
കസിന്റെ ലിംഗമാറ്റശസ്ത്രക്രിയക്കായി 8 ലക്ഷം രൂപ ലോണെടുത്ത് അധ്യാപികയായ യുവതി. ഇരുവരും തമ്മിൽ വർഷങ്ങളായി പ്രണയത്തിലായിരുന്നു. ലിംഗമാറ്റശസ്ത്രക്രിയക്ക് ശേഷം ഇരുവരും വിവാഹിതരായി. ബിഹാർ ബി.പി.എസ്.സി അധ്യാപികയായ 22 -കാരി നയൻശ്രീയാണ് കസിനായ രാഖിയെ (രാഹുൽ) പ്രദേശത്തെ ക്ഷേത്രത്തിൽ വച്ച് വിവാഹം ചെയ്തത്. ജമുയി ജില്ലയിൽ നിന്നുള്ളവരാണ് ഇരുവരും.
2025 -ലെ ബി.പി.എസ്.സി അധ്യാപക റിക്രൂട്ട്‌മെൻ്റ് പരീക്ഷ പാസായ ശേഷം ലക്ഷ്മീപൂർ ബ്ലോക്കിലെ ഒരു പ്രൈമറി സ്കൂളിൽ ജോലി ചെയ്യുകയായിരുന്നു നയൻശ്രീ. ആറ് മാസം മുമ്പ് ഡൽഹി എയിംസിൽ വെച്ചായിരുന്നു രാഖിയുടെ ലിംഗമാറ്റ ശസ്ത്രക്രിയ. പിന്നീട് രാഹുൽ എന്ന് പേര് മാറ്റുകയും ചെയ്തു. ലക്ഷ്മീപൂരിലെ പടേശ്വർ നാഥ് ക്ഷേത്രത്തിൽ വെച്ചായിരുന്നു വിവാഹമെന്ന് ടൈംസ് ഓഫ് ഇന്ത്യ എഴുതുന്നു. വിവാഹത്തിൻ്റെയും ശേഷമുള്ള ചടങ്ങുകളുടെയും വീഡിയോകൾ സോഷ്യൽ മീഡിയയിൽ വൈറലായി.
കുടുംബാംഗങ്ങൾ പറയുന്നതനുസരിച്ച്, ഇരുവരും കുട്ടിക്കാലം മുതൽക്കേ പരസ്പരം അറിയുന്നവരാണ്. വർഷങ്ങളോളം ഒരുമിച്ചാണ് പഠിച്ചതും. ഇരുവരും പ്രണയത്തിലായിരുന്നുവെങ്കിലും വീട്ടുകാർ ആരും ഇതറിഞ്ഞിരുന്നില്ല. ഇരുവരും അച്ഛൻ്റെ വഴിയിലുള്ള കസിൻമാരാണ്. ബിരുദപഠന കാലത്ത് ഒരേ ഹോസ്റ്റലിലാണ് താമസിച്ചിരുന്നത്. പിന്നീട് 2025 -ൽ ബി.പി.എസ്.സി പരീക്ഷയ്ക്കുള്ള തയ്യാറെടുപ്പുകൾക്കായി ഇവർ പട്നയിലേക്ക് മാറി. 11, 12 ക്ലാസുകളിൽ പഠിക്കുമ്പോഴാണ് ഇവരുടെ പ്രണയം ആരംഭിച്ചതെന്നും കഴിഞ്ഞ അഞ്ച് വർഷമായി ഇത് തുടർന്നുപോരുകയാണെന്നും ബന്ധുക്കൾ പറഞ്ഞു.
ശസ്ത്രക്രിയയ്ക്കായി നയൻശ്രീ സ്വന്തം പേരിൽ 8 ലക്ഷം രൂപ ബാങ്ക് ലോൺ എടുത്തിരുന്നുവത്രെ. 'താൻ ലിംഗമാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയയായാൽ സർക്കാർ ജോലിയെ ബാധിക്കുമെന്ന് നയൻശ്രീ ഭയപ്പെട്ടിരുന്നു. അതിനാലാണ് തനിക്ക് പകരം രാഖിയോട് ശസ്ത്രക്രിയ നടത്താൻ നയൻശ്രീ ആവശ്യപ്പെട്ടത്' എന്ന് വാർഡ് മെമ്പർ രാജേഷ് കുമാർ പറഞ്ഞു.
ശസ്ത്രക്രിയയ്ക്ക് ശേഷം ഏകദേശം ഒരു മാസത്തോളം ആശുപത്രിയിൽ കഴിഞ്ഞ് മേയ് മാസത്തിൽ വീട്ടിൽ തിരിച്ചെത്തുന്നത് വരെ രാഹുലിൻ്റെ കുടുംബത്തിന് ഈ വിവരമൊന്നും അറിയില്ലായിരുന്നു എന്ന് ബന്ധുക്കൾ പറയുന്നു. വളരെ കുറച്ചുപേരുടെ സാന്നിധ്യത്തിലാണ് വിവാഹം നടന്നത്. വിവാഹത്തെക്കുറിച്ച് തങ്ങൾക്ക് അറിവുണ്ടായിരുന്നില്ലെന്ന് രാഹുലിൻ്റെ സഹോദരി രേണു കുമാരി പറഞ്ഞു. 'മെയ് 31-ന് മൊബൈൽ ഫോൺ വാങ്ങാൻ പോകുന്നു എന്ന് പറഞ്ഞാണ് അവൾ (രാഹുൽ) വീട്ടിൽ നിന്ന് ഇറങ്ങിയത്. വിവാഹം കഴിഞ്ഞിട്ട് തിരിച്ചെത്തിയപ്പോഴാണ് ഞങ്ങൾ ഈ വിവരം അറിയുന്നത്' രേണു പറഞ്ഞു.
ഞായറാഴ്ച രാത്രി നയൻശ്രീയുടെ മാതാപിതാക്കൾ രാഹുലിൻ്റെ വീട്ടിലെത്തി വിവാഹത്തെ എതിർത്തതായി ബന്ധുക്കൾ പറയുന്നു. തർക്കത്തിനിടെ ഇവർ വീടിൻ്റെ ഗേറ്റ് തകർത്തതായും ആരോപണമുണ്ട്. ഇതേത്തുടർന്ന് ദമ്പതികൾ വീടിൻ്റെ പിൻവാതിലിലൂടെ രക്ഷപ്പെടുകയായിരുന്നു. എന്നിരുന്നാലും, ഈ വിവാഹം ഇരുവരുടെയും പൂർണ്ണ സമ്മതത്തോടെയാണ് നടന്നതെന്ന് കുടുംബാംഗങ്ങൾ പറയുന്നു.