'ഒരു വർഷത്തിലേറെ നീണ്ട തൊഴിലന്വേഷണത്തിനൊടുവിൽ ഹൈ-ടെക് മേഖലയിൽ നിന്ന് നേരിട്ട വിവേചനങ്ങളും തളർച്ചകളും മറികടന്ന് എന്റെ അടുത്ത അധ്യായം ആരംഭിക്കുകയാണ്. അടുത്ത ആഴ്ച മുതൽ എന്റെ പ്രാദേശിക സ്കൂൾ ഡിസ്ട്രിക്ടിൽ ഞാൻ സ്കൂൾ ബസ് ഡ്രൈവറായി ജോലിക്ക് കയറുന്നു.'
ടെക് രംഗത്ത് ഇന്ന് പിരിച്ചുവിടലുകൾ ഏറെയാണ്. വർഷങ്ങളോളം ജോലി ചെയ്ത സ്ഥാപനത്തിൽ നിന്നും ഒരു സുപ്രഭാതത്തിൽ പിരിച്ചുവിടുന്നതിന്റെ വേദന വളരെ വലുതാണ്. അതുപോലെ, ടെക് രംഗത്തെ ദീർഘകാലത്തെ അനുഭവസമ്പത്തുണ്ടായിട്ടും പിരിച്ചുവിടപ്പെട്ട ഒരു മുതിർന്ന സോഫ്റ്റ്‌വെയർ ക്വാളിറ്റി എൻജിനീയർ ഇപ്പോൾ പുതിയൊരു തൊഴിൽ മേഖലയിലേക്ക് എത്തിയിരിക്കയാണ്. അഡോബിയിൽ (Adobe) ഇരുപത്തഞ്ച് വർഷത്തിലധികം ജോലി ചെയ്ത ജെയിംസ് സ്ട്രോൺ ആണ് ഒരു വർഷത്തിലേറെ നീണ്ട തൊഴിലന്വേഷണത്തിനൊടുവിൽ സ്‌കൂൾ ബസ് ഡ്രൈവറായി പുതിയ ജീവിതം ആരംഭിച്ചിരിക്കുന്നത്.
2025 ജൂണിൽ ജോലി നഷ്ടപ്പെട്ട ജെയിംസ് സ്ട്രോൺ, ഒരു വർഷത്തിലധികം നീണ്ട കഷ്ടപ്പാടുകൾക്കും ബുദ്ധിമുട്ടുകൾക്കും ശേഷം സ്വന്തം ജില്ലയിലെ സ്കൂൾ ബസ് ഡ്രൈവറാകാൻ തീരുമാനിക്കുകയായിരുന്നു. ഈ മാറ്റത്തെക്കുറിച്ച് അദ്ദേഹം ലിങ്ക്ഡ്ഇൻ പോസ്റ്റിൽ കുറിച്ചു.
'ഒരു വർഷത്തിലേറെ നീണ്ട തൊഴിലന്വേഷണത്തിനൊടുവിൽ ഹൈ-ടെക് മേഖലയിൽ നിന്ന് നേരിട്ട വിവേചനങ്ങളും തളർച്ചകളും മറികടന്ന് എന്റെ അടുത്ത അധ്യായം ആരംഭിക്കുകയാണ്. അടുത്ത ആഴ്ച മുതൽ എന്റെ പ്രാദേശിക സ്കൂൾ ഡിസ്ട്രിക്ടിൽ ഞാൻ സ്കൂൾ ബസ് ഡ്രൈവറായി ജോലിക്ക് കയറുന്നു' എന്ന് ജെയിംസ് കുറിച്ചു. തന്റെ മുമ്പത്തെ കരിയറുമായി താരതമ്യം ചെയ്യുമ്പോൾ ഈ പുതിയ ജോലിക്ക് ശമ്പളം വളരെ കുറവാണെങ്കിലും, ജോലി ഏറെ ആസ്വദിക്കുന്നുണ്ടെന്നും കുട്ടികളും സഹപ്രവർത്തകരും വളരെ നല്ലവരാണെന്നും അദ്ദേഹം വ്യക്തമാക്കി.
ഇന്റർവ്യൂവിൽ നിന്ന് ഒഴിവാക്കിയ കമ്പനികൾക്കും റിക്രൂട്ടർമാർക്കും അദ്ദേഹം തന്റെ പോസ്റ്റിലൂടെ മറുപടി നൽകി. 'എന്റെ അപേക്ഷകൾ തള്ളിക്കളയുകയും ഇന്റർവ്യൂകളിൽ നിന്ന് വിട്ടുനിൽക്കുകയും ചെയ്ത കമ്പനികളോട് ഒന്നേ പറയാനുള്ളൂ, ഈ വ്യവസായം വീണ്ടും മനുഷ്യത്വമുള്ളതായി മാറുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു'.
കൊളറാഡോ ഡിസ്ട്രിക്റ്റ് 38-ലാണ് ജെയിംസ് ഇപ്പോൾ സ്കൂൾ ബസ് ഡ്രൈവറായി ജോലി ചെയ്യുന്നത്. വലിയ യോഗ്യതകളും പരിചയസമ്പത്തുമുള്ളവർ പോലും തൊഴിൽ ലഭിക്കാതെ ബുദ്ധിമുട്ടുന്ന ഈ കാലത്ത് ജെയിംസിന്റെ അനുഭവം സാമൂഹിക മാധ്യമങ്ങളിൽ വലിയ ചർച്ചയായിരിക്കുകയാണ്. കോർപ്പറേറ്റ് ലോകത്തിന് മികച്ച പ്രതിഭകളെയാണ് നഷ്ടപ്പെടുന്നതെന്ന് നിരവധി പേർ അഭിപ്രായപ്പെട്ടു.
