മനുഷ്യന്റെ ബന്ധു? 38 ലക്ഷം വർഷം പഴക്കമുള്ള തലയോട്ടിയിൽ നിന്ന് നിർണ്ണായക സൂചന

Published : Aug 29, 2019, 03:13 PM ISTUpdated : Aug 29, 2019, 03:19 PM IST
മനുഷ്യന്റെ ബന്ധു? 38 ലക്ഷം വർഷം പഴക്കമുള്ള തലയോട്ടിയിൽ നിന്ന് നിർണ്ണായക സൂചന

Synopsis

എത്യോപ്യയിലെ വൊറാൻസൊ-മില്ലെയിൽ നിന്നും 2016 ൽ കണ്ടെത്തിയ തലയോട്ടി മനുഷ്യന്റെ ആദിമരൂപമാണെന്നാണ് ഇപ്പോൾ ശാസ്ത്രലോകം എത്തിച്ചേർന്നിരിക്കുന്ന നിഗമനം

ക്ലീവ്‌ലാന്റ്: ഏതാണ്ട് 38 ലക്ഷം വർഷങ്ങൾക്ക് മുൻപ് മനുഷ്യന്റെ ഒരു അകന്ന ബന്ധു, തന്റെ അവസാനത്തെ ചുവട് വച്ചത് ആ നദീതീരത്തായിരുന്നു. കാലങ്ങളോളം മണ്ണിനടിയിൽ കിടന്ന് ഈ തലയോട്ടി കല്ലുകൊണ്ടുണ്ടാക്കിയ ഒരു ഹെൽമറ്റ് പോലെ കാഠിന്യമേറിയതായി. എത്യോപ്യയിലെ വൊറാൻസൊ-മില്ലെയിലെ ഫോസ്സിൽ പഠന കേന്ദ്രത്തിൽ നിന്നും 2016 ൽ കണ്ടെത്തിയ തലയോട്ടി മനുഷ്യന്റെ ആദിമരൂപമാണെന്നാണ് ഇപ്പോൾ ശാസ്ത്രലോകം എത്തിച്ചേർന്നിരിക്കുന്ന നിഗമനം.

ഇതുവരെ കണ്ടെത്തിയതിൽ ഏറ്റവും പ്രാധാന്യമേറിയതാണ് തലയോട്ടിയുടെ ഈ ഭാഗമെന്നാണ് ശാസ്ത്രജ്ഞർ പറയുന്നത്. അമേരിക്കയിലെ ക്ലീവ്‌ലാന്റിൽ സ്ഥിതി ചെയ്യുന്ന നാചുറൽ ഹിസ്റ്ററി മ്യൂസിയത്തിലാണ് തലയോട്ടി ഇപ്പോഴുള്ളത്. പുരുഷവർഗത്തിൽ പെട്ടതാണ് ഇതെന്ന നിഗമനത്തിലാണ് ഗവേഷകർ എത്തിച്ചേർന്നത്. ഒസ്ട്രലോപിതികസ് അനമെൻസിസ് എന്നാണ് ജീവിവർഗ്ഗത്തിന്റെ ശാസ്ത്രീയ നാമം. നേച്ചർ എന്ന ശാസ്ത്ര മാഗസിനിൽ ഇത് സംബന്ധിച്ച ലേഖനം പ്രസിദ്ധീകരിച്ചിട്ടുണ്ട്.

പരിണാമത്തിൽ 42 ലക്ഷം വർഷങ്ങൾക്കും 38 ലക്ഷം വർഷങ്ങൾക്കും ഇടയിലാണ് ഈ ജീവിവർഗം ജീവിച്ചിരുന്നതെന്ന് വിശ്വസിക്കപ്പെടുന്നു. മനുഷ്യന്റെ പരിണാമവുമായി ബന്ധപ്പെട്ട് ഈ കാലത്തെ ജീവിവർഗ്ഗങ്ങളിൽ കൂടുതൽ സാമ്യത ഒസ്ട്രലോപിതികസ് അനമെൻസിസിനാണെന്നാണ് ശാസ്ത്ര ലോകത്തെ പുതിയ വാദം. 

ചരിത്രത്തിൽ ഇന്നേവരെ കണ്ടെത്തിയതിൽ ഏറ്റവും കൂടുതൽ പൂർണ്ണതയുള്ളതാണ് ഈ തലയോട്ടി. അതിനാൽ തന്നെ മനുഷ്യന്റെ പരിണാമവുമായി ബന്ധപ്പെട്ട്, തലയോട്ടിക്കുള്ള സാമ്യതകൾ കൂടുതൽ വ്യക്തമായി മനസിലാക്കാൻ ശാസ്ത്രലോകത്തിന് സാധിച്ചിട്ടുണ്ട്. മനുഷ്യഗണത്തിലേക്കുള്ള ആദിമമനുഷ്യന്റെ പരിണാമത്തിലെ ഒരു ഭാഗം ഒസ്ട്രലോപിതികസിലൂടെയായിരിക്കുമെന്ന വാദം വരും കാലം കൂടുതൽ ചർച്ചകൾക്കും കണ്ടെത്തലുകൾക്കും വഴിതുറന്നേക്കും.

PREV
click me!

Recommended Stories

ഇന്ത്യ ഇഷ്ടമല്ലാത്തതു കൊണ്ടല്ല, കോടികളുണ്ടെങ്കിലും മടങ്ങി വരാത്തത്; ചർച്ചയായി കുറിപ്പ്
സ്വന്തം പേരുപോലും ആ 13 -കാരി പറഞ്ഞില്ല, ഒന്നിനും കാത്തുനിന്നില്ല, തണുത്തുറഞ്ഞ തടാകത്തിൽ വീണ 4 വയസുകാരനെ രക്ഷിക്കാനിറങ്ങി പെണ്‍കുട്ടി