
54 -കാരിയായ കാമുകിയോടുള്ള പ്രണയത്തിന്റെ പേരിലും ആ പ്രണയം പ്രകടിപ്പിക്കാൻ സ്വീകരിച്ച വഴിയുടെ പേരിലും വാർത്തകളിൽ ഇടം നേടുകയാണ് ജപ്പാനിൽ നിന്നുള്ള ഒരു 33 -കാരൻ. പിന്നീട്, യുവാവ് കാമുകിയായിരുന്ന ഇവരെ വിവാഹം ചെയ്യുകയും ചെയ്തു. 21 വയസിന്റെ വ്യത്യാസമുണ്ടെങ്കിലും പ്രണയത്തിന് അതൊന്നും ഒരു തടസമായിരുന്നില്ല എന്നാണ് യുവാവ് പറയുന്നത്. 40 മില്യൺ യെൻ (ഏകദേശം 2,41,31,976 കോടി) രൂപയുടെ ഒരു വീടും യുവാവ് തന്റെ പ്രണയിനിക്ക് വേണ്ടി വാങ്ങിയത്രെ.
സൗത്ത് ചൈന മോർണിംഗ് പോസ്റ്റിന്റെ റിപ്പോർട്ട് പ്രകാരം, ജൂനിയർ സ്കൂളിൽ പഠിക്കുമ്പോൾ തന്റെ സഹപാഠിയായിരുന്ന കുട്ടിയുടെ അമ്മയെയാണ് ഇസാമു ടോമിയോക പ്രണയിച്ചത്. മിഡോറി എന്നായിരുന്നു അവരുടെ പേര്. ഇവരെ ഇസാമു ആദ്യമായി കാണുന്നത് പാരന്റ്സ് മീറ്റിംഗിൽ പങ്കെടുക്കാനെത്തിയപ്പോഴാണ്. പിന്നീട്, വർഷങ്ങൾക്ക് ശേഷം തന്റെ സുഹൃത്തിന്റെ സലൂണിൽ വെച്ച് വീണ്ടും കണ്ടുമുട്ടിയപ്പോഴാണ് മിഡോറിയോട് ഇസാമുവിന് പ്രണയം തോന്നിയതത്രെ.
"കണ്ടമാത്രയിൽ തന്നെ ഞാൻ മിഡോറിയുമായി പ്രണയത്തിലായി" എന്നാണ് ഇസാമു പറയുന്നത്. "അവൾ സുന്ദരിയും, ശാന്തസ്വഭാവക്കാരിയും, സൗന്ദര്യമുള്ളവളുമായിരുന്നു" എന്നും ഇസാമു പറഞ്ഞു. ഇരുവരും കാണുന്നതിന് തൊട്ടുമുമ്പാണ് മിഡോറി വിവാഹമോചിതയാകുന്നത്. ഇസാമു അവളുടെ നമ്പറും മറ്റും വാങ്ങി. പ്രണയമാണ് എന്ന് പറഞ്ഞപ്പോൾ ആദ്യമൊന്നും മിഡോറി സമ്മതിച്ചിരുന്നില്ല. എന്നാൽ, പയ്യെപ്പയ്യെ അവരും പ്രണയത്തിലാവുകയായിരുന്നു.
മിഡോറിക്ക് വേണ്ടി വിലയേറിയ ഒരുപാട് സമ്മാനങ്ങൾ ഇസാമു വാങ്ങി. അവളെ ഡിസ്‍നിലാൻഡിലേക്ക് യാത്ര കൊണ്ടുപോയി. എന്നാൽ, മിഡോറിയുടെ മാതാപിതാക്കൾക്ക് ഈ ബന്ധത്തിൽ വലിയ എതിർപ്പായിരുന്നു. മിഡോറിക്ക് ഇത്രയും വയസായി, കുട്ടികളുണ്ടാവില്ല, നിന്റെ പ്രായത്തിന് ചേർന്ന ഒരാളെ വിവാഹം കഴിക്കൂ എന്നാണ് അവളുടെ മാതാപിതാക്കൾ ഇസാമുവിനോട് പറഞ്ഞത്. എന്നാൽ, അവരെ വിവാഹത്തിന് സമ്മതിപ്പിക്കാനാണ് രണ്ട് കോടിയിലധികം വില വരുന്ന ഒരു വീട് ഇസാമു വാങ്ങിയത്. ഒടുവിൽ മിഡോറിയുടെ കുടുംബം വിവാഹത്തിന് സമ്മതിച്ചു. അങ്ങനെ മിഡോറിയും ഇസാമുവും കഴിഞ്ഞ വർഷം വിവാഹിതരാവുകയായിരുന്നു.