
പലതരത്തിലുള്ള കാര്യങ്ങൾക്ക് പ്രശസ്തമായ നിരവധി ഗ്രാമങ്ങൾ നമ്മുടെ രാജ്യത്തുണ്ട്. എന്നാൽ, രാജ്യസേവനത്തിന് ഏറ്റവും അധികം സംഭാവന നൽകിയതിന്റെ പേരിൽ വളരെ അധികം അറിയപ്പെടുന്ന ഒരു ഗ്രാമമുണ്ട്. ഉത്തർപ്രദേശിലെ സെയ്ദ്പൂർ എന്ന ഗ്രാമമാണ് ഇത്. ഈ ഗ്രാമത്തിന്റെ ഹൃദയഭാഗത്ത് രാജ്യത്തിന് വേണ്ടി ജീവൻ ബലിയർപ്പിച്ച നിരവധി ഗ്രാമവാസികളുടെ പേരുകൾ ഉൾക്കൊള്ളുന്ന അഭിമാനകരമായ ഒരു സ്മാരകം തന്നെ സ്ഥാപിച്ചിട്ടുണ്ട്. രാജ്യത്തിന്റെ സേവനത്തിനായി ഇതുവരെ സെയ്ദ്പൂർ സമ്മാനിച്ചത് 9600 സൈനികരെയാണ്.
ഗ്രാമത്തിൽ നിന്നുള്ള ഈ സൈനികർ ഒന്നാം ലോക മഹായുദ്ധം മുതൽ ഇങ്ങോട്ടുള്ള നിരവധി യുദ്ധങ്ങളിൽ പങ്കെടുത്തിട്ടുണ്ട്. 20,000 നിവാസികളുള്ള ഗ്രാമത്തിലെ മുഴുവൻ ജനസംഖ്യയും പ്രതിരോധ സേനയുടെ മൂന്ന് ശാഖകളായ കരസേന, വ്യോമസേന, നാവികസേന എന്നിവയുമായി നേരിട്ടോ അല്ലാതെയോ ബന്ധപ്പെട്ടിരിക്കുന്നു. ഗ്രാമീണരിൽ മറ്റൊരു ചെറിയ വിഭാഗം ആളുകൾ പൊലീസ് സേനയിലും വിവിധ അർദ്ധസൈനിക വിഭാഗങ്ങളിലും ജോലി ചെയ്തിട്ടുള്ളവരും ചെയ്യുന്നവരും ആണ്.
ബുലന്ദ്ഷഹർ ജില്ലാ ആസ്ഥാനത്ത് നിന്ന് 30 കിലോമീറ്റർ അകലെയാണ് സെയ്ദ്പൂർ ഗ്രാമം. 21,000 നിവാസികൾ ആണ് ഇപ്പോൾ ഈ ഗ്രാമത്തിൽ ഉള്ളത്. ഇവരിൽ 2450 വ്യക്തികൾ സൈനികരായി നിലവിൽ സേവനമനുഷ്ടിക്കുന്നു,1100 പേർ ഇപ്പോൾ സൈന്യത്തിൽ ചേർന്നിട്ടുണ്ട്. കൂടാതെ, 550 ഗ്രാമീണർ യുപി പൊലീസും അർദ്ധസൈനിക സേനയും ഉൾപ്പെടെ വിവിധ സർക്കാർ സേവനങ്ങളിൽ ജോലി ചെയ്യുന്നു.
ഒന്നാം ലോകമഹായുദ്ധസമയത്ത്, ബ്രിട്ടീഷുകാർ ഉത്തർപ്രദേശ്, പഞ്ചാബ്, രാജസ്ഥാൻ എന്നിവിടങ്ങളിൽ നിന്ന് സൈനികരെ വിദേശ ഡ്യൂട്ടിക്കായി അയച്ചപ്പോൾ, സെയ്ദ്പൂർ ഗ്രാമത്തിൽ നിന്ന്, 155 സൈനികർ ഒന്നാം ലോകമഹായുദ്ധത്തിൽ പങ്കാളികളായി. 29 സൈനികർക്ക് യുദ്ധത്തിൽ ജീവൻ നഷ്ടപ്പെട്ടു, 60 പേർ വിദേശത്ത് സ്ഥിരതാമസമാക്കാൻ തീരുമാനിച്ചു, 66 പേർ ഗ്രാമത്തിലേക്ക് മടങ്ങിയെത്തി.
1962-ലെ ഇന്ത്യ-ചൈന യുദ്ധം, 1965-ലെയും 1971-ലെയും ഇന്ത്യ-പാകിസ്ഥാൻ സംഘർഷങ്ങൾ ഈ യുദ്ധങ്ങളിൽ എല്ലാം ഈ ഗ്രാമത്തിലെ സൈനികർ പങ്കാളികളായി. ഇപ്പോഴും രാജ്യസേവനത്തിനായി ജീവിതം മാറ്റി വയ്ക്കുന്ന യുവാക്കൾ ഗ്രാമത്തിലെ സ്ഥിരം കാഴ്ചയാണ്. ഒരു വീട്ടിൽ നിന്ന് കുറഞ്ഞത് ഒരു സൈനികനെങ്കിലും ഉണ്ട് എന്നതാണ് സെയ്ദ്പൂർ ഗ്രാമത്തെ വ്യത്യസ്തമാക്കുന്നത്.