സഹായിയുടെ രൂപത്തിൽ ഒപ്പം കൂടി ചൂഷണം ചെയ്ത് ലൈംഗികമായി ഉപയോഗിച്ച് ഗർഭിണി ആയി എന്നറിഞ്ഞപ്പോൾ ഇഷ്‌ടപ്പെട്ട ജ്യൂസിൽ വിഷപദാർത്ഥമായ കീടനാശിനി കലർത്തി സ്ത്രീയെയും ഉദരത്തിലെ ആറ് മാസം പ്രായമായ ജീവൻ്റെ തുടിപ്പിനെയും കൊല ചെയ്ത ക്രൂര പ്രവൃത്തി...

അന്വേഷണം എന്നത് മൊഴികൾ രേഖപ്പെടുത്തലോ കുറ്റപത്രം സമർപ്പിക്കലോ മാത്രമല്ല. സംഭവങ്ങളുടെ ഇരുട്ടിലേക്ക് ഇറങ്ങിച്ചെന്ന്, ഊഹങ്ങൾക്കപ്പുറം വസ്തുതകളെ കണ്ടെത്താനുള്ള നിരന്തരമായ ശ്രമമാണ്.

ഈ കേസിൽ DNA പരിശോധനയും രാസപരിശോധനയും ഉൾപ്പടെയുള്ള ശാസ്ത്രീയ തെളിവുകൾക്ക് വലിയ പ്രാധാന്യമുണ്ടായിരുന്നു. ഗർഭസ്ഥശിശുവിൻ്റെ പിതാവ് പ്രതിയാണെന്ന് DNA തെളിവ്. മരണകാരണം Chlorpyrifose എന്ന കീടനാശിനി (വിഷം) അകത്ത് ചെന്നത് എന്ന് പോസ്റ്റ് മോർട്ടം റിപ്പോർട്ട്. അന്വേഷണത്തിൽ കണ്ടെത്തിയ ജ്യൂസ് കുപ്പിയിലെ വിഷാംശം. വീട്ടിലെ ഛർദ്ദിയുടെ അംശത്തിൽ നിന്നും ശാസ്‌ത്രീയപരിശോധനയിൽ തെളിഞ്ഞ കീടനാശിനി അംശം.

സൂക്ഷ്‌മനിരീക്ഷണത്തിൽ ശേഖരിച്ച ഒട്ടനവധി ശാസ്‌ത്രീയ തെളിവുകൾ...

ചികിത്സാരേഖകൾ...

മനുഷ്യരുടെ വാക്കുകൾക്ക് പറയാനാകാത്ത ചില കാര്യങ്ങൾ ശാസ്ത്രത്തിന്റെ പരിശോധനകളിലൂടെ വെളിച്ചത്തുവരുന്നു. ഓരോ സാമ്പിളും ഓരോ റിപ്പോർട്ടും, ശരിയായ രീതിയിൽ ശേഖരിക്കപ്പെടുകയും സംരക്ഷിക്കപ്പെടുകയും വിലയിരുത്തപ്പെടുകയും ചെയ്യുമ്പോഴാണ് നീതിയിലേക്കുള്ള യാത്രയ്ക്ക് കരുത്തുണ്ടാകുന്നത്.

ശാസ്ത്രീയ തെളിവുകൾ എന്നത് ഒരു അന്വേഷണ ഉദ്യോഗസ്ഥന്റെ കൈയിലെ രേഖകൾ മാത്രമല്ല; സത്യത്തെ അതിന്റെ വഴിക്ക് സംസാരിക്കാൻ അനുവദിക്കുന്ന ഭാഷ കൂടിയാണ്. ആ ഭാഷയ്ക്ക് കൃത്യത വേണം. ആ കൃത്യതയ്ക്ക് ക്ഷമ വേണം. ആ ക്ഷമയ്ക്ക് പിന്നിൽ, തെളിയിക്കപ്പെടേണ്ട ഒരു സത്യത്തോടുള്ള ഉത്തരവാദിത്വം വേണം.

ഒരു അന്വേഷണത്തിന്റെ വിജയം കുറ്റപത്രത്തിന്റെ കനത്തിലല്ല; സത്യത്തിലേക്കെത്താൻ അത് എത്രത്തോളം ഉത്തരവാദിത്വത്തോടെ ശ്രമിച്ചു എന്നതിലാണ്.

എന്നാൽ, ഈ കേസിന്റെ യാത്രയിൽ അപ്രതീക്ഷിതമായൊരു വഴിത്തിരിവുണ്ടായി. വിചാരണ പൂർത്തിയാകുന്നതിനും അന്വേഷണ ഉദ്യോഗസ്ഥനായ എന്നെ വിസ്‌തരിക്കുന്നതിനും മുമ്പ് (മറ്റെല്ലാ സാക്ഷികളെയും വിസ്‌തരിച്ചു) പ്രതി ഹൃദയസ്തംഭനം മൂലം മരണപ്പെട്ടു. (പ്രതി മരിച്ചത് കൊണ്ട് പേര് പരാമർശിക്കാൻ ആഗ്രഹിക്കുന്നില്ല; തെറ്റല്ലെങ്കിൽ പോലും.)

