കുഞ്ഞിനെ പുറത്ത് കെട്ടിയിട്ട് അമ്പും വില്ലുമായി വേട്ടയാടാൻ പോവുന്ന അമ്മയുടെ കഥ

Published : Jun 04, 2019, 04:07 PM ISTUpdated : Mar 22, 2022, 07:18 PM IST
കുഞ്ഞിനെ പുറത്ത് കെട്ടിയിട്ട് അമ്പും വില്ലുമായി വേട്ടയാടാൻ പോവുന്ന അമ്മയുടെ കഥ

Synopsis

ഏഴുവയസ്സുള്ളപ്പോഴാണ് പ്രശസ്തനായ ഒരു വേട്ടക്കാരനായിരുന്ന അച്ഛൻ റെബേക്കയെ ആദ്യമായി  ഒരു നായാട്ടിനു കൂടെക്കൂട്ടിയത്. 1999-ൽ തന്റെ പത്താമത്തെ വയസ്സിൽ റെബേക്ക ആദ്യമായി ഒരു മൃഗത്തെ തനിയെ വേട്ടയാടിപ്പിടിച്ചു

അമേരിക്കയിൽ വേട്ടയാടാൻ ലൈസൻസ് കൊടുക്കുന്ന ഒരു സ്റ്റേറ്റ് ആണ് ഓഹിയോ. ഇവിടെ കൃത്യമായ ചട്ടങ്ങൾ പാലിച്ചുകൊണ്ട് കാട്ടിനുള്ളിൽ വേട്ടയാടാനുള്ള അനുവാദം കൊടുക്കാറുണ്ട്. കാട്ടിൽ പെറ്റുപെരുകുന്ന ചിലയിനം മൃഗങ്ങളുടെ എണ്ണം നിയന്ത്രണത്തിൽ നിർത്താൻ വേണ്ടിയാണ് പലയിടത്തും ഇത്തരം വിനോദത്തിനായുള്ള വേട്ടയ്ക്കുള്ള അനുമതി നൽകിവരുന്നത്. 

ഇവിടെ വളരെ വ്യത്യസ്തയായ ഒരു വേട്ടക്കാരിയുണ്ട്, മുപ്പതുകാരിയായ റെബേക്കാ സ്റ്റീഫൻസ്. എന്താണ് വ്യത്യസ്തത എന്നല്ലേ..? കാട്ടിലെ വളരെ പ്രയാസകരമായ വേട്ടയ്ക്ക് പോവുമ്പോൾ തന്റെ കഷ്ടിച്ച് ഒരു വയസ്സ് പ്രായമുള്ള മകൾ ഇസബെല്ലയെക്കൂടി റെബേക്ക കൂടെ കൊണ്ടുപോവും. പ്രശസ്തനായ ഒരു വേട്ടക്കാരനായിരുന്നു റെബേക്കയുടെ അച്ഛൻ. ഏഴുവയസ്സുള്ളപ്പോഴാണ് റെബേക്കയെ തന്റെ അച്ഛൻ ഒരു നായാട്ടിനു കൂടെക്കൂട്ടിയത്.അങ്ങനെ കൂടെ പോയിപ്പോയി അവളും അച്ഛനെപ്പോലെ അമ്പെയ്ത്ത് എന്ന പരമ്പരാഗത നായാട്ടുവിദ്യയിൽ വൈദഗ്ധ്യം നേടി.


കുഞ്ഞിനെ നോക്കാൻ വീട്ടിൽ വേറെ ആരും ഇല്ലാത്തതുകൊണ്ടാണ് താൻ അവളെയും കൊണ്ട് പോവുന്നത് എന്നാണ് റെബേക്ക പറയുന്നത്.  എന്നാൽ, അവൾക്ക് കാട്ടിലെ കാലാവസ്ഥയിൽ യാതൊരു വിധത്തിലുള്ള കഷ്ടപ്പാടും ഉണ്ടാവാത്ത വിധത്തിൽ വസ്ത്രങ്ങൾ ധരിപ്പിച്ചാണ് താൻ കൊണ്ട് നടക്കുന്നത് എന്നും അവർ പറഞ്ഞു. 

