
ബോഡി മോഡിഫിക്കേഷൻ നടത്തി സ്വന്തം ശരീരത്തെ ഇഷ്ടമുള്ള രീതിയിലേക്ക് ആളുകൾ മാറ്റുന്നത് പുതിയ കാര്യമല്ല. ഒരുപക്ഷേ നമ്മുടെ രാജ്യത്ത് ഇതത്ര സാധാരണമല്ലെങ്കിലും വിദേശരാജ്യങ്ങളിൽ നിരവധി ആളുകളാണ് ബോഡി മോഡിഫിക്കേഷനിലൂടെ സ്വന്തം ശരീരത്തിൽ രൂപമാറ്റങ്ങൾ വരുത്തുന്നത്. ഇത്തരത്തിൽ വിചിത്രമായ രീതിയിൽ ബോഡി മോഡിഫിക്കേഷൻ നടത്തുന്നവരുമായി ബന്ധപ്പെട്ട നിരവധി വാർത്തകൾ സമീപകാലങ്ങളിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
ഇപ്പോഴിതാ അത്തരത്തിൽ ഏറെ വിചിത്രമായ മറ്റൊരു സംഭവം കൂടി റിപ്പോർട്ട് ചെയ്യപ്പെടുകയാണ്. ഫ്രാൻസിൽ നിന്നുള്ള 35 കാരനാണ് കറുത്ത ഏലിയന്റെ രൂപത്തിലേക്ക് മാറുന്നതിനായി വൻതോതിലുള്ള ശരീരപരിവർത്തനങ്ങൾക്ക് ഇപ്പോൾ വിധേയനായിരിക്കുന്നത്. ആന്റണി ലോഫ്രെഡ എന്ന ഈ ചെറുപ്പക്കാരൻ ഇപ്പോൾ തന്റെ സ്വപ്ന രൂപം കൈവരിക്കാൻ രണ്ട് ചെവികളും മൂക്കും രണ്ടു വിരലുകളും സ്വമേധയാ മുറിച്ചുമാറ്റിയാണ് മാധ്യമങ്ങളിൽ ഇടം പിടിക്കുന്നത്.
ശരീരം മുഴുവൻ കറുത്ത നിറത്തിലേക്ക് മാറ്റാൻ കണ്ണ് ഉൾപ്പെടെ ശരീരത്തിന് മുഴുവൻ ഭാഗങ്ങളിലും ഇയാൾ മുൻപ് ടാറ്റു ചെയ്തിരുന്നു. കൂടാതെ നാവ് പൂർണമായും പച്ചനിറത്തിൽ ആക്കുകയും ചെയ്തിട്ടുണ്ട്. ഇതിനെല്ലാം പുറമേ മുഖത്തും ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലും പലതരത്തിലുള്ള ഇംപ്ലാന്റുകളും ഘടിപ്പിച്ചിട്ടുണ്ട്. ശരീരത്തിൽ ഇത്രയേറെ മാറ്റങ്ങൾ വരുത്തുകയും ചെവിയും വിരലുകളും മൂക്കും ഉൾപ്പെടെ മുറിച്ചു കളയുകയും ചെയ്തിട്ടും തൻറെ രൂപമാറ്റം അവസാനിപ്പിക്കാൻ ആന്റണി തീരുമാനിച്ചിട്ടില്ല എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. അടുത്തിടെ ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ഇദ്ദേഹം പറയുന്നത് തൻറെ ഒരു കാൽ കൂടി മുറിച്ചു മാറ്റാനുള്ള ഒരുക്കത്തിലാണ് താൻ എന്നാണ്.
ഒരു ഹോട്ടലിലാണ് ഇപ്പോൾ ഇയാൾ താമസിക്കുന്നത്. സമൂഹത്തിൽ ഇറങ്ങിയാൽ എല്ലാവരും തന്നെ മാറ്റിനിർത്തുകയാണ് എന്നാണ് ഇയാളുടെ പരാതി. വീട്ടുകാരുടെ ഭാഗത്തുനിന്ന് പോലും പലപ്പോഴും തനിക്ക് വിവേചനങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ടെന്നും ആൻറണി പറയുന്നു. പക്ഷേ, അതൊന്നും തനിക്ക് പ്രശ്നമല്ലെന്നും തന്റെ ജീവിതവുമായി മുന്നോട്ടു പോകാനാണ് തനിക്ക് ആഗ്രഹം എന്നും അയാൾ പറയുന്നു. താൻ വളരെ സെക്സി ആയിട്ടുള്ള ഒരാളാണ് എന്നും ആന്റണി പറയുന്നു.
ഇത്രയേറെ പരിവർത്തനങ്ങൾ ശരീരത്തിൽ വരുത്തിയിട്ടും താൻ ആഗ്രഹിച്ച രീതിയിലേക്ക് ശരീരം പൂർണ്ണമായും മാറിക്കഴിഞ്ഞിട്ടില്ല എന്നാണ് ആൻറണി പറയുന്നത്. 46% മാറ്റങ്ങൾ മാത്രമാണ് ഇപ്പോൾ തന്റെ ശരീരത്തിൽ വരുത്തിയിരിക്കുന്നതൊന്നും ഇനിയും നിരവധി മാറ്റങ്ങൾ വരുത്താൻ ഉണ്ടെന്നും ഇയാൾ പറയുന്നു.