
പാറയിൽ കൊത്തിയെടുത്ത ശവകുടീരങ്ങൾക്കും പുരാതന ശവസംസ്കാര കരകൗശല വസ്തുക്കളുടെ ധാരാളിത്തത്തിനും പേരുകേട്ട അൽ-ഗുറൈഫയിലെ ഒരു സെമിത്തേരിയിൽ നിന്നും ഈജിപ്ത് പുരാവസ്തു ഗവേഷകർ 3,500 വര്‍ഷം പഴക്കമുള്ള ഒരു പുസ്തകത്തിന്‍റെ നഷ്ടപ്പെട്ടെന്ന് കരുതിയ 42 അടി കണ്ടെത്തി. 'മരിച്ചവരുടെ പുസ്തകം' (Book of the Dead) എന്നാണ് ആ പുസ്തകം ഈജിപ്തിൽ അറിയപ്പെടുന്നത്. ഇതോടെ പുരാതന ഈജിപ്തിന്‍റെ മരണാന്തര ജീവിത വിശ്വാസങ്ങളിലേക്ക് പുതിയൊരു വഴി തുറക്കപ്പെടുമെന്ന വിശ്വാസത്തിലാണ് പുരാവസ്തു ഗവേഷകര്‍. പുസ്തകത്തിന്‍റെ കണ്ടെത്തിയ 43 അടി ചുരുളും പൂർണ്ണമായും പാപ്പിറസിലാണ് എഴുതിയത്. ഈ മരിച്ചവരുടെ പുസ്തകം ബ്യൂട്ടെഹാമുന്‍റെ മകനായ നെഭേപെട്ടിന്‍റെതാണെന്ന് കരുതുന്നു.
ബിസി 1550 നും 1070 നും ഇടയിൽ സജീവമായിരുന്ന ഈ സെമിത്തേരിയിൽ നിന്നും മരണാനന്തര ജീവിതത്തിലൂടെ മരിച്ചവരെ 'മുന്നോട്ട് നയിക്കാൻ' പരമ്പരാഗതമായി ഉപയോഗിച്ചിരുന്ന വിപുലമായ ശവസംസ്കാര വസ്തുക്കൾ ഉണ്ടായിരുന്നു. മമ്മികൾ, ശവപ്പെട്ടികൾ, കുംഭങ്ങൾ, പ്രതിമകൾ, 25,000-ത്തിലധികം ഉഷാബ്തി പ്രതിമകൾ എന്നിവയാണ് ഇവിടെ നിന്നും കണ്ടെത്തിയത്. എന്നാല്‍ 'മരിച്ചവരുടെ ചുരുൾ' എന്നറിയപ്പെടുന്ന 43 അടി പാപ്പിറസ് രേഖ ലോകമെങ്ങുമുള്ള പുരാവസ്തു ഗവേഷകരുടെ ശ്രദ്ധ നേടി. പൗരാണിക കാല ശവസംസ്കാരങ്ങളുടെ സവീശേഷതകൾ ഈ ചുരുകളില്‍ രേഖപ്പെടുത്തിയിട്ടുണ്ടാകുമെന്നാണ് പുരാവസ്തു ഗവേഷകരുടെ നിഗമനം.
എഴുത്തുകാരനെയോ കാലഘട്ടത്തെയോ അനുസരിച്ച് ഉള്ളടക്കത്തിൽ ചില്ലറ മാറ്റങ്ങൾ ഉണ്ടാകാമെങ്കിലും ഇത്തരം പുസ്തകങ്ങൾ മരണാനന്തര ജീവിതത്തിലേക്കുള്ള സങ്കീർണ്ണമായ യാത്രയിൽ ആത്മാവിനെ സഹായിക്കാൻ ഉദ്ദേശിച്ചുള്ളതാണെന്ന് ഈജിപ്തിലെ അമേരിക്കൻ റിസർച്ച് സെന്റർ പറയുന്നു. ഇത്തരം ഓരോ ചുരുളുകളും ഓരോ കാലഘട്ടങ്ങളിലും ഈജിപ്ഷ്യൻ ജനതയിലുണ്ടായ വിശ്വാസപരമായ വ്യത്യാസങ്ങളും അവയുടെ വളർച്ചയെ കുറിച്ചും മനസിലാക്കാൻ സഹായിക്കുന്നു.
അൽ-ഗുറൈഫയിൽ അടുത്തിടെ നടത്തിയ ഖനനങ്ങളിൽ പുരാതനകാലത്തെ പ്രധാന പുരോഹിതനായ എരെത് ഹരുവിന്‍റെ മകൾ താ-ഡി-ഈസയുടെ അലങ്കരിച്ച ശവപ്പെട്ടിയും കണ്ടെത്തി. ആന്തരിക അവയവങ്ങൾ സൂക്ഷിക്കാൻ ഉപയോഗിക്കുന്ന കനോപ്പിക് ജാറുകൾ അടങ്ങിയ രണ്ട് തടി പെട്ടികൾ, ഉഷാബ്തി പ്രതിമകളുടെ ഒരു സമ്പൂർണ്ണ സെറ്റ്, അധോലോകവുമായും ബന്ധപ്പെട്ടിരിക്കുന്ന പത്താ സോക്കറിന്‍റെ ഒരു രൂപം എന്നിവയും ലഭിച്ചു. ലഭിച്ച പാപ്പിറസ് ചുരുളുകൾ ഗ്രാൻഡ് ഈജിപ്ഷ്യൻ മ്യൂസിയത്തിൽ പാപ്പിറസ് പ്രദർശിപ്പിക്കാനുള്ള ശ്രമം നടക്കുന്നുണ്ടെങ്കിലും ചുരുളുകളെ കുറിച്ച് കൂടതലൊന്നും പുറത്ത് വിടാന്‍ ഈപ്തിന്‍റെ പുരാവസ്തു മന്ത്രാലയം തയ്യാറായിട്ടില്ലെന്നും റിപ്പോര്‍ട്ടിൽ പറയുന്നു.