പരസ്പരം വെടിവച്ച് കൊല്ലുകയോ ചാവുകയോ ചെയ്യരുത്, പണം തരാം, ​ഗുണ്ടകൾക്ക് തോക്കുപേക്ഷിക്കാൻ പണം വാഗ്ദാനം

By Web TeamFirst Published Sep 3, 2021, 12:49 PM IST
Highlights

പുതിയ തൊഴിൽ കണ്ടെത്താൻ ശ്രമിക്കുക, പ്രൊബേഷൻ വ്യവസ്ഥകൾ പാലിക്കുക, അല്ലെങ്കിൽ ഒരു മെന്ററിംഗ് പ്രോഗ്രാമിൽ പങ്കെടുക്കുക തുടങ്ങിയ മറ്റ് ചില കാര്യങ്ങൾ ചെയ്താൽ നേരത്തെ പറഞ്ഞ 300 ഡോളറിനൊപ്പം 200 ഡോളർ വരെ അധികമായി ലഭിക്കുകയും ചെയ്യും. 

സാൻ ഫ്രാൻസിസ്കോ പരീക്ഷണാടിസ്ഥാനത്തിൽ ഒരു വ്യത്യസ്തമായ പദ്ധതി നടപ്പിലാക്കാൻ പോവുകയാണ്. ഇത് പ്രകാരം വെടിവച്ച് മറ്റൊരാളെ കൊല്ലാനോ, വെടിയേറ്റ് കൊല്ലപ്പെടാനോ സാധ്യതയുള്ള ക്രിമിനൽ പശ്ചാത്തലമുള്ള ആളുകൾക്ക് പ്രതിമാസം 300 ഡോളർ (ഏകദേശം 21000 രൂപ) നൽകുമെന്ന് വാഗ്ദാനം ചെയ്യുന്നു. അതിന് ഒരു കാര്യം ചെയ്താല്‍ മതി അവർ പരസ്പരം വെടിവയ്ക്കില്ലെന്ന് ഉറപ്പ് നൽകണം. 

ആക്രമണങ്ങളുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങള്‍ തടയുന്നതിനുള്ള 'woke' എന്ന് പേരിട്ടിരിക്കുന്ന ഈ പദ്ധതി ഒക്ടോബറിൽ ആരംഭിക്കും. കുറ്റവാളികൾക്ക് തോക്കുകൾ ഉപേക്ഷിക്കാൻ പ്രോത്സാഹനമായി ഗിഫ്റ്റ് കാർഡുകൾ വാഗ്ദാനം ചെയ്യുകയാണ് ഇതുവഴി. 

'ഡ്രീം കീപ്പർ ഫെലോഷിപ്പ്' എന്ന് വിളിക്കപ്പെടുന്ന, ഈ പൈലറ്റ് പ്രോഗ്രാം 10 വ്യക്തികളെങ്കിലും വെടിവയ്പ് നടത്താനോ വെടിയുതിർക്കാനോ സാധ്യതയുള്ളതായി കണക്കാക്കപ്പെടുന്നു. അവർക്ക് 'പൊതു സുരക്ഷാ അംബാസഡർമാർ' ആയി പ്രവർത്തിക്കാനാണ് 300 ഡോളർ നൽകുന്നത്. കൂടാതെ സാൻ ഫ്രാൻസിസ്കോയിലെ എല്ലാ കൊലപാതകങ്ങളിലും പകുതിയിലേറെയും 12 ക്രിമിനൽ ഗ്രൂപ്പുകളിൽ പെടുന്ന ഒരേ സംഘങ്ങളാണ് ഉൾപ്പെടുന്നത് എന്ന് കാണിക്കുന്ന ഡാറ്റ പുറത്ത് വന്നിരുന്നു. 

പുതിയ തൊഴിൽ കണ്ടെത്താൻ ശ്രമിക്കുക, പ്രൊബേഷൻ വ്യവസ്ഥകൾ പാലിക്കുക, അല്ലെങ്കിൽ ഒരു മെന്ററിംഗ് പ്രോഗ്രാമിൽ പങ്കെടുക്കുക തുടങ്ങിയ മറ്റ് ചില കാര്യങ്ങൾ ചെയ്താൽ നേരത്തെ പറഞ്ഞ 300 ഡോളറിനൊപ്പം 200 ഡോളർ വരെ അധികമായി ലഭിക്കുകയും ചെയ്യും. പ്രാദേശിക നികുതിദായകർ, സ്വകാര്യ സംഭാവനകൾ, ഫെഡറൽ ഗ്രാന്റ് എന്നിവയില്‍ നിന്നെല്ലാമായിരിക്കും പ്രോഗ്രാമിന് ധനസഹായം കണ്ടെത്തുക. മുൻവർഷവുമായി താരതമ്യം ചെയ്യുമ്പോൾ സാൻഫ്രാൻസിസ്കോയിൽ ഈ വർഷം ഇതുവരെ തന്നെ തോക്ക് ഉപയോഗിച്ചുള്ള കുറ്റകൃത്യങ്ങൾ 100 ശതമാനം വർദ്ധിച്ചുവെന്നാണ് പറയുന്നത്. 

ഈ ക്രിമിനലുകള്‍ക്ക് മറ്റൊരു വരുമാനമാര്‍ഗം ഇല്ലാത്തതിനാലാണ് ഇത്തരം ആക്രമസംഭവങ്ങളുണ്ടാകുന്നതെന്നും അത് തടയാനാണ് ഇങ്ങനെയൊരു പദ്ധതി എന്നും അധികൃതര്‍ പറയുന്നു. ക്രിമിനലുകളുടെ സാമ്പത്തിക സാഹചര്യങ്ങൾ അക്രമാസക്തമായ കുറ്റകൃത്യങ്ങൾ നടത്താൻ കാരണമാകുന്നു എന്ന സിദ്ധാന്തത്തെ അടിസ്ഥാനമാക്കിയുള്ളതാണ് ഈ വിവാദ പൈലറ്റ് പദ്ധതിയെന്ന് നഗര അധികൃതർ അവകാശപ്പെടുന്നു.

ഹ്യൂമൻ റൈറ്റ്സ് കമ്മീഷനും ഇക്കണോമിക് ആന്റ് വർക്ക്ഫോഴ്സ് ഡവലപ്മെൻറ് ഓഫീസിനും കീഴിൽ പ്രവർത്തിക്കുന്ന ഈ പ്രോഗ്രാം, ഡ്രീം കീപ്പർ ഇനിഷ്യേറ്റീവ് എന്ന ഫണ്ടിലൂടെയാണ് പ്രവര്‍ത്തിക്കുക. കൃത്യമായി പരോള്‍, പ്രൊബേഷന്‍ ഓഫീസര്‍മാരെ ഇവര്‍ കാണുന്നുണ്ടോ എന്ന് ഉറപ്പ് വരുത്തുമെന്ന് സാന്‍ഫ്രാന്‍സിസ്കോ മേയര്‍ ലണ്ടന്‍ ബ്രീഡ് പറയുന്നു. 

സാൻ ഫ്രാൻസിസ്കോയിൽ നിന്നുള്ള ഈ സംരംഭത്തെ എന്നാൽ വിമർശകർ പെട്ടെന്ന് തന്നെ ആക്രമിച്ചു. 2016 -ൽ കാലിഫോർണിയയിലെ റിച്ച്മണ്ടിൽ ആരംഭിച്ച ഒരു പദ്ധതിയുടെ മാതൃകയിലാണ് ഈ പദ്ധതിയും നടപ്പിലാക്കാൻ ഉദ്ദേശിക്കുന്നത്. എന്നാൽ, 2019 -ലെ ഒരു പഠനം പറയുന്നത് നഗരത്തിലെ തോക്ക് ഉപയോഗിച്ചുള്ള കൊലപാതകങ്ങൾ 55 ശതമാനം കുറയ്ക്കാൻ ഈ പദ്ധതി സഹായിച്ചു എന്നാണ്. പക്ഷേ, അത്തരമൊരു പരിപാടി വീണ്ടും അല്ലെങ്കിൽ മറ്റെവിടെയെങ്കിലും വിജയിക്കുമോ എന്ന് മനസിലാക്കാന്‍ ഇത്ര ചെറിയ ഉദാഹരണം കൊണ്ട് കഴിയില്ലെന്നാണ് വിമര്‍ശകര്‍ പറയുന്നത്. ആളുകളെ വെടിവച്ചുകൊല്ലാതിരിക്കാനായി ശമ്പളം നല്‍കുക എന്നത് പരിഹാസ്യമാണ് എന്നും പലരും അഭിപ്രായപ്പെട്ടു. 

click me!