ഉണ്ട്, മരങ്ങൾക്കും അവകാശങ്ങൾ; പുതിയ പരിസ്ഥിതി മാതൃക മുന്നോട്ട് വച്ച് കനേഡിയൻ മുനിസിപ്പാലിറ്റി

Published : Aug 15, 2026, 04:47 PM IST
tree

Synopsis

കാനഡയിലെ ടെറാസ്-വോഡ്രെയ് മുനിസിപ്പാലിറ്റി, മരങ്ങളെ ജീവനുള്ള സത്തകളായി അംഗീകരിച്ച് അവയുടെ അവകാശങ്ങൾ ഔദ്യോഗികമായി പ്രഖ്യാപിക്കുന്ന ലോകത്തിലെ ആദ്യത്തെ മുനിസിപ്പാലിറ്റിയായി മാറി. ഈ പ്രമേയം മരങ്ങൾക്ക് ജീവിക്കാനും വളരാനും പുനരുജ്ജീവിക്കാനുമുള്ള അവകാശം നൽകുന്നു. കാലാവസ്ഥാ വ്യതിയാനത്തിനെതിരായ പോരാട്ടത്തിൽ മരങ്ങളെ പ്രധാന സഖ്യകക്ഷിയായി കാണുന്നു.

ഭൂമിയുടെ അവകാശികളാര് എന്ന ചോദ്യം വളരെ പണ്ടുകാലം മുതൽ തന്നെ മനുഷ്യൻ ഉയർത്തിയിരുന്നു. പലപ്പോഴും ഈ ചോദ്യം മനുഷ്യനെന്ന ഒരു ഉത്തരത്തിലായിരുന്നു പലരും അവസാനിപ്പിച്ചത്. എന്നാൽ മനുഷ്യൻ മാത്രമല്ല, മനുഷ്യനുള്ള അവകാശത്തിനൊപ്പം മറ്റ് എല്ലാ ജീവജാലങ്ങൾക്കും ഈ ഭൂമിയിൽ അവകാശമുണ്ടെന്ന ശക്തമായ വാദവും ശക്തമായി ഉയ‍ർന്നിരുന്നു. ഒടുവിൽ, അക്കാര്യത്തിൽ പുതിയൊരു നീക്കവുമായി കാനഡയിലെ ഒരു മുനിസിപ്പാലിറ്റി രംഗത്തെത്തിയിരിക്കുന്നു. മരങ്ങളെ വെറും പ്രകൃതി വിഭവങ്ങളായി കാണാതെ, ജീവിക്കുന്ന സത്തകളായും സംരക്ഷിക്കപ്പെടേണ്ടവയായും അംഗീകരിച്ച് കാനഡയിലെ ക്യൂബെക്കിലുള്ള ടെറാസ്-വോഡ്രെയ് (Terrasse-Vaudreuil) മുനിസിപ്പാലിറ്റിയാണ് പുതിയ ചുവടുവെപ്പ് നടത്തിയത്. ജൂൺ 9 -ന് ചേർന്ന കൗൺസിൽ യോഗത്തിൽ, മരങ്ങളുടെ അടിസ്ഥാന അവകാശങ്ങൾ അംഗീകരിക്കുന്ന പ്രമേയം ടെറാസ്-വോഡ്രെയ് മുനിസിപ്പാലിറ്റി ഏകകണ്ഠേന പാസാക്കി. ഇതോടെ Universal Declaration of Tree Rights ഔദ്യോഗികമായി അംഗീകരിക്കുന്ന ആദ്യ മുനിസിപ്പാലിറ്റിയായി ടെറാസ്-വോഡ്രെയ് മാറി.

