
ബെംഗളൂരുവിൽ 1,40,000 രൂപ സമ്പാദിച്ചിരുന്ന കാലത്തേക്കാൾ സാമ്പത്തിക സുരക്ഷിതത്വം നൽകുന്നുണ്ട് സ്വന്തം നാട്ടിൽ 40,000 രൂപ സമ്പാദിക്കുന്നതെന്ന് യുവാവ്. റെഡ്ഡിറ്റിലാണ് യുവാവ് അനുഭവം പങ്കുവച്ചിരിക്കുന്നത്. ഒരു വലിയ നഗരത്തിൽ ഉയർന്ന ശമ്പളം വാങ്ങുന്നത് പേപ്പറിൽ കാണാൻ അടിപൊളി ആണെങ്കിലും, അവിടുത്തെ കടുത്ത ജീവിതച്ചെലവുകൾ കയ്യിലെ പണം പെട്ടെന്ന് തീരാൻ കാരണമാകും. എന്നാൽ സ്വന്തം നാട്ടിൽ അങ്ങനെയല്ല എന്നാണ് യുവാവ് പറയുന്നത്.
ബാംഗ്ലൂരിൽ ജോലി ചെയ്യുമ്പോൾ കയ്യിൽ കിട്ടിയിരുന്നത് മാസം 1.4 ലക്ഷം രൂപയായിരുന്നു. കേൾക്കുമ്പോൾ അത് വലിയ തുകയായി തോന്നും. പക്ഷേ മാസാവസാനമാകുമ്പോൾ കയ്യിൽ ആറക്ക ശമ്പളത്തിന്റെ ലക്ഷണമൊന്നും ഉണ്ടാകില്ല. വലിയ നഗരങ്ങളിലെയും ചെറിയ നഗരങ്ങളിലെയും ജീവിതരീതിയും ചെലവുകളും തമ്മിലുള്ള വ്യത്യാസം കാണിക്കാൻ താൻ ബാംഗ്ലൂരും സ്വന്തം നാടായ ഉദയ്പൂരും ഉദാഹരണമായി എടുക്കുകയാണ് എന്നും യുവാവ് കുറിക്കുന്നു.
ബി.എച്ച്.കെ ഫ്ലാറ്റിന്റെ വാടക 30,000 രൂപ, ഗ്രോസറി 6,000 രൂപ, വീട്ടുജോലിക്കാരി, വൈഫൈ എന്നിവയ്ക്ക് 3,000 രൂപ വീതം, ഓൺലൈൻ ഫുഡ് ഡെലിവറി ആപ്പുകൾക്കായി 7,000 രൂപ എന്നിങ്ങനെയാണ് ബെംഗളൂരുവിലെ ചെലവുകൾ. കൂടാതെ ക്യാബ് യാത്രകൾക്ക് 5,000 രൂപ, വീക്കെൻഡിലെ ആഘോഷങ്ങൾക്ക് 8,000 രൂപ. കൂടാതെ, ആമസോൺ ഓർഡറുകൾ, ക്വിക്ക് കൊമേഴ്‌സ് ആപ്പുകൾ, കാപ്പി കുടി, പെട്ടെന്നുള്ള ആവശ്യങ്ങൾ, പ്ലാൻ ചെയ്യാതെയുള്ള ഷോപ്പിംഗ് എന്നിങ്ങനെ മറ്റ് ചെലവുകളുമുണ്ട്. 1.4 ലക്ഷം രൂപ സമ്പാദിച്ചിട്ടും ഒരു വലിയ തുക ഈ നഗരത്തിൽ ജീവിച്ചു പോകാൻ വേണ്ടി മാത്രം തന്നെ വലിയ തുകയാണ് കയ്യിൽ നിന്നും പോയത്. പണം സമ്പാദിച്ചിട്ടും കാര്യമില്ല, എപ്പോഴും ജീവിതം ഓട്ടപ്പാച്ചിലും വൻചിലവുമായിരുന്നു എന്നാണ് യുവാവ് പറയുന്നത്.
കൂടുതൽ സമ്പാദിക്കുമ്പോഴും താൻ മാനസികമായി കൂടുതൽ തളരുകയാണെന്ന് ഒരു ഘട്ടത്തിൽ മനസ്സിലായി. അങ്ങനെ ഉദയ്പൂരിലേക്ക് തിരികെ പോന്നു. തുടക്കത്തിൽ വളരെ കുറഞ്ഞ ശമ്പളമേ ഉണ്ടായിരുന്നുള്ളൂ, ഏകദേശം 40,000 രൂപയോളം. പക്ഷേ അത്ഭുതമെന്നു പറയട്ടെ, തനിക്ക് ഇവിടെയാണ് കൂടുതൽ പണക്കാരനായത് പോലെ തോന്നിയത് എന്നാണ് യുവാവ് പറയുന്നത്. നിരവധിപ്പേരാണ് യുവാവിന്റെ പോസ്റ്റിന് കമന്റുകൾ നൽകിയത്. മികച്ച തീരുമാനം എന്നാണ് പലരും യുവാവിന്റെ തീരുമാനത്തെ വിശേഷിപ്പിച്ചത്. കുടുംബത്തോടൊപ്പം കഴിയുകയും ചെയ്യാം, പണവും ലാഭമാണ് എന്നാണ് സ്വന്തം നാട്ടിലേക്കുള്ള മടങ്ങിവരവിനെ കുറിച്ച് പലരും പറയുന്നത്.