'മരിച്ചാല്‍ കരയാനാളില്ലേ? മഴയോ മഞ്ഞോ വകവെക്കാതെ ഞങ്ങളെത്തും'; മരണവീട്ടില്‍ കരയാനായി മാത്രമെത്തുന്നവര്‍

By Web TeamFirst Published Aug 28, 2019, 7:28 PM IST
Highlights

ശവസംസ്കാരത്തിന് ശേഷം ദിവസങ്ങളോളം താൻ ആരുടെ മരണത്തിനാണോ വിലപിച്ചത് ആ വ്യക്തിയെ സ്വപ്നം കാണാറുണ്ട് എന്ന് കത്രീന പറയുന്നു.

കല്‍പന ലജ്‍മിയുടെ സംവിധാനത്തില്‍ 1993 -ല്‍ ഇറങ്ങിയ സിനിമയാണ് രുദാലി. മഹാശ്വേതാ ദേവിയുടെ കഥയാണ് സിനിമയ്ക്കാധാരം. ഒരു രുദാലിയിലൂടെയാണ് കഥയുടെ സഞ്ചാരം. ആരാണ് രുദാലി എന്ന് അറിയപ്പെടുന്നത്? അപരിചിതരായവരുടെ പോലും മരണത്തിന്, കരയാന്‍ പണം കൊടുത്ത് ഏര്‍പ്പാടാക്കിയിരുന്നവരെയാണ് രുദാലി എന്ന് വിളിച്ചിരുന്നത് (Professional mourning). ഇന്ത്യയിലെ തന്നെ രാജസ്ഥാനടക്കമുള്ള സംസ്ഥാനങ്ങളില്‍ ഇങ്ങനെ കരയുന്നവരുണ്ടായിരുന്നു. അന്നത്തെ, സാമൂഹികമായ ചുറ്റുപാടുകളുമായും ഇതിന് ബന്ധമുണ്ടായിരുന്നു. ഇങ്ങനെ ഒപ്പാരി പാട്ട് പാടുന്നതും കരയുന്നതും താഴ്‍ന്ന ജാതിയില്‍ പെട്ട സ്ത്രീകളായിരുന്നു. ഈജിപ്ഷ്യന്‍, ചൈനീസ്, മെഡിറ്ററേനിയന്‍ സംസ്‍കാരത്തില്‍ നിന്നാണ് ഇതിന്‍റെ വരവ്. 

ഏതായാലും ഇപ്പോള്‍ ഇങ്ങനെ കരയുന്നവരെ ലോകത്തെവിടെയാണെങ്കിലും കാണുക പ്രയാസമാണ്. എന്നാല്‍, റൊമാനിയയിലെ റൊമുലിയില്‍ അങ്ങനെ കരയുന്ന മൂന്ന് സ്ത്രീകള്‍ ഉണ്ട്. ഈ വ്യത്യസ്തമായ ആചാരത്തെ കുറിച്ച് അവര്‍ സംസാരിക്കുന്നു.
( VICE Romania -യ്ക്ക് വേണ്ടി  Mircea Barbu തയ്യാറാക്കിയ റിപ്പോര്‍ട്ട്).

എന്‍റെ വളര്‍ച്ചയുടെ കാലഘട്ടത്തില്‍ ഞാനവരെ കുറിച്ച് കേട്ടിട്ടുണ്ടായിരുന്നു. അപരിചിതരുടെ മരണത്തിന് പാടുകയും കരയുകയും ചെയ്യുന്ന ജോലി ചെയ്യുന്നവരെ കുറിച്ച്. തലയില്‍ സ്കാര്‍ഫ് ചുറ്റിയ, മരണാനന്തരചടങ്ങുകളില്‍, കറുത്ത വസ്ത്രം ധരിച്ചെത്തി ഉറക്കെ കരയുന്നവരെ കുറിച്ച്. അടുത്തിടെ ആ വഴക്കം ഇല്ലാതാകുന്നുവെന്നും ഞാന്‍ കേട്ടിരുന്നു. ഇങ്ങനെ കരയാനായി ചെല്ലുന്നവരില്‍ ശേഷിച്ച ചുരുക്കം ചിലരെ കണ്ടെത്താന്‍ ഞാന്‍ ആഗ്രഹിച്ചു. അതിനായി റൊമാനിയയിലെ അറിയപ്പെടുന്ന ചരിത്രകാരന്മാരെ പലരോടും ഞാന്‍ സംസാരിച്ചു. അതില്‍ മിക്കവരും പറഞ്ഞത് ആ ചടങ്ങ് ഇപ്പോഴില്ല എന്നായിരുന്നു. പക്ഷേ, ഭാഗ്യത്തിന് ഗബ്രിയേല ഹെര്‍ത്തിയെന്ന ഒരു സ്കൂള്‍ അധ്യാപികയിലേക്ക് ഞാനെത്തിച്ചേര്‍ന്നു. റൊമുലിയില്‍ ചുരുക്കം ചിലര്‍ ഇപ്പോഴും ഇങ്ങനെ കരയുന്നവരായി തുടരുന്നുവെന്ന് അവരാണെന്നോട് പറഞ്ഞത്. അവര്‍ക്ക് അവരുടെ കഥ പറയാന്‍ സന്തോഷമായിരിക്കും എന്നും. അങ്ങനെയാണ് അവരെ കാണാനായി ഞാന്‍ റൊമുലിയിലെത്തുന്നത്. 

