ലക്ഷക്കണക്കിന് വിദ്യാർത്ഥികളുടെ ഭാവിക്കുവേണ്ടിയുള്ള പ്രതിഷേധം രാജ്യവ്യാപകമായി ശക്തമാവുകയാണ്. ഇതിനിടെ മുംബൈയിൽ പ്രതിഷേധക്കാരെ കൊണ്ടുപോയ പോലീസ് വാൻ ഒറ്റയ്ക്ക് തടഞ്ഞ റിയ അഹിർ എന്ന മോഡൽ ഇന്ത്യൻ വിദ്യാർത്ഥി പ്രതിഷേധത്തിന്‍റെ മുഖമായി മാറി. റിയയുടെ ധീരമായ ഈ പ്രവൃത്തി സമൂഹ മാധ്യമങ്ങളിൽ വൈറലാവുകയും വലിയ പിന്തുണ നേടുകയും ചെയ്തു.
ലക്ഷക്കണക്കിന് വിദ്യാർത്ഥികളുടെ ഭാവി തുലാസിലാക്കിയവർക്കെതിരെ നടപടി ആവശ്യപ്പെട്ട് ഇന്ത്യൻ വിദ്യാർത്ഥികൾ രാജ്യതലസ്ഥാനത്തെ തെരുവികളിൽ പ്രതിഷേധത്തിലാണ്. സമരം ദിവസങ്ങളും ആഴ്ചകളും നീളുമ്പോൾ പ്രതിഷേധങ്ങൾ രാജ്യത്തെ ഓരോ നഗരത്തിലേക്കും വ്യാപിക്കുന്നു. മുംബൈയിലും തിരുവനന്തപുരത്തും വിദ്യാർത്ഥികൾക്ക് നീതി ആവശ്യപ്പെട്ട്, കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് സമരം ശക്തമാകുന്നു. ഇതിനിടെ മുംബൈയിൽ നടന്ന ഒരു വിദ്യാർത്ഥി പ്രതിഷേധത്തെ നേരിടാനെത്തിയ പോലീസ് വാൻ ഒറ്റയ്ക്ക് തടയുന്ന ഒരു വിദ്യാർത്ഥിനിയുടെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായി. പിന്നാലെ ഇന്ത്യൻ വിദ്യാർത്ഥി പ്രതിഷേധത്തിന്‍റെ മുഖമായി ആ ചിത്രം മാറിക്കഴിഞ്ഞു.
പോലീസ് വാൻ ഒറ്റയ്ക്ക് തടഞ്ഞൊരു യുവതി
മുംബൈയിൽ നടന്ന പ്രതിഷേധത്തിൽ പങ്കെടുക്കാനെത്തിയ 27-കാരിയായ മോഡൽ റിയ അഹിറാണ് പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്ത് കൊണ്ട് പോവുകയായിരുന്ന പോലീസ് വാൻ ദാദറിലെ ശിവാജി പാർക്കിന് സമീപത്ത് വച്ച് ഒറ്റയ്ക്ക് തടഞ്ഞത്. കോഹിനൂർ സ്‌ക്വയറിൽ നിന്ന് ശിവാജി പാർക്കിലേക്ക് നടക്കുമ്പോൾ പോലീസ് വാൻ വിദ്യാർത്ഥികളെയും കൊണ്ട് നിറച്ചിരിക്കുന്നത് കണ്ടു. 'എനിക്ക് എന്നെത്തന്നെ നിയന്ത്രിക്കാൻ കഴിഞ്ഞില്ല പ്രതിഷേധക്കാരെ എന്ത് അടിസ്ഥാനത്തിലാണ് കസ്റ്റഡിയിലെടുക്കുന്നതെന്ന് പൊലീസിനോട് ചോദിച്ചെ'ങ്കിലും തൃപ്തികരമായ മറുപടി ലഭിച്ചില്ലെന്ന് റിയ പിന്നീട് പറഞ്ഞു. തുടർന്ന് വാഹനം മുന്നോട്ട് പോകുന്നത് തടയാനായി തനിക്ക് അതിന്‍റെ മുന്നിൽ നിൽക്കേണ്ടിവന്നെന്നും അവർ കൂട്ടിച്ചേർത്തു. വാഹനത്തിൽ ഉണ്ടായിരുന്ന പ്രതിഷേധക്കാരെ മുഴുവനും വിട്ടയക്കുംവരെ റിയ അവിടെ നിന്ന് മാറാൻ തയ്യാറായില്ലെന്നും റിപ്പോർട്ടുകൾ പറയുന്നു.
പ്രതിഷേധത്തിന്‍റെ ധീരമുഖം
സംഭവത്തിന്‍റെ ചിത്രങ്ങളും വീഡിയോകളും സമൂഹ മാധ്യമങ്ങളിൽ വൈറലായതോടെ റിയ അഹിർ ഇന്ത്യൻ വിദ്യാർത്ഥി പ്രതിഷേധത്തിന്‍റെ ബിംബമായി മാറി. മോഡലായും മ്യൂസിക് വീഡിയോകളിലെ സാന്നിധ്യമായും അറിയപ്പെടുന്ന റിയയ്ക്ക് ഇൻസ്റ്റഗ്രാമിൽ വലിയൊരു ആരാധകവൃന്ദവുമുണ്ട്. എന്നാൽ, താൻ ഈ പ്രതിഷേധത്തിൽ പങ്കെടുത്തത് വ്യക്തിപരമായ നേട്ടത്തിനോ പ്രശസ്തിക്കോ വേണ്ടിയല്ലെന്നും, ഒരു പൗരനെന്ന നിലയിൽ തനിക്ക് ശരിയെന്ന് തോന്നിയ കാര്യമാണ് ചെയ്തതെന്നും റിയ മാധ്യമങ്ങളോട് പറഞ്ഞു. റിയ വാൻ തടഞ്ഞതിന് പിന്നാലെ പൊലീസ് വാഹനം മുന്നോട്ട് നീക്കി ഭയപ്പെടുത്താൻ ശ്രമിച്ചെങ്കിലും റിയ പിൻമാറാൻ കൂട്ടാക്കിയില്ല. തന്‍റെ പ്രതിഷേധം സമാധാനപരമായിരുന്നുവെന്നും, പൗരന്മാർക്ക് നിയമപരമായ അവകാശങ്ങളെക്കുറിച്ച് ബോധവാന്മാരാകേണ്ടത് അനിവാര്യമാണെന്നും റിയ പറയുന്നു. ഈ സംഭവത്തിന് പിന്നാലെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് പിന്തുണയും അഭിനന്ദനങ്ങളും ലഭിക്കുന്നുണ്ടെന്നും റിയ വ്യക്തമാക്കി. റിയ അഹിറിന്‍റെ ചിത്രം ഇന്ന് ഇന്ത്യൻ വിദ്യാർത്ഥി പ്രതിഷേധത്തിന്‍റെ ശക്തമായ പ്രതീകമായി പങ്കുവയ്ക്കപ്പെടുന്നു.


