വയസ്സ് 23, 1 ലക്ഷം ശമ്പളം, ഇന്ത്യയിൽ തന്നെ നിന്നാൽ താഴ്ന്ന ആളാകുമോ, വിദേശത്ത് പോകണോ? യുവാവിന്റെ ആശങ്ക

Published : Aug 16, 2024, 05:09 PM IST
വയസ്സ് 23, 1 ലക്ഷം ശമ്പളം, ഇന്ത്യയിൽ തന്നെ നിന്നാൽ താഴ്ന്ന ആളാകുമോ, വിദേശത്ത് പോകണോ? യുവാവിന്റെ ആശങ്ക

Synopsis

സത്യസന്ധമായി പറഞ്ഞാൽ തന്റെ സുഹൃത്തുക്കൾ വിദേശത്ത് പോവുകയും കൂടുതൽ പഠിക്കുകയും ഒക്കെ ചെയ്യുന്നത് കാണുമ്പോൾ തനിക്ക് അസൂയ തോന്നുന്നു. താൻ അവരേക്കാൾ താഴെയാണോ എന്നും ചിലപ്പോൾ തോന്നിപ്പോകുന്നു എന്നാണ് യുവാവ് പറയുന്നത്.

ഇന്ത്യയിലെ പല യുവാക്കളും ഇന്ന് പഠിക്കാനാണെങ്കിലും ജോലിക്കാണെങ്കിലും വിദേശത്ത് പോകുന്നവരാണ്. വിദേശത്ത് പോകാനും കൂടുതൽ സമ്പാദിക്കാനും അവിടെ തന്നെ സ്ഥിരതാമസമാക്കാനും കൊതിക്കുന്നവരാണ് പലരും. നാട്ടിൽ നല്ല തുക ശമ്പളം കിട്ടുന്നുണ്ടെങ്കിൽ നാടു വിട്ട് പോകാനേയില്ല എന്ന് ചിന്തിക്കുന്നവരും അപ്പോഴും ഇവിടെയുണ്ട്. എന്നാൽ, വിദേശത്ത് പോണോ നാട്ടിൽ ജീവിക്കണോ തുടങ്ങിയ ആശങ്കകളിൽ പെട്ടുപോകുന്നവരും കുറവല്ല. എന്തായാലും, ഈ യുവാവിന്റെ സംശയവും അതാണ്. 

റെഡ്ഡിറ്റിലാണ് 23 -കാരനായ ഒരു ഐടി എഞ്ചിനീയർ തന്റെ ആശയക്കുഴപ്പം പങ്കുവച്ചിരിക്കുന്നത്. താൻ നല്ലതുപോലെ സമ്പാദിക്കുന്നുണ്ട്, എന്നിട്ടും വിദേശത്ത് പോകണോ എന്നാണ് യുവാവിന്റെ സംശയം. യുവാവ് പറയുന്നത് താൻ മാസത്തിൽ ഒരു ലക്ഷം രൂപ ജോലിയിൽ നേടുന്നുണ്ട്. ഇപ്പോഴത്തെ തന്റെ സംശയം വിദേശത്തേക്ക് പോകണോ അതോ ഈ ശമ്പളത്തിൽ ഇവിടെ തന്നെ നിന്നാൽ മതിയോ എന്നാണ്. വിദേശത്ത് പോകാൻ തോന്നലുണ്ടാവാൻ കാരണം അവിടേക്ക് പോയ തന്റെ സുഹൃത്തുക്കളുടെ ജീവിതമാണ് എന്നും യുവാവ് പറയുന്നു. സോഷ്യൽ മീഡിയയിൽ അവരിടുന്ന പോസ്റ്റുകളൊക്കെ കാണുമ്പോഴാണത്രെ യുവാവിന് അസൂയ തോന്നുന്നത്.

സത്യസന്ധമായി പറഞ്ഞാൽ തന്റെ സുഹൃത്തുക്കൾ വിദേശത്ത് പോവുകയും കൂടുതൽ പഠിക്കുകയും ഒക്കെ ചെയ്യുന്നത് കാണുമ്പോൾ തനിക്ക് അസൂയ തോന്നുന്നു. താൻ അവരേക്കാൾ താഴെയാണോ എന്നും ചിലപ്പോൾ തോന്നിപ്പോകുന്നു എന്നാണ് യുവാവ് പറയുന്നത്. ഇന്ത്യയിൽ താമസിക്കുന്നത് വിദേശത്ത് പോവുന്നതിനേക്കാൾ താഴെയാണോ എന്നും യുവാവിന് ആശങ്കയുണ്ട്. തനിക്ക് ഇപ്പോൾ നല്ല ശമ്പളം കിട്ടുന്നുണ്ട്. ഇനിയും കിട്ടുമെന്ന് ഉറപ്പുണ്ട്. എന്നാൽ, വിദേശത്ത് തന്റെ സുഹൃത്തുക്കൾ ആസ്വദിക്കുന്ന അടിസ്ഥാന സൗകര്യങ്ങളോ ജീവിതനിലവാരമോ തനിക്ക് കിട്ടുന്നില്ലല്ലോ എന്നാണ് യുവാവിന്റെ ആശങ്ക. തനിക്ക് ഇന്ത്യ വിട്ട് പോകണമെന്നില്ല എന്നും എന്നാൽ സാമൂഹികസമ്മർദ്ദം താങ്ങാനാവാതെയാണ് പോസ്റ്റിടുന്നത് എന്നും യുവാവ് പറയുന്നുണ്ട്. 

നിരവധിപ്പേരാണ് യുവാവിന്റെ ആശങ്കകൾക്ക് മറുപടിയുമായി പോസ്റ്റിന് താഴെ എത്തിയിരിക്കുന്നത്. സുഹൃത്തുക്കളുടെ ഇൻസ്റ്റ​ഗ്രാം പോസ്റ്റുകളും റീലുകളും കണ്ട് അസൂയപ്പെടേണ്ട ഒരു കാര്യവുമില്ല എന്നാണ് ആളുകൾ യുവാവിനോട് പറഞ്ഞത്. 23 -ാമത്തെ വയസ്സിൽ തന്നെ ആരും കൊതിക്കുന്ന വരുമാനം യുവാവ് നേടുന്നുണ്ട് എന്നും അവനവന്റെ സന്തോഷം മാത്രം നോക്കിയാൽ മതി, സോഷ്യൽ മീഡിയയിലെ പോസ്റ്റുകളെല്ലാം അതുപോലെ വിശ്വസിക്കേണ്ടതില്ല എന്നും നിരവധിപ്പേർ പറഞ്ഞു. 

PREV
Read more Articles on
click me!

Recommended Stories

190ൽ 104 സീറ്റും സ്വന്തമാക്കി, യുഡിഎസ്എഫിനെ പരാജയപ്പെടുത്തി കുസാറ്റ് എസ്എഫ്ഐ തിരിച്ചുപിടിച്ചു
പുരുഷന്മാര്‍ കുറവ്, 'ഭർത്താക്കന്മാരെ' മണിക്കൂറിന് വാടകയ്ക്കെടുത്ത് സ്ത്രീകൾ?