
മധ്യപ്രദേശിലെ ഗ്വാളിയോറിൽ റോഡിൽ പരസ്യമായി മൂത്രമൊഴിക്കുന്നത് ചോദ്യം ചെയ്തതിന് പിന്നാലെ തെരുവ് കച്ചവടക്കാരെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയെന്ന് പരാതി. സംഭവത്തിന്‍റെ വീഡിയോ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളില്‍ വൈറലായി. ഗ്വാളിയോറിലെ സിറോള്‍ പ്രദേശത്ത് കവിഞ്ഞ ബുധനാഴ്ചയാണ് സംഭവം നടന്നതെന്ന് റിപ്പോര്‍ട്ടുകൾ പറയുന്നു. തങ്ങളുടെ വണ്ടികൾക്ക് സമീപത്ത് നിന്നും ഒരാൾ മൂത്രമൊഴിക്കുന്നത് കണ്ട പ്രാദേശിക തെരുവ് കച്ചവടക്കാരാണ് എതിർപ്പുമായി രംഗത്തെത്തിയത്. പക്ഷേ പിന്നാലെ നടന്ന സംഭവങ്ങൾ ഞെട്ടലുണ്ടാക്കുന്നതാണ്.
സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പങ്കുവയ്ക്കപ്പെട്ട വീഡിയോയിൽ മൂത്രമൊഴിക്കുന്നയാളും തെരുവ് കച്ചവടക്കാരും തമ്മില്‍ രൂക്ഷമായ വാക്ക് തര്‍ക്കം നടക്കുന്നത് കാണാം. ഇതിന് പിന്നാലെ ഇയാൾ തോക്ക് എടുക്കുകയും കച്ചവടക്കാര്‍ക്ക് നേരെ നീട്ടുകയും ചെയ്യുന്നു. പിന്നാലെ ഇയാൾ തെരുവ് കച്ചവടക്കാരോട് അപമര്യാദയായി പെരുമാറിയെന്നും അവരുടെ സ്വഭാവ ശുദ്ധിയെ കുറിച്ച് മോശമായ തരത്തില്‍ സംസാരിച്ചെന്നും റിപ്പോര്‍ട്ടുകൾ പറയുന്നു. തെരുവ് കച്ചവടക്കാരിയുടെ മകളെ കുറിച്ചാണ് ഇയാൾ മോശമായ രീതിയില്‍ സംസാരിച്ചത്. ഇതോടെ തെരുവ് കച്ചവടക്കാരി ഇയാളുടെ മുന്നിലേക്ക് വന്ന് നില്‍ക്കുന്നു. ഇതോടെ ഇയാൾ കീശയില്‍ നിന്നും ഒരു പിസ്റ്റൾ പുറത്തെടുത്ത് കൈയില്‍ പിടിക്കുന്നതും വീഡിയോയില്‍ കാണാം. ഇതിനിടെ സ്ത്രീകൾ ഇയാളെ തള്ളിമാറ്റാന്‍ ശ്രമിക്കുന്നതും വീഡിയോയില്‍ കാണാം.
വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായതിന് പിന്നാലെ പോലീസ് ഇയാൾക്കെതിരെ കേസെടുത്തു. തെരുവ് കച്ചവടക്കാര്‍ നല്‍തിയ പരാതി പ്രകാരം കാറിൽ എത്തിയ ഒരാൾ അവരുടെ വണ്ടിയുടെ അടുത്തേക്ക് വരികയും അവിടെ വച്ച് പരസ്യമായി മൂത്രമൊഴിക്കാൻ തുടങ്ങുകയുമായിരുന്നു. എതിർത്തപ്പോൾ അയാൾ അസഭ്യം വിളിച്ചു. "നിങ്ങളുടെ വണ്ടി ഞാൻ അടച്ചുപൂട്ടിക്കും" എന്ന് ആക്രോശിച്ച പ്രതി ഏതാണ്ട് 20 മിനിറ്റോളം നേരം തോക്കുയർത്തി കച്ചവടക്കാരെ അഭസ്യം വിളിച്ചു. സംഭവത്തില്‍ ആയുധ നിയമപ്രകാരം കേസെടുത്തെന്നും അന്വേഷണം ആരംഭിച്ചെന്നും പോലീസ് കൂട്ടിച്ചേര്‍ത്തു.