പെരുമണ്‍ ; 37 വര്‍ഷം, ഇന്നും അജ്ഞാതമായ ദുരന്ത കാരണം

Published : Jul 08, 2025, 12:53 PM IST
1988 Peruman railway accident

Synopsis

ആ മഹാദുരന്തത്തിന് 37 വയസായിരിക്കുന്നു. പക്ഷേ, ഇനിയും ദുരന്ത കാരണം കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. കണ്ടെത്തിയ ഉത്തരങ്ങൾ സുരക്ഷയുടെ പേരില്‍ പുറത്ത് വിടാന്‍ റെയില്‍വേയും തയ്യാറല്ല. 

 

37 വര്‍ഷം മുമ്പ് കൊല്ലം ജില്ലയിലെ പെരുമണ്‍ റെയില്‍വേ പാലം ലോകത്തിന്‍റെ തന്നെ ശ്രദ്ധയിലേക്ക് ഇടം നേടിയത് ഒരു ദുരന്തത്തിലൂടെയായിരുന്നു. 1988 ജൂലൈയ് 8. ബെംഗളരുവില്‍ നിന്നും പതിവ് പോലെ കന്യാകുമാരിയിലേക്ക് തിരിച്ച ഐലന്‍ഡ് എക്സ്പ്രസ് അഷ്ടമുടിക്കായലിന് കുറുകെയുള്ള പെരുമണ്‍ പാലത്തിലേക്ക് കടക്കുമ്പോൾ സമയം അര്‍ദ്ധ രാത്രി 12.56. നിമിഷ നേരം കൊണ്ട് ഐലന്‍ഡ് എക്സ്പ്രസിന്‍റെ 10 ബോഗികൾ അതിലുറങ്ങിയിരുന്നവരുമായി അഷ്ടമുടിക്കായലിലേക്ക് മറിഞ്ഞു. യാത്രക്കാരും രക്ഷാപ്രവര്‍ത്തകരും അടക്കം 105 പേരുടെ ജീവനാണ് ആ രാത്രി നഷ്ടപ്പെട്ടത്. നിരവധി പേര്‍ക്ക് പരിക്കേറ്റു. പിന്നാലെ ദുരന്തകാരണം അന്വേഷിക്കാന്‍ രണ്ട് കമ്മീഷനുകളെയായിരുന്നു റെയില്‍വേ നിയോഗിച്ചത്.

അന്നത്തെ റെയില്‍വെ സുരക്ഷാ കമ്മീഷണറായിരുന്ന സൂര്യനാരായണന്‍റെ നേതൃത്വത്തിലുള്ള കമ്മീഷനായിരുന്നു ആദ്യം ദുരന്ത കാരണം അന്വേഷിച്ചത്. രണ്ടാമത്, റിട്ടയേഡ് എയര്‍മാര്‍ഷൽ സി എസ് നായ്ക്കും ദുരന്ത കാരണം അന്വേഷിച്ച് പെരുമണ്ണിലെത്തി. പക്ഷേ, അന്തിമ റിപ്പോര്‍ട്ട് റെയില്‍വേ ഇതുവരെ പുറത്ത് വിട്ടിട്ടില്ലെങ്കിലും ചുഴലിക്കാറ്റാണ് അപകട കാരണമെന്നായിരുന്നു റെയിൽവേയുടെ നിലപാട്. റിപ്പോര്‍ട്ട് ആവശ്യപ്പെട്ട് സമര്‍പ്പിക്കപ്പെട്ട വിവരാവകാശ രേഖകൾ റെയില്‍വേ തള്ളി. രഹസ്യ സ്വഭാവമുള്ള റിപ്പോര്‍ട്ട് പുറത്ത് വിടാന്‍ പറ്റില്ലെന്നായിരുന്നു റെയില്‍വേ ചീഫ് പബ്ലിക് റിലേഷന്‍സ് ഓഫീസറുടെ മറുപടി. അപ്പീലുകൾ പോയെങ്കിലും അതും റെയില്‍വേ തള്ളുകയായിരുന്നു.

റിപ്പോര്‍ട്ട് പുറത്ത് വിട്ടില്ലെങ്കിലും ചുഴലിക്കാറ്റെന്ന വാദം അംഗീകരിക്കാന്‍ പ്രദേശവാസികൾ തയ്യാറായിരുന്നില്ല. കാരണം, അങ്ങനെയൊരു കാറ്റ് വീശിയതായി മറ്റ് അടയാളങ്ങളൊന്നും പ്രദേശത്ത് ഉണ്ടായിരുന്നില്ലെന്നത് തന്നെ. ഒടുവില്‍ 2019 -ല്‍ അപകട കാരണം കണ്ടെത്താന്‍ കഴിയില്ലെന്ന് പറഞ്ഞ് പോലീസും കേസ് അന്വേഷണം അവസാനിപ്പിച്ചു. അതേസമയം ട്രാക്കുകളുടെ അലൈമെന്‍റുകളെ കുറിച്ചും ട്രെയിന്‍ കോച്ചുകളുടെ വീലുകളിലെ തകരാറുകളെ കുറിച്ചും ചില അഭ്യൂഹങ്ങളും ഇതിനിടെ ഉയര്‍ന്നു. ഒപ്പം പാലത്തില്‍ കയറുമ്പോൾ ട്രെയിന്‍ അമിത വേഗതയിലായിരുന്നുവെന്ന ദൃക്സാക്ഷി വിവരണങ്ങളും തള്ളപ്പെട്ടു. അത്തരം കാര്യങ്ങൾ സംബന്ധിച്ച് ഔദ്ധ്യോഗിക വിശദീകരണങ്ങളൊന്നും റെയില്‍വേയുടെ ഭാഗത്ത് നിന്നുമുണ്ടായില്ല. 37 വര്‍ഷങ്ങൾക്ക് ഇപ്പുറവും ദുരന്തത്തിന്‍റെ ഓ‍ർമ്മകളുമായി ജീവിക്കുന്നവര്‍ പെരുമണ്‍ സ്മൃതി മണ്ഡലത്തിലെത്തുന്നു. തങ്ങളുടെ ജീവിക്കുന്ന ഓർമ്മകൾക്ക് മുന്നില്‍ ഇന്നും തിരിച്ചറിയാത്ത ആ അജ്ഞാത ദുരന്ത കാരണത്തെ കുറിച്ച് ഓർത്ത് അവര്‍ നിശബ്ദരായി മടങ്ങുന്നു.

 

PREV
Read more Articles on
click me!

Recommended Stories

ഒരു റൊമാന്റിക് സിനിമ പോലെ; 10 -ാം വയസിൽ തന്നെ രക്ഷിച്ച സൈനികനെ 17 വർഷങ്ങൾക്കുശേഷം വിവാഹം ചെയ്ത് യുവതി
ഇവിടെ വൈദ്യുതിയും ശുദ്ധവായുവും വരെ ആഡംബരം; വിദേശത്ത് നിന്നും നാട്ടിലേക്ക് തിരിച്ചെത്തിയ യുവാവിന്റെ കുറിപ്പ്