ഗവ്രീല കത്രീന, അന ഹെയ്ദല്‍, അനിക്ക ബള്‍സ് എന്നിവരായിരുന്നു ആ മൂന്ന് സ്ത്രീകള്‍. ആ നാട്ടില്‍ നടക്കുന്ന മരണവീടുകളിത്തി, ഉറക്കെ കരയുകയും, സങ്കടത്തിന്‍റെ പാട്ടുകള്‍ പാടുകയും ചെയ്യുന്നു അവര്‍. ആ പാട്ടുകള്‍ പലപ്പോഴും മരണപ്പെട്ടവര്‍ക്ക് വേണ്ടി എഴുതപ്പെട്ട പാട്ടായിരുന്നിരിക്കും. 

1930 -കളില്‍ പ്രസിദ്ധീകരിക്കപ്പെട്ടിരുന്ന ഒരു പുസ്‍തകമുണ്ട്. മണ്ണടിഞ്ഞവർക്കുള്ള നൂറു ഗീതകങ്ങൾ: യുവതികൾക്കും കുട്ടികൾക്കും സ്ത്രീകൾക്കും പുരുഷന്മാർക്കുമുള്ള ചാവുപാട്ടുകൾ (100 verses for the dead – Funeral songs for young girls, children, women, and men) എന്നായിരുന്നു അതിന്‍റെ പേര്. മരിച്ചവര്‍ക്കായി പാടാനുള്ള പാട്ടിന്‍റെ വരികളെഴുതാനായി ആ പുസ്തകം ഈ സ്ത്രീകള്‍ക്ക് സഹായകമായിത്തീര്‍ന്നു. മരണാനന്തര ചടങ്ങുകള്‍ക്ക് മുമ്പ് ഈ സ്ത്രീകളെത്തിച്ചേരുകയും വരികള്‍ തയ്യാറാക്കുകയും ചെയ്യുന്നു. അതിന് ഏറെയും സഹായകമാകുന്നത് 80 വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള ഈ പുസ്തകം തന്നെയാണ്. 

ഈ ചടങ്ങ് ഇല്ലാതാവുകയാണ് എന്ന് ഇവര്‍ക്കറിയാം. റൊമാനിയയില്‍ ഇങ്ങനെ കരയുകയും പാടുകയും ചെയ്യുന്ന അവസാനത്തെ ആളുകള്‍ തങ്ങളായിരിക്കാം എന്നുമറിയാം. ''ചെറുപ്പക്കാര്‍ക്ക് മരിച്ചവര്‍ക്കായി പാടാന്‍ ഇഷ്ടമില്ല. അത് നാണക്കേടാണ് എന്നാണ് അവര്‍ കരുതുന്നത്'' കൂട്ടത്തിലെ ഏറ്റവും പ്രായം കുറഞ്ഞ 60 വയസ്സുകാരി അനിക്ക ബള്‍സ് പറയുന്നു. 

കൂട്ടത്തിലെ ഏറ്റവും പ്രായം കൂടിയ ആളും തമാശക്കാരിയും അന ഹെയ്‍ദലാണ്. ''മഴയോ മഞ്ഞുവീഴ്ചയോ ആകട്ടെ, നിങ്ങൾ മരിക്കുമ്പോൾ ഞങ്ങൾ നിങ്ങൾക്കായി പാടിയിരിക്കും. ഞങ്ങൾ പാട്രിയോട്ടിക് ഗാർഡുകളാണ് (രാജ്യത്തെ വിദേശ ഇടപെടലിനെ ചെറുക്കുന്നതിനായി നിക്കോളെ ചൗഷസ്ക്യുവിന്‍റെ കമ്മ്യൂണിസ്റ്റ് ഭരണത്തിൻ കീഴിൽ സൃഷ്ടിക്കപ്പെട്ട ഒരു സന്നദ്ധ അർദ്ധസൈനിക വിഭാഗമാണ് പാട്രിയോട്ടിക് ഗാര്‍ഡ്). ഞങ്ങൾക്കതുകൊണ്ട് തന്നെ ഒന്നിനേയും ഭയമില്ല. മെഷീന്‍ഗണ്ണുപയോഗിച്ച് വെടിവെക്കാനുള്ള ധൈര്യം വരെ ഞങ്ങള്‍ക്കുണ്ട്'' എന്നാണ് അന പറയുന്നത്. 