ക്രിമിനൽ വിചാരണ അവസാനിച്ചു...

നിയമത്തിന്റെ ഭാഷയിൽ നടപടികൾ അവസാനിച്ചെങ്കിലും, ആ സ്ത്രീയുടെ കുടുംബത്തിന്റെ ദുരിതം അവസാനിച്ചിരുന്നില്ല. മരിച്ചുപോയ ഒരാളെ തിരികെ നൽകാൻ അന്വേഷണത്തിനോ കോടതിക്കോ കഴിയില്ലല്ലോ..

എങ്കിലും, നീതിയുടെ വാതിൽ അവിടെത്തന്നെ അടയണമെന്നില്ല.

അവിടെയാണ് ബഹു. വയനാട് ജില്ലാ അഡീഷനൽ സെഷൻസ് (രണ്ട്) കോടതിയുടെ 2026 ഒക്ടോബർ 3-ലെ വിധി മാനവികതയുടെ വെളിച്ചം പകരുന്നത്.

പ്രതിയുടെ മരണത്തെ തുടർന്ന് കുറ്റവിചാരണ അവസാനിച്ചെങ്കിലും, ഇരയുടെ / ഇരകളുടെ കുടുംബത്തിന് നഷ്ടപരിഹാരം ലഭിക്കേണ്ടതുണ്ടോ എന്ന ചോദ്യം ബഹു. കോടതി പരിഗണിച്ചു. കുടുംബത്തിന്റെ സാമ്പത്തികാവസ്ഥയും വൈകല്യവുമായി ബന്ധപ്പെട്ട ആവശ്യങ്ങളും പരിഗണിച്ച് 16 ലക്ഷം രൂപ നഷ്ടപരിഹാരം ബഹു. കോടതി അനുവദിച്ചു...

വിചാരണ അവസാനിക്കുന്നതിന് മുമ്പ് പ്രതി മരണപ്പെട്ടിരിക്കയാൽ ശിക്ഷ വിധിക്കാൻ കഴിയില്ല. അതുകൊണ്ട് ധനസഹായം ഗവൺമെൻ്റ് തലത്തിൽ നൽകണം...

ഈ ഉത്തരവ് നഷ്ടപ്പെട്ട ജീവന് പകരമല്ല. നീതിയുടെ അന്തിമമായ കുറ്റനിർണയവുമല്ല. എന്നാൽ, ദുരന്തത്തിനുശേഷം ഒറ്റപ്പെട്ടുപോയ ഒരു കുടുംബത്തോട് നീതി മുഖം തിരിച്ചിട്ടില്ലെന്ന സന്ദേശമാണ് അത് നൽകുന്നത്.

നീതിയുടെ മഹത്വം കുറ്റക്കാരനെ ശിക്ഷിക്കുന്നതിൽ മാത്രമല്ല; ദുരിതമനുഭവിച്ചവരെ മറന്നുപോകാതിരിക്കുന്നതിലുമുണ്ട്.

ഒരു ന്യായാധിപന്റെ കരുണ, ഒരു അന്വേഷണത്തിന്റെ അർഥം...

ഒരു അന്വേഷണ ഉദ്യോഗസ്ഥൻ തെളിവുകൾ കോടതിയിലെത്തിക്കുന്നു. എന്നാൽ, ആ തെളിവുകൾക്കപ്പുറം മനുഷ്യജീവിതത്തിന്റെ വേദനയെ തിരിച്ചറിയേണ്ട ഉത്തരവാദിത്വവും നീതിന്യായവ്യവസ്ഥയ്ക്കുണ്ട്.

നിയമത്തിന്റെ അതിരുകൾക്കുള്ളിൽനിന്ന് ഇരയുടെ കുടുംബത്തിന്റെ ദുരിതം പരിഗണിച്ച ന്യായാധിപന്റെ സമീപനം ഇവിടെ ആദരവോടെ ഓർക്കപ്പെടേണ്ടതാണ്. ബഹു. വയനാട് അഡീഷനൽ സെഷൻസ് ജഡ്ജ് ശ്രീ ജയവന്ത് എൽ സാറിൻ്റെ മാനവികതയിൽ ചാലിച്ച ഈ ഉത്തരവിലെ ഭാഷ മരിച്ചവർ എഴുതിയ കത്തിലെ ഭാഷയാണ്.

പ്രതി മരണപ്പെട്ടത് കൊണ്ട് കുറ്റം തെളിഞ്ഞതായി പ്രഖ്യാപിക്കാതെ തന്നെ, വിചാരണ അവസാനിച്ചതുകൊണ്ട് ഇരയുടെ കുടുംബത്തിന് നഷ്ടപരിഹാരത്തിനുള്ള അവകാശം നിഷേധിക്കാനാവില്ലെന്ന നിലപാടാണ് ബഹു.കോടതി സ്വീകരിച്ചത്. കൂടുതലൊന്നും കേട്ടുകേൾവി ഇല്ലാത്ത മനുഷ്യത്വം നിറഞ്ഞ ഒരു വിധി.

