'ഇവിടെ ആരാണ് സീനിയർ, ആരാണ് ജൂനിയർ, അതോ ഞാൻ ഇയാളുടെ പേഴ്സണൽ അസിസ്റ്റന്റാണോ എന്ന് എനിക്ക് മനസ്സിലാകുന്നില്ല. തൊഴിലിടങ്ങളിൽ ഇത്തരമൊരു നിലപാടിനെ അംഗീകരിക്കാനോ സ്വാഭാവിക കാര്യമായി കാണാനോ കഴിയില്ല' എന്ന് അഭിഭാഷക എക്‌സിൽ കുറിച്ചു.

രാവിലെ ഒമ്പത് മണിക്ക് കോടതിയിലെത്താൻ ആവശ്യപ്പെട്ട സീനിയർ വക്കീലിനോട്, 'ആ സമയത്ത് ജിമ്മിൽ പോകേണ്ടതുണ്ട്, അതിനാൽ വരാൻ കഴിയില്ല' എന്ന് ജെൻ സി ഇന്റേൺ. ഡെൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന മുതിർന്ന അഭിഭാഷകയാണ് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിൽ അനുഭവം വിവരിച്ചത്. കോടതിയിലെ നടപടികൾക്കും കേസ് വിവരങ്ങൾ കൈമാറുന്നതിനുമായാണ് ഇന്റേണിനോട് ഒമ്പത് മണിക്ക് എത്താൻ ആവശ്യപ്പെട്ടതെന്ന് അഭിഭാഷക പറയുന്നു. എന്നാൽ ജിം സമയം ചൂണ്ടിക്കാട്ടി ഈ ആവശ്യം തള്ളിയ ഇന്റേൺ, വേണമെങ്കിൽ ഒരു 'പ്രത്യേക സാഹചര്യം' എന്ന നിലയിൽ അന്നേക്ക് മാത്രം ഒമ്പത് മണിക്ക് വരാമെന്ന് മറുപടി നൽകുകയായിരുന്നു.

'ഇവിടെ ആരാണ് സീനിയർ, ആരാണ് ജൂനിയർ, അതോ ഞാൻ ഇയാളുടെ പേഴ്സണൽ അസിസ്റ്റന്റാണോ എന്ന് എനിക്ക് മനസ്സിലാകുന്നില്ല. തൊഴിലിടങ്ങളിൽ ഇത്തരമൊരു നിലപാടിനെ അംഗീകരിക്കാനോ സ്വാഭാവിക കാര്യമായി കാണാനോ കഴിയില്ല' എന്ന് അഭിഭാഷക എക്‌സിൽ കുറിച്ചു.

പോസ്റ്റ് വൈറലായതോടെ പ്രൊഫഷണലുകളും വിദ്യാർത്ഥികളും ഉൾപ്പടെയുള്ളവർ വിഷയത്തിൽ ഇരുചേരിയായി തിരിഞ്ഞ് വാദപ്രതിവാദങ്ങൾ ആരംഭിച്ചു. ഒരു തുടക്കക്കാരൻ എന്ന നിലയിൽ അടിസ്ഥാനപരമായ ജോലി ഉത്തരവാദിത്തങ്ങളേക്കാൾ ഇത്തരം കാര്യങ്ങൾക്ക് മുൻഗണന നൽകുന്നത് തൊഴിലിനോടുള്ള ഗൗരവമില്ലായ്മയാണെന്ന് ഒരു വിഭാഗം ചൂണ്ടിക്കാട്ടി. നിയമരംഗത്ത് ജോലി ചെയ്യുമ്പോൾ പുലർച്ചെ മുതൽ സമയബന്ധിതമായി കാര്യങ്ങൾ ചെയ്യേണ്ടി വരുമെന്നും, ഇന്റേൺഷിപ്പ് കാലത്ത് വ്യക്തിപരമായ പലകാര്യങ്ങളും മാറ്റിവെച്ചാണ് തങ്ങൾ ജോലി പഠിച്ചതെന്നും പല മുതിർന്ന അഭിഭാഷകരും പ്രതികരിച്ചു.

Scroll to load tweet…

എന്നാൽ അധിക സമയം ജോലി ചെയ്യുന്നതിന് ഇന്റേണിന് വേതനം നൽകുന്നുണ്ടോ എന്നും, ജോലി സമയത്തിന് പുറത്തുള്ള സ്വകാര്യജീവിതവും സ്വാതന്ത്ര്യവും അതിരുകളും സംരക്ഷിക്കാൻ തുടക്കക്കാർക്കും അവകാശമുണ്ടെന്നും മറുവിഭാഗം വാദിച്ചു. വിമർശനങ്ങൾ ഉയർന്നതോടെ അഭിഭാഷക തന്നെ വിശദീകരണവുമായി രംഗത്തെത്തി. തങ്ങളുടെ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന ഇന്റേണുകൾക്ക് കൃത്യമായ വേതനവും യാത്രാബത്തയും നൽകുന്നുണ്ടെന്നും, കോടതി സമയം രാവിലെ ഒമ്പത് മണി എന്നത് സാധാരണ രീതി മാത്രമാണെന്നുമാണ് അവർ പറഞ്ഞത്. ജിമ്മിൽ പോകുന്നതല്ല പ്രശ്നം, ഒരു ഉത്തരവാദിത്തം നിർവഹിക്കുന്നതിനെ സീനിയറിന് ചെയ്തുനൽകുന്ന ഔദാര്യമായി കാണിക്കുന്ന മനോഭാവമാണ് പ്രകോപനപരമെന്നും അവർ കൂട്ടിച്ചേർത്തു.