ഈ സ്ത്രീകളുമായി സംസാരിക്കുമ്പോള്‍ മരണം അത്ര ഭയപ്പെടേണ്ടതല്ല എന്ന ചിന്ത തന്നെ നമ്മളിലുണ്ടാകുന്നുണ്ട്. മാത്രമല്ല മരണം ഒഴിവാക്കാനാകാത്തതുമാണ്. പക്ഷേ, കരച്ചിലും പാട്ടും ഈ സ്ത്രീകളുടെ ജീവിതത്തെ ബാധിച്ചിട്ടുണ്ട് എന്നും ഇവര്‍ പറയുന്നുണ്ട്. ശവസംസ്കാരത്തിന് ശേഷം ദിവസങ്ങളോളം താൻ ആരുടെ മരണത്തിനാണോ വിലപിച്ചത് ആ വ്യക്തിയെ സ്വപ്നം കാണാറുണ്ട് എന്ന് കത്രീന പറയുന്നു. അടുത്തിടെ സഹോദരിയെ നഷ്ടപ്പെട്ട അനിക്കയും ഇത് സമ്മതിക്കുന്നുണ്ട്. ആ സമയത്ത് കരയുക എന്നത് വളരെ ബുദ്ധിമുട്ടേറിയതായിരുന്നുവെന്ന് അവര്‍ പറയുന്നു. 

മറ്റുള്ളവരെപ്പോലെ ഇത്തരം സ്വപ്നങ്ങളൊന്നും കാണാറില്ലെങ്കിലും വളരെ ചെറുപ്പത്തില്‍ മരിച്ചുപോയവരെ കാണുമ്പോള്‍, അവരുടെ ബന്ധുക്കളുടെ തകര്‍ന്ന  അവസ്ഥ കാണുമ്പോള്‍ വേദന തോന്നാറുണ്ടെന്നും അവിടെ നില്‍ക്കേണ്ടി വരുന്നത് ബുദ്ധിമുട്ടാകാറുണ്ടെന്നും ഹെയ്ദല്‍ പറയുന്നു. 

വടക്കൻ റൊമാനിയയിലെ സലൗവില്‍ ആർട്ട് ആൻഡ് ഹിസ്റ്ററി മ്യൂസിയത്തിന്റെ മാനേജരാണ് കൊറീന ബെജിനാരിയു. പിഎച്ച്ഡിയുടെ ഭാഗമായി ശവസംസ്കാര ചടങ്ങുകളെ കുറിച്ച് പഠിച്ചിരുന്നു ബെജിനാരിയു. ഇന്ന് മിക്ക ആളുകളും അവരുടെ വേദന അടക്കിപ്പിടിക്കുന്നവരാണെന്നും ഇത് പലപ്പോഴും കാര്യങ്ങൾ വഷളാക്കുന്നുവെന്നുമാണ് ബെദിനാരിയുവിന്‍റെ അഭിപ്രായം. ''ദു:ഖം പ്രകടിപ്പിക്കുന്നതും കരയുന്നതും എന്തോ മോശം കാര്യമാണ്, കരുത്തരായ മനുഷ്യര്‍ കരയില്ല എന്നാണ് ഇന്ന് ആളുകള്‍ ചിന്തിക്കുന്നത്. ആ ചിന്തകളെ മാറ്റാനും കരച്ചില്‍ എന്നത് അങ്ങനെയല്ല എന്ന് ബോധ്യപ്പെടുത്താനും ഈ സ്ത്രീകളിലൂടെ സാധിക്കുന്നു''വെന്നും ബെജിനാരിയു പറയുന്നു.

ഈ കരച്ചിലും പാട്ടും ജനപ്രിയമല്ലാതായതിനു പുറമേ ക്രിസ്തീയ സഭകളുടെ വിയോജിപ്പും ഈ ചടങ്ങില്ലാതാക്കുന്നതില്‍ പങ്കുവഹിച്ചിട്ടുണ്ട് എന്നും ബെജിനാരിയു പറയുന്നു. റൊമുലിയിലെ ഓര്‍ത്തഡോക്സ് ചര്‍ച്ച് വൈദികനായ ഫാദര്‍ നിക്കോള ടര്‍ഗോവെറ്റും അത് ശരിവെക്കുന്നുണ്ട്. ഇത് ക്രിസ്തീയമായ ആചാരമല്ലെന്നാണ് അദ്ദേഹത്തിന്‍റെ അഭിപ്രായം. നാല് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഈ നഗരത്തിലെത്തിയപ്പോള്‍ മിക്ക മരണവീട്ടിലും ഈ ചടങ്ങുകള്‍ കാണാറുണ്ടായിരുന്നു. അത് ഞെട്ടിച്ചിരുന്നു. തികച്ചും നാടകീയമായ രംഗമാണ് ഇതുവഴി അരങ്ങേറിയിരുന്നത്. മരണം യാത്രയുടെ അവസാനമല്ല. അതിനെ പ്രതീക്ഷയോടെയാണ് നേരിടേണ്ടത്. മറിച്ച് ഇങ്ങനെ കരഞ്ഞുകൊണ്ടുള്ള നാടകീയ രംഗങ്ങളിലൂടെയല്ലെന്നും അദ്ദേഹം പറയുന്നു. 


(കടപ്പാട്: VICE)

click me!