
ബെംഗളൂരുവിലെ ബിഷപ്പ് കോട്ടൺ സ്‌കൂളിൽ നിന്നുള്ള ഹൃദയസ്പർശിയായ ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്. 38 വർഷത്തെ സേവനത്തിനു ശേഷം സ്കൂളിൽ നിന്നും പിരിഞ്ഞുപോകുന്ന ഒരു പ്യൂൺ അവസാനമായി സ്കൂൾ ബെൽ മുഴക്കുന്ന ദൃശ്യങ്ങളാണത്. @amikutty_ എന്ന ഇൻസ്റ്റഗ്രാം യൂസറാണ് വീഡിയോ ഷെയർ ചെയ്തിരിക്കുന്നത്.
'38 വർഷങ്ങൾക്ക് ശേഷം, ദാസ് അങ്കിൾ തന്റെ അവസാനത്തെ സ്കൂൾബെൽ മുഴക്കി, കോട്ടൺസിലെ എല്ലാ പ്രഭാതങ്ങളെയും, ഓരോ ഓർമ്മകളെയും അടയാളപ്പെടുത്തിയ മനുഷ്യനായിരുന്നു അദ്ദേഹം. അദ്ദേഹത്തിന്റെ പുഞ്ചിരിയും, നിശബ്ദമായ ആ സമർപ്പണവും, സാന്നിധ്യവുമെല്ലാം സ്കൂളിന്റെ ഹൃദയമിടിപ്പിന്റെ തന്നെ ഭാഗമായിരുന്നു. ഇന്ന്, അദ്ദേഹം തന്റെ അവസാനത്തെ ബെൽ മുഴക്കുമ്പോൾ ഞങ്ങളത് ആഘോഷിക്കുകയാണ്. സമയത്തെ നമുക്ക് പരിചിതമാക്കിത്തന്നത് ദാസ് അങ്കിൾ ആയിരുന്നു' എന്നാണ് വീഡിയോയുടെ ക്യാപ്ഷനിൽ പറയുന്നത്.
വീഡിയോയിൽ കാണുന്നത് താൻ മൂന്ന് പതിറ്റാണ്ടുകളോളം പ്രവർത്തിച്ച വിദ്യാലയത്തിന്റെ സ്കൂൾ ബെൽ അവസാനമായി മുഴക്കുന്ന പ്യൂണിനെയാണ്. അദ്ദേഹത്തിന് പിന്നിൽ കുട്ടികൾ അണിനിരന്നിട്ടുണ്ട്. അതിവൈകാരികവും അതേസമയം അവിസ്മരണീയുമായ അനുഭവമാണ് അദ്ദേഹത്തിന് ഈ യാത്രയയപ്പ് വേളയിൽ സ്കൂളും അധ്യാപകരും വിദ്യാർത്ഥികളും എല്ലാം ചേർന്ന് നൽകിയത് എന്ന കാര്യത്തിൽ സംശയമില്ല. ഏറെ വൈകാരികമായിട്ടായിരുന്നു അദ്ദേഹത്തിന്റെ യാത്രയയപ്പ്.
വീഡിയോ കണ്ടവരുടെയും കണ്ണുകൾ നിറഞ്ഞു. അനേകങ്ങളാണ് ഈ വീഡിയോയ്ക്ക് കമന്റുകൾ നൽകിയിരിക്കുന്നത്. ഒരാൾ കമന്റ് നൽകിയത്, ഇതുപോലെ പടിയിറങ്ങുന്ന അനേകം ദാസ് അങ്കിൾമാരുണ്ടാവും, അതിൽ പലരേയും നമ്മൾ അറിയാറില്ല, അർഹിച്ച യാത്രയയപ്പ് നൽകാറില്ല. എന്നാൽ ഈ വിദ്യാലയം അദ്ദേഹത്തിന് അവിസ്മരണീയമായ, സ്പെഷ്യലായിട്ടുള്ള യാത്രയയപ്പ് തന്നെ നൽകി എന്നാണ്. വീഡിയോ കണ്ടപ്പോൾ കണ്ണ് നനഞ്ഞു എന്നായിരുന്നു മറ്റ് ചിലർ കമന്റ് നൽകിയത്.