മരങ്ങളോടുള്ള ഉത്തരവാദിത്വം

പരിസ്ഥിതി വക്താവും ക്യൂബെക്കിലെ വൃക്ഷങ്ങളുടെ അവകാശങ്ങളുടെ സാർവത്രിക പ്രഖ്യാപനത്തിനായി വാദിച്ച ലാ കോംപാഗ്നി ഡെസ് പാപ്പിലോൺസ് ബ്ലൂസിന്‍റെ സ്ഥാപകനുമായ റിക്കാർഡോ റേ എഴുതിയ പ്രഖ്യാപനത്തിന്‍റെ അടിസ്ഥാനത്തിൽ, മരങ്ങൾക്ക് ജീവിക്കാനും വളരാനും അവയുടെ അഖണ്ഡത നിലനിർത്താനും പുനരുജ്ജീവിക്കാനുമുള്ള അവകാശങ്ങളുണ്ടെന്ന് പ്രമേയം വ്യക്തമാക്കുന്നു. ഭൂമിയിലെ ജീവന്‍റെ നിലനിൽപ്പ് മരങ്ങളുമായി അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നതിനാൽ, മനുഷ്യർ മരങ്ങളോട് ഉത്തരവാദിത്വത്തോടെയും ഐക്യദാർഢ്യത്തോടെയും പെരുമാറണമെന്ന് ഈ പ്രഖ്യാപനം ചൂണ്ടിക്കാട്ടുന്നു. എന്നാൽ, ഈ പ്രമേയം മരങ്ങൾക്ക് മനുഷ്യരെപ്പോലെ നിയമപരമായ വ്യക്തിത്വം നൽകുന്നില്ല. കോടതിയിൽ സ്വതന്ത്രമായി അവകാശവാദം ഉന്നയിക്കാനുള്ള നിയമപരമായ അധികാരവും ഇതിലൂടെ ലഭിക്കില്ല. പകരം, മരങ്ങളോടുള്ള മനുഷ്യ സമൂഹത്തിന്‍റെയും പൊതുസ്ഥാപനങ്ങളുടെയും ഉത്തരവാദിത്വം നിർവചിക്കുന്ന നൈതിക, ശാസ്ത്രീയ, സാംസ്കാരിക, വിദ്യാഭ്യാസ ചട്ടക്കൂടായാണ് പ്രഖ്യാപനം വിഭാവനം ചെയ്തിരിക്കുന്നത്.

മരങ്ങളും ശ്വസിക്കും ആശയവിനിമയം നടത്തും

മേയർ മിഷേൽ ബൂർദോയുടെ അഭിപ്രായത്തിൽ, ക്യൂബെക്ക് സംവിധായകൻ ആന്ദ്രെ ദെഷ്രോഷെയുടെ Des arbres et des arts എന്ന സിനിമയാണ് സമൂഹത്തെ ഈ തീരുമാനത്തിലേക്ക് പ്രേരിപ്പിച്ചത്. മരങ്ങൾ ശ്വസിക്കുകയും ജീവിക്കുകയും വേരുകളിലൂടെ പരസ്പരം ആശയവിനിമയം നടത്തുകയും ചെയ്യുന്ന ജീവികളാണെന്ന ആശയം സിനിമ മുന്നോട്ടുവയ്ക്കുന്നു. പുതിയ പ്രമേയത്തിന്‍റെ ഭാഗമായി നിലവിലെ ചട്ടങ്ങൾ പുനഃപരിശോധിച്ച്, മരം മുറിക്കേണ്ടി വന്നാൽ സംരക്ഷണമോ പകരം വൃക്ഷത്തൈ നട്ടുപിടിപ്പിക്കലോ ഉറപ്പാക്കാനാണ് നഗരത്തിന്‍റെ പദ്ധതി. താമസക്കാർക്ക് മരങ്ങൾ നട്ടുപിടിപ്പിക്കാൻ തൈകൾ നൽകുന്നതും നഗരവൃക്ഷവൽക്കരണം വർധിപ്പിക്കുന്നതും മുനിസിപ്പാലിറ്റിയുടെ പരിഗണനയിലുണ്ട്.

മരങ്ങൾ മനുഷ്യന്‍റെ ഏറ്റവും വലിയ സഖ്യകക്ഷി

ചൂട് കുറയ്ക്കാനും വായു ശുദ്ധീകരിക്കാനും ജലവിഭവങ്ങൾ സംരക്ഷിക്കാനും ജൈവവൈവിധ്യം നിലനിർത്താനും മരങ്ങൾ സഹായിക്കുന്നതിനാൽ അവയെ “ഹരിത അടിസ്ഥാനസൗകര്യം” എന്നാണ് ടെറാസ്-വോഡ്രെയ് മേയർ വിശേഷിപ്പിക്കുന്നത്. അടുത്തകാലത്ത് മൂന്ന് തവണ വെള്ളപ്പൊക്കം നേരിട്ട പ്രദേശത്തെ ജനങ്ങൾക്ക് കാലാവസ്ഥാ വ്യതിയാനത്തിന്‍റെ ആഘാതം നേരിട്ട് അനുഭവപ്പെട്ടിട്ടുണ്ട്. അതുകൊണ്ടുതന്നെ, കാലാവസ്ഥാ മാറ്റത്തിനെതിരായ പോരാട്ടത്തിൽ മരങ്ങളാണ് തങ്ങളുടെ ഏറ്റവും വലിയ സഖ്യകക്ഷിയെന്നും മേയർ കൂട്ടിച്ചേർത്തു.

PREV
Read more Articles on
click me!

Recommended Stories

11.5 കോടിയുടെ ആസ്തി; 38 -ാം വയസ്സിൽ വിരമിക്കാൻ പൂനെ ദമ്പതികൾ; സോഷ്യൽ മീഡിയയിൽ ചർച്ച
1 കോടി ശമ്പളം തരാമെന്ന് പറഞ്ഞ ജോലി വേണ്ടെന്നുവച്ച് 25 -കാരൻ, മാനസികാരോ​ഗ്യമാണ് വലുത്...