
നല്ല ശമ്പളമുള്ള കോർപ്പറേറ്റ് ജോലി ഉപേക്ഷിച്ച് ഫുഡ് ഡെലിവറി റൈഡറായി ജോലി ചെയ്യാൻ തീരുമാനിച്ച സുഹൃത്തിനെ കുറിച്ചുള്ള കുറിപ്പ് സമൂഹ മാധ്യമങ്ങളിൽ ഏറെ വായിക്കപ്പെട്ടു. യുവാവിന്‍റെ അസാധാരണമായ കരിയർ മാറ്റത്തില്‍ വായനക്കാർ മിക്കവരും അമ്പരപ്പ് പ്രകടിപ്പിച്ചു. വിവാഹം അടുത്തിരിക്കവെ വരുമാനമുള്ള ജോലി ഉപേക്ഷിച്ച് അനിശ്ചിതത്വമുള്ള ജോലി സ്വീകരിച്ചതിൽ സുഹൃത്തിന്‍റെ കുടുംബവും അമ്പരപ്പിലാണെന്നും കുറിപ്പില്‍ പറയുന്നു.
അടുത്ത വർഷം വിവാഹിതനാകാനുള്ള തയ്യാറെടുപ്പിലാണ്. മാത്രമല്ല, അടുത്തിടെ ഒരു കാർ വാങ്ങിയിനാൽ സാമ്പത്തിക ഉത്തരവാദിത്തവും കൂടി. ഇതിനിടെയാണ് 25 ലക്ഷം രൂപയോളം വാർഷിക വരുമാനമുള്ള കോർപ്പറേറ്റ് ജോലി ഉപേക്ഷിച്ച് സ്വിഗ്ഗി ഡെലിവറി ഏജന്‍റായത്. പക്ഷേ. അത്തരമൊരു തീരുമാനം എടുക്കുമ്പോഴും അവന് വ്യക്തമായ ധാരണയുണ്ടായിരുന്നു. സ്വന്തമായി എന്തെങ്കിലും തുടങ്ങണമെന്നായിരുന്നു അവന്‍റെ ആഗ്രഹം. ഇതിന് ഏങ്ങനെയാണ് കാര്യങ്ങൾ പ്രവർത്തിക്കുന്നത് എന്ന് അറിയേണ്ടതുണ്ട്.
അവനൊരു ക്ലൗഡ് കിച്ചൺ ആരംഭിക്കാനാണ് ആഗ്രഹിച്ചത്. പക്ഷേ. തനിക്ക് ചുറ്റുമുള്ളവര്‍ എന്ത് കