സഹതടവുകാരിയാണ് എന്ന് ജയിൽ ജീവനക്കാരെ മുഴുവൻ തെറ്റിദ്ധരിപ്പിച്ച് പ്രതി രക്ഷപ്പെട്ടു, പൊല്ലാപ്പിലായി ഒരു ജയിൽ

By Web TeamFirst Published Sep 3, 2021, 11:39 AM IST
Highlights

ഗോബ്ലെയുടെ ഈ റിലീസ് സമയത്ത് പുതിയ ജീവനക്കാരാണ് അവിടെ ചാര്‍ജ്ജിലുണ്ടായിരുന്നത്. അതിനാല്‍ തന്നെ, രണ്ട് സ്ത്രീകളും തമ്മിലുള്ള ചെറിയ വ്യത്യാസങ്ങൾ അവർക്ക് കാണാൻ കഴിഞ്ഞില്ല. 

സഹതടവുകാരിയാണ് എന്ന് തെറ്റിദ്ധരിപ്പിച്ച ശേഷം ജയിലിൽ നിന്നും രക്ഷപ്പെട്ട ഒരു പ്രതിക്ക് വേണ്ടി തെരച്ചില്‍ നടക്കുകയാണ് ഇപ്പോള്‍ യുഎസ്സിലെ മിസൂറിയില്‍. എലൻ റെനയ് ഗോബ്ലെ (24) എന്ന സ്ത്രീ മറ്റൊരു തടവുകാരിയായി അഭിനയിക്കുകയും ശനിയാഴ്ച രാവിലെ മിസൂറിയിലെ കൊളംബസിലെ റാൻഡോൾഫ് കൗണ്ടി ജയിലിൽ നിന്ന് രക്ഷപ്പെടുകയും ചെയ്തുവെന്ന് എബിസി 17 റിപ്പോർട്ട് ചെയ്തു. 

മോഷണം, മയക്കുമരുന്ന് കൈവശം വയ്ക്കൽ, സാധുവായ ലൈസൻസില്ലാതെ വാഹനമോടിക്കല്‍ എന്നിവ ഉൾപ്പെടെ ഒന്നിലധികം കുറ്റങ്ങൾ ചുമത്തിയാണ് ഗോബ്ലെ പിടിക്കപ്പെട്ടത്. അവൾ മറ്റൊരാളായി അഭിനയിക്കുകയായിരുന്നു എന്ന് മറ്റ് തടവുകാർ ജീവനക്കാരോട് പറയുന്നതുവരെ അവൾ രക്ഷപ്പെട്ടതായി ജയിലധികൃതര്‍ അറിഞ്ഞിരുന്നില്ല.

ഗോബ്ലെയെ മറ്റൊരു സെല്ലിലേക്ക് മാറ്റിയപ്പോൾ മുതലാണ് ആശയക്കുഴപ്പം ആരംഭിക്കുന്നത്. ഷെരീഫ് ആരോൺ വിൽസൺ പറയുന്നതനുസരിച്ച്, ജയിലില്‍ നിന്നും പുറത്തിറങ്ങാറായിട്ടുള്ള ഒരു സ്ത്രീയുണ്ടായിരുന്നു. അവരുടെ പേര് വിളിച്ചപ്പോള്‍ പകരം വന്നത് ഗോബ്ലെയാണ്. മറ്റ് തടവുകാരുടെ വ്യക്തിപരമായ വിശദാംശങ്ങളെക്കുറിച്ച് ​ഗോബ്ലെയ്ക്ക് അറിയാമായിരുന്നു, കൂടാതെ മോചിതയാകുന്ന സമയത്ത് യഥാർത്ഥത്തിൽ ജയിൽ മോചിതയാകേണ്ടിയിരുന്ന സ്ത്രീയുടെ പേര് എഴുതി ഒപ്പിടുകയും ചെയ്തു അവൾ.

ഗോബ്ലെയുടെ ഈ റിലീസ് സമയത്ത് പുതിയ ജീവനക്കാരാണ് അവിടെ ചാര്‍ജ്ജിലുണ്ടായിരുന്നത്. അതിനാല്‍ തന്നെ, രണ്ട് സ്ത്രീകളും തമ്മിലുള്ള ചെറിയ വ്യത്യാസങ്ങൾ അവർക്ക് കാണാൻ കഴിഞ്ഞില്ല. പ്രത്യേകിച്ചും ഗോബ്ലെയും യഥാര്‍ത്ഥത്തില്‍ മോചിപ്പിക്കേണ്ടിയിരുന്ന സ്ത്രീയും ഏകദേശം ഒരുപോലെ ഉയരവും തടിയും ഉള്ളവരായിരുന്നു. "രണ്ടുപേരുടെയും ചിത്രങ്ങളും ഒരുമിച്ച് ചേർത്താൽ നിങ്ങൾക്ക് പോലും ഒരു വ്യത്യാസവും പറയാൻ കഴിയില്ല. എന്നിരുന്നാലും അത് സംഭവിക്കരുതായിരുന്നു" എന്ന് ഷെരീഫ് വിൽസൺ പറഞ്ഞു.

"ഞങ്ങളുടെ ജയിൽ വളരെ സുരക്ഷിതമാണ്. ഇതൊരു ഒറ്റപ്പെട്ട സംഭവമാണ്, അത് ആവർത്തിക്കാതിരിക്കാൻ ഞങ്ങൾ എല്ലാ സുരക്ഷാ മുൻകരുതലുകളും എടുത്തിട്ടുണ്ട്” എന്നും ഷെരീഫ് കൂട്ടിച്ചേർത്തു. ഷെരീഫിന്റെ ഓഫീസ് ഒരു ആഭ്യന്തര അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഏതായാലും ആൾമാറാട്ടം നടത്തി രക്ഷപ്പെട്ട ​ഗോബ്ലെയ്ക്ക് വേണ്ടി അന്വേഷണം പൊടിപൊടിക്കുകയാണ്. 

click me!