അച്ഛൻ വേട്ടയാടിക്കൊണ്ടു വന്നിരുന്ന മൃഗങ്ങളുടെ ഇറച്ചിയിൽ നിന്നും അച്ഛൻ കഴിച്ചു ബാക്കി വന്നിരുന്നത് തിന്നു വളർന്ന ഒരു ബാല്യമാണ് റെബേക്കയുടേത്. 1999 -ൽ തന്റെ പത്താമത്തെ വയസ്സിൽ അവർ ആദ്യമായി ഒരു മൃഗത്തെ തനിയെ വേട്ടയാടിപ്പിടിച്ചു. അവിടന്നിങ്ങോട്ട് ഇത്രയും കാലം കൊണ്ട്  റെബേക്ക നിരവധി മാനുകളെയും, മുയലുകളെയും, കാട്ടുപന്നികളെയും മറ്റും തന്റെ അമ്പും വില്ലും ഉപയോഗിച്ച് വേട്ടയാടിപ്പിടിച്ചിട്ടുണ്ട്. വേട്ടയാടിക്കിട്ടുന്ന മൃഗങ്ങളുടെ മാംസം ഭക്ഷണത്തിനായിത്തന്നെയാണ് റെബേക്ക ഉപയോഗിച്ച് വരുന്നത്. തൊലിയും മറ്റും ട്രോഫികൾ ഉണ്ടാക്കാനും അവർ ഉപയോഗിക്കും. 

'റെബേക്ക കുട്ടിക്കാലത്ത് അച്ഛനോടൊപ്പമുള്ള നായാട്ടുകളിലൊന്നിൽ '

കഴിഞ്ഞ ആഗസ്റ്റിൽ ഇസബെല്ല ജനിച്ചിട്ടും റെബേക്കയുടെ നായാട്ടിലുള്ള കമ്പം കുറഞ്ഞില്ല. അമ്മയും മകളും കാട്ടിലെ ഇലപ്പടർപ്പുകളോട്  ഇഴുകിച്ചേരുന്ന  വിധത്തിലുള്ള വസ്ത്രങ്ങളാണ് തെരഞ്ഞെടുക്കാറ്. അതുകൊണ്ടുതന്നെ മൃഗങ്ങളുടെ ശ്രദ്ധയിൽ പെടാതെ ഒളിച്ചിരുന്നു കൊണ്ട് വേട്ടയാടാൻ അവർക്ക് കഴിയാറുണ്ട്. 

ചെറുപ്പത്തിൽ എന്നും വേട്ടയാടികൊണ്ടുവന്നിരുന്ന മാനിറച്ചി ഫ്രീസറിൽ കാണുമായിരുന്നു എന്ന് റെബേക്ക ഓർക്കുന്നു. അതുകൊണ്ടു തന്നെ ഭക്ഷണാവശ്യങ്ങൾക്കായി ഒരിക്കലും ബീഫോ ചിക്കനോ ഒന്നും തന്നെ വാങ്ങേണ്ട ആവശ്യമേ വന്നിരുന്നില്ലായിരുന്നു  അവർക്ക്. 

താൻ വേട്ടയ്ക്കായി ഉന്നം പിടിക്കുമ്പോൾ മണിക്കൂറുകളോളം ചിലപ്പോൾ കരയുകയോ ഒച്ചവെക്കുകയോ ഒന്നും ചെയ്യാതെ മകൾ ഇസബെല്ലയും സഹകരിക്കാറുണ്ട് എന്ന് റെബേക്ക പറയുന്നു. 

PREV
click me!

Recommended Stories

കാച്ചിൽ; വലിയ മുതൽമുടക്കില്ല, വിളവും കുടുതൽ
നിശ്ചയിച്ച് ഉറപ്പിച്ച വിവാഹം മുടങ്ങി, പിന്നാലെ എഐയെ വിവാഹം ചെയ്ത് യുവതി; പങ്കാളിക്ക് മുന്‍വിധികളില്ലെന്ന് വെളിപ്പെടുത്തൽ