
വീഡിയോ ഗെയിമുകൾക്ക് അടിപ്പെട്ട് ജീവിതം തന്നെ അവസാനിപ്പിക്കുകയോ അക്രമണ വാസന കാണിക്കുകയോ ചെയ്തവരുടെ നിരവധി ഉദാഹരണങ്ങൾ ഇതിനകം ലോകമെമ്പാടുനിന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. എന്നാൽ, വീഡിയോ ഗെയിമുകൾ കളിക്കുന്നതിലൂടെ തന്‍റെ ജീവൻ രക്ഷിച്ചതെങ്ങനെയെന്ന് വെളിപ്പെടുത്തുകയാണ് 37 -കാരനായ ഒരു ഗെയിമർ. കുട്ടിക്കാലത്ത് സ്‌കൂളിൽ നേരിടേണ്ടി വന്ന കഠിനമായ പീഡനങ്ങളിൽ നിന്നും നിരാശകളിൽ നിന്നും സമാധാനം കണ്ടെത്താൻ ഗെയിമിംഗ് സഹായിച്ചില്ലായിരുന്നെങ്കിൽ തന്‍റെ ജീവിതം മറ്റേതെങ്കിലും അപകടകരമായ വഴിയിലേക്ക് പോയേനേയെന്ന് അദ്ദേഹം പറയുന്നു.
മൂത്ത സഹോദരനും അമ്മാവന്മാരുമാണ് യുവാവിനെ ഗെയിമിംഗിന്‍റെ ലോകത്തേക്ക് കൈപിടിച്ചുയർത്തിയത്. സെഗ ജെനസിസ്, പ്ലേസ്റ്റേഷൻ 1, എക്സ്ബോക്സ് തുടങ്ങിയ കൺസോളുകൾ അവരാണ് വീട്ടിൽ എത്തിച്ചിരുന്നത്. സ്‌കൂളിലെ അനുഭവങ്ങളും ക്രൂരമായ പീഡനവും മൂലം ഉൾവലിഞ്ഞ പ്രകൃതക്കാരനായതിനാലും പഠനത്തിൽ പിന്നാക്കമായിരുന്നതിനാലും സഹപാഠികൾ അദ്ദേഹത്തെ നിരന്തരം അവഗണിക്കുകയും അധ്യാപകർ സ്‌കൂളിൽ നിന്നുതന്നെ ഒഴിവാക്കാൻ ശ്രമിക്കുകയും ചെയ്തിരുന്നു. "ഒൻപതാം ക്ലാസിലെ ഫൈനൽ പരീക്ഷയിൽ പരാജയപ്പെട്ടതോടെ അവർ എന്നെ സ്‌കൂളിൽ നിന്ന് പുറത്താക്കി. മുൻപ് ഏഴാം ക്ലാസിലും ഞാൻ തോറ്റിരുന്നു. എന്നെ ശിക്ഷിക്കുന്നതിനായി ഏഴാം ക്ലാസ് വീണ്ടും പഠിപ്പിക്കാൻ അച്ഛൻ ആഗ്രഹിച്ചെങ്കിലും അമ്മ എതിർത്തു. ഒടുവിൽ എല്ലാവരുടെയും നിർദ്ദേശപ്രകാരം സ്‌കൂൾ മാറുകയായിരുന്നു," അദ്ദേഹം ഓർക്കുന്നു.
എന്നാൽ, പുതിയ സ്‌കൂളിലും സ്ഥിതി വ്യത്യസ്തമായിരുന്നില്ല. തോറ്റെത്തിയ മറ്റൊരു സഹപാഠി ദിവസവും അദ്ദേഹത്തെ ശാരീരികമായും മാനസികമായും ഉപദ്രവിക്കാൻ തുടങ്ങി. "അവൻ എന്‍റെ ജീവിതത്തിലെ ഒരു ദുരന്തമായി മാറി. ഒൻപതാം ക്ലാസ് വരെ ഈ പീഡനം തുടർന്നു. മാതാപിതാക്കളോട് പരാതി പറഞ്ഞെങ്കിലും അവർ കാര്യമായി എടുത്തില്ല. ചില സമയങ്ങളിൽ ഈ ബുല്ലിയെ കൊല്ലാൻ പോലും ഞാൻ മനസ്സിൽ ആഗ്രഹിച്ചിട്ടുണ്ട്," അദ്ദേഹം വെളിപ്പെടുത്തുന്നു. ഇതിനിടെയാണ് ആശ്വാസമായി ഗെയിമിംഗ് ലോകത്തേക്ക് കടക്കുന്നത്. തീവ്രമായ ദേഷ്യവും ആത്മഹത്യാ ചിന്തകളും ഉയർന്ന സമയത്താണ് വീഡിയോ ഗെയിമുകൾ അദ്ദേഹത്തിന്‍റെ രക്ഷയ്‌ക്കെത്തുന്നത്.
"സങ്കടവും വേദനയും തോന്നുമ്പോഴൊക്കെ ഞാൻ കൺസോളുകൾ ഓൺ ചെയ്ത് വെർച്വൽ ലോകങ്ങളിൽ മുഴുകും. ഗെയിമുകൾ കളിക്കുമ്പോഴൊക്കെ മനസ്സിലെ ദേഷ്യമെല്ലാം മാഞ്ഞുപോകുമായിരുന്നു. ജീവിതം അവസാനിപ്പിക്കാൻ തോന്നുമ്പോൾ, ഇനിയും അനുഭവിക്കാനിരിക്കുന്ന ഗെയിമുകളെക്കുറിച്ച് ഓർത്ത് ഞാൻ അതിൽ നിന്ന് പിന്തിരിഞ്ഞു. ഗെയിമുകൾ ഇല്ലായിരുന്നെങ്കിൽ ഞാൻ ഇന്നെവിടെയും എത്തില്ലായിരുന്നു," അദ്ദേഹം കൂട്ടിച്ചേർത്തു. ഇന്ന് താൻ സന്തോഷകരമായ ഒരു ദാമ്പത്യ ജീവിതമാണ് നയിക്കുന്നതെന്നും തന്‍റെ ഗെയിമിംഗ് താല്പര്യങ്ങൾക്ക് ഭാര്യ നൽകുന്ന പിന്തുണയെക്കുറിച്ചും അദ്ദേഹം തന്‍റെ കുറിപ്പിൽ പങ്കുവെച്ചു.
സോഷ്യൽ മീഡിയയിൽ ഈ അനുഭവക്കുറിപ്പിന് വലിയ തോതിലുള്ള പിന്തുണയാണ് ലഭിക്കുന്നത്. വീഡിയോ ഗെയിമുകൾ കേവലം സമയം കളയുന്ന ഒന്നല്ലെന്നും, പല കുട്ടികൾക്കും ചുറ്റുമുള്ള യാഥാർത്ഥ്യങ്ങളിൽ നിന്നുള്ള നല്ലൊരു ആശ്വാസ മാർഗ്ഗമാണെന്ന് മാതാപിതാക്കൾ മനസ്സിലാക്കണമെന്ന് നിരവധി പേരാണ് എഴുതിയത്, അതേസമയം മറ്റ് ചിലർ തെറ്റായ തീരുമാനങ്ങളിലേക്ക് പോകാതെ പ്രതിസന്ധികളെ നേരിട്ട അദ്ദേഹത്തിന്‍റെ മനക്കരുത്തിനെ നിരവധിയാളുകൾ അഭിനന്ദിച്ചു.