
ചില ജോലികൾ നമുക്ക് എന്തെന്നില്ലാത്ത സന്തോഷവും സമാധാനവും തരും. അതുപോലെയാണ് അരിസോണയിൽ നിന്നുള്ള ജാക്കലിൻ എസ്രെയുടെ ജീവിതത്തിലും സംഭവിച്ചത്. ഏകദേശം രണ്ട് വർഷങ്ങൾക്ക് മുമ്പ് ജാക്കലിൻ കരുതിയിരുന്നത് എന്നും താൻ തപാൽ എത്തിക്കുന്ന ഒരാളായി ജോലി ചെയ്യേണ്ടി വരും എന്നാണ്. എന്നാൽ, ഇപ്പോൾ അവളൊരു സ്കൂൾ ബസ് ഡ്രൈവറാണ്. അതിന്റെ സന്തോഷം പറഞ്ഞറിയിക്കാനാവാത്തതാണ് ജാക്കലിന്. തന്റെ ജീവിതത്തിലെ ഏറ്റവും അർത്ഥവത്തായ ഒരു കരിയർ മാറ്റമായിരുന്നു ഇതെന്നാണ് അവൾ പറയുന്നത്.
ആദ്യത്തെ ജോലി വളരെ ബുദ്ധിമുട്ട് നിറഞ്ഞതായിരുന്നു. എല്ലായിടത്തും സഞ്ചരിക്കേണ്ടി വരും. എപ്പോഴും പുറത്തായിരിക്കും. തന്റെ കുട്ടികളോടൊപ്പം സമയം ചെലവഴിക്കുന്നതിനേക്കാൾ കൂടുതൽ താൻ സമയം ചെലവഴിച്ചത് ജോലിസ്ഥലത്താണ് എന്നാണ് അവൾ പറയുന്നത്. അങ്ങനെ ജാക്കലിൻ ആ ജോലി ഉപേക്ഷിച്ചു. തൊട്ടടുത്ത് പലയിടങ്ങളിലും ജോലിക്ക് അപേക്ഷിച്ചെങ്കിലും എവിടെയും കിട്ടിയില്ല. അപ്പോഴാണ് ഒരു ദിവസം ഒരു പരസ്യബോർഡ് കാണുന്നത്. സ്കൂൾ ബസിന് ഡ്രൈവറെ നിയമിക്കുന്നു എന്നതായിരുന്നു പരസ്യം. ഡ്രൈവറില്ലെങ്കിൽ പകരക്കാരിയായിട്ടാണ് ജോലി ചെയ്യേണ്ടത്.
സ്വന്തം കാറല്ലാതെ മറ്റൊരു വാഹനവും ഓടിച്ചിട്ടില്ലാത്ത ജാക്കലിൻ അങ്ങനെ സ്കൂൾ ബസ് ഡ്രൈവറുടെ ജോലിക്ക് അപേക്ഷിച്ചു. എന്തായാലും അവൾക്ക് ആ ജോലി കിട്ടി. വലിയ ടെൻഷനോടെയാണ് താൻ ആ ജോലി തുടങ്ങിയത് എന്ന് അവൾ പറയുന്നു. ആദ്യത്തെ ദിവസം കൈകളും ദേഹവുമൊക്കെ കടുത്ത വേദനയായിരുന്നു. എന്നാൽ, രണ്ട് വർഷത്തിന് ശേഷം ജാക്കലിൻ പറയുന്നത്, തനിക്ക് ഈ ജോലി തന്നത് വലിയ ആത്മവിശ്വാസമാണ് എന്നാണ്. മികച്ച ഒരു ഡ്രൈവറായി അവൾ മാറിക്കഴിഞ്ഞു.
പകരക്കാരിയായ ബസ് ഡ്രൈവറായിട്ടായിരുന്നു ജാക്കലിനെ നിയമിച്ചത് എന്നതിനാൽ തന്നെ രാവിലെ വരെ ഏത് റൂട്ടിലാവും ഓടേണ്ടത് എന്ന് അറിയില്ല. മാത്രമല്ല, പലപ്പോഴും കുട്ടികൾ സ്റ്റോപ്പ് മറന്നു പോവുക, ബസിൽ ബഹളം വയ്ക്കുക തുടങ്ങി ഒരുപാട് പ്രശ്നങ്ങളുണ്ടാവും. പക്ഷേ, കുഞ്ഞുങ്ങൾക്ക് അവളെ വലിയ ഇഷ്ടമാണ്. ഏറ്റവും മിടുക്കിയായ ഡ്രൈവറായിട്ടാണ് കുഞ്ഞുങ്ങൾ അവളെ കാണുന്നത്. അത് തരുന്ന സന്തോഷം വലുതാണ് എന്നാണ് ജാക്കലിൻ പറയുന്നത്.