ഒരു ഉത്തരവിൽ പതിയുന്ന ഒപ്പ് ചിലപ്പോൾ ഒരു കുടുംബത്തിന്റെ മുന്നോട്ടുള്ള ജീവിതത്തിന് താങ്ങായിത്തീരുന്നു. നിയമത്തിന്റെ കാഠിന്യത്തിനുള്ളിലും മനുഷ്യന്റെ വേദന കാണാൻ കഴിയുമ്പോൾ, നീതി വെറുമൊരു അധികാരപ്രയോഗമല്ലാതാകുന്നു; അത് മനുഷ്യനോടുള്ള ഉത്തരവാദിത്വമായി മാറുന്നു.

യൂണിഫോമിനപ്പുറവും ഒരു മനസ്സാക്ഷിയുണ്ട്…

ഒരു പോലീസ് ഉദ്യോഗസ്ഥന്റെ ജീവിതത്തിൽ പല കേസുകളും കടന്നുപോകും. പല കുറ്റകൃത്യങ്ങളും അന്വേഷിക്കപ്പെടും. ഫയലുകൾ അടയ്ക്കപ്പെടും. കാലം അവയുടെ ഓർമകളെ മങ്ങിച്ചേക്കാം.

നിസ്സഹായരായ മനുഷ്യരെ ചൂഷണത്തിൽനിന്ന് സംരക്ഷിക്കാൻ നമുക്ക് കഴിഞ്ഞോ? സത്യത്തിലേക്കെത്താൻ കഴിയുന്നത്ര ആത്മാർത്ഥമായി പരിശ്രമിച്ചോ? നീതി തേടുന്നവരുടെ ശബ്ദം കേൾക്കപ്പെടാൻ നാം നമ്മുടെ കടമ നിർവഹിച്ചോ?

ഈ ചോദ്യങ്ങൾക്കുമുന്നിൽ നിൽക്കുമ്പോഴാണ് യൂണിഫോമിന്റെ യഥാർത്ഥ മഹത്വം തിരിച്ചറിയുന്നത്. അത്രയെങ്കിലും ചെയ്യാൻ കഴിയുമ്പോൾ, ജോലി ഒരു ഔദ്യോഗിക കർത്തവ്യം മാത്രമല്ലാതാകുന്നു; അത് മനുഷ്യനോടുള്ള കടമയും പ്രാർത്ഥനയും ആയി മാറുന്നു.

ഈ കേസിൽ പ്രതിയുടെ മരണത്തെ തുടർന്ന് കുറ്റവിചാരണ അവസാനിച്ചതിനാൽ, പ്രതി കുറ്റക്കാരനാണെന്ന് കോടതി അന്തിമമായി പ്രഖ്യാപിച്ചിട്ടില്ല. ആ നിയമപരമായ വസ്തുതയെ മാനിച്ചുകൊണ്ടുതന്നെ, അന്വേഷണത്തിന്റെ ഉത്തരവാദിത്വത്തെയും ഇരയുടെ കുടുംബത്തിന് ആശ്വാസം നൽകാനുള്ള ബഹു.കോടതിയുടെ മാനവിക ഇടപെടലിനെയും ആദരിക്കാം.

കാരണം, നീതി എന്നത് വിധി പറയുന്ന നിമിഷം മാത്രമല്ല; ആരും കാണാതെ പോകുമായിരുന്ന ഒരുപിടി മനുഷ്യരുടെ വേദനയ്ക്ക് സമൂഹം നൽകുന്ന മറുപടി കൂടിയാണ്.

ചില അന്വേഷണങ്ങൾ കുറ്റപത്രത്തിൽ അവസാനിക്കുന്നു. ചില വിധികൾ ഉത്തരവിൽ അവസാനിക്കുന്നു.

എന്നാൽ, അപൂർവമായി ചില സംഭവങ്ങൾ നമ്മുടെ മനസ്സാക്ഷിയിൽ ഒരു വിളക്കു തെളിയിക്കുന്നു -ദുർബലരെ ചൂഷണം ചെയ്യരുതെന്ന, ശാസ്ത്രത്തിന്റെ വെളിച്ചത്തിൽ സത്യത്തെ തേടണമെന്ന, നിയമം മനുഷ്യനെ മറക്കരുതെന്ന ഓർമപ്പെടുത്തലിന്റെ വിളക്ക്.

നീതിയുടെ വഴിയിൽ തെളിവുകൾ കൈപിടിക്കട്ടെ. നിയമം വഴികാട്ടിയാകട്ടെ. മനുഷ്യത്വം ഒരിക്കലും വഴിമാറാതിരിക്കട്ടെ...

PREV
Read more Articles on
click me!

Recommended Stories

സ്കൂളിൽ വിദ്യാർത്ഥികളുടെ മാനസിക സമ്മർദ്ദം കുറയ്ക്കാൻ 'തെറാപ്പി പൂച്ച'; തരംഗമായി പൈൻകോൺ!
പുഴകളിൽ നിന്ന് സ്വന്തമായി ശേഖരിച്ച സ്വർണം കൊണ്ട് കാമുകിക്ക് മോതിരം; കയ്യടി നേടി യുവാവ്