ഫെമിനിസ്റ്റ് ലൈബ്രറിയുമായി ഇന്ത്യയിലാകെ സഞ്ചരിക്കുന്നൊരു യുവതി...

By Web TeamFirst Published Jun 4, 2019, 5:09 PM IST
Highlights

'സ്ത്രീകളെ വായിക്കുന്നത് എനിക്ക് കരുത്തു നല്‍കി. ആ അനുഭവം എല്ലാവരുമായും പങ്കുവയ്ക്കണമെന്ന് ഞാന്‍ ആഗ്രഹിച്ചു' എന്നാണ് ലൈബ്രറി തുടങ്ങാനുള്ള കാരണമായി താമി പറയുന്നത്. 

തന്‍റെ പി എച്ച് ഡി ചെയ്യുന്നതോടൊപ്പം തന്നെ അക്വി താമി തിരക്കിലാണ്. കാരണം, ആര്‍ട്ടിസ്റ്റും ആക്ടിവിസ്റ്റുമാണ് താമി. തീര്‍ന്നില്ല, ഇന്ത്യയിലെ ആദ്യത്തെ കമ്മ്യൂണിറ്റി ഓണ്‍ഡ് ഫെമിനിസ്റ്റ് ലൈബ്രറിയുടെ ഉത്തരവാദിത്വങ്ങളും കൂടിയുണ്ട് താമിക്ക്. 29 വയസ്സുകാരിയായ താമിക്ക് ഒരിക്കലും സാമൂഹ്യ രാഷ്ട്രീയ കാര്യങ്ങളില്‍ ഇടപെടാന്‍ മടിയില്ലായിരുന്നു. 'എന്നെ സംബന്ധിച്ച് ആര്‍ട്ട് എന്നാല്‍ ആക്ടിവിസം തന്നെയാണ്. അതെനിക്ക് ഔഷധമാണ്, എന്നെ കാണാനുള്ള കണ്ണാടിയാണ്' എന്നാണ് താമി പറയുന്നത്. 

'സിസ്റ്റര്‍ ലൈബ്രറി'യുടെ ലക്ഷ്യം സമൂഹത്തില്‍ നിലനില്‍ക്കുന്ന പുരുഷാധിപത്യത്തെ കുറിച്ച് അറിയാനും ചര്‍ച്ച ചെയ്യാനുമായി സ്ത്രീകള്‍ക്ക് കൂടിച്ചേര്‍ന്നിരിക്കാന്‍ ഒരിടം എന്നതാണ്. 

മുംബൈയില്‍ ബാന്ദ്രയ്ക്കടുത്തായുള്ള ലൈബ്രറിയില്‍ സ്ത്രീകള്‍ രചിച്ച 600 പുസ്തകങ്ങളാണുള്ളത്. അതില്‍, ഗ്രാഫിക് നോവലുകള്‍, ഫിക്ഷന്‍, നോണ്‍ ഫിക്ഷന്‍, കവിത തുടങ്ങിയവയെല്ലാമുണ്ട്. അതില്‍ പലതും താമിയുടെ സ്വന്തം ശേഖരത്തിലുള്ളവയാണ്. സിസ്റ്റര്‍ ലൈബ്രറി പ്രവര്‍ത്തനം തുടങ്ങുന്നത് ആളുകളോട് സംവദിക്കാന്‍ സഞ്ചരിക്കുന്നൊരു കലാ സൃഷ്ടിയായിട്ടാണ്. ഇന്ത്യയിലെ ഒട്ടുമിക്ക നഗരങ്ങളിലും സഞ്ചരിച്ചു താമി തന്‍റെ സിസ്റ്റര്‍ ലൈബ്രറിയുമായി. ദില്ലിയില്‍ നിന്ന് പൂനെ, ഗോവയില്‍ നിന്ന് ബംഗളൂരു, അവസാനം കൊച്ചി ബിനാലെയില്‍. 

'സ്ത്രീകളെ വായിക്കുന്നത് എനിക്ക് കരുത്തു നല്‍കി. ആ അനുഭവം എല്ലാവരുമായും പങ്കുവയ്ക്കണമെന്ന് ഞാന്‍ ആഗ്രഹിച്ചു' എന്നാണ് ലൈബ്രറി തുടങ്ങാനുള്ള കാരണമായി താമി പറയുന്നത്. ഇന്ത്യയില്‍ ഓരോയിടത്ത് സഞ്ചരിക്കുമ്പോഴുമാണ് ഇങ്ങനെ പുസ്തകങ്ങള്‍ വായിക്കാനും സംവദിക്കാനുമുള്ള ഒരു ഇടം എന്നത് എത്ര പ്രധാനമാണ് എന്ന് താമിക്ക് മനസിലാകുന്നത്. പലപ്പോഴും പ്രായമായ ആളുകളാണ് ഏറെ സന്തോഷിച്ചത്. അവര്‍, അവരുടെ കൊച്ചുമക്കളെ കൊണ്ടുവരികയും അവര്‍ക്ക് ഇതാണ് എന്‍റെ ജീവിതത്തെ മാറ്റി മറിച്ച പുസ്തകങ്ങളെന്ന് പരിചയപ്പെടുത്തുകയും ചെയ്തു. ജീവിതത്തിലൊരിക്കലും കാണില്ലെന്ന് കരുതിയ പുസ്തകങ്ങള്‍ കാണാനായതില്‍ പല യുവതികളും മിഴി നിറച്ചു. 

താമി പറയുന്നത്, ഇന്ത്യയില്‍ എല്ലായിടത്തും ഇതുപോലെ ഒരു ഇടത്തിന്‍റെ ആവശ്യമുണ്ട്. പലപ്പോഴും സമൂഹത്തില്‍ പല അറിവുകളും തടഞ്ഞുവയ്ക്കപ്പെട്ടിട്ടുണ്ട്. ചില സ്ത്രീകള്‍ എഴുതിയ കൃതികള്‍ പലയിടത്തും കിട്ടാനില്ല അവ വായിക്കാനുള്ള അവസരം കൂടി ഒരുക്കുകയാണ് താമി. 


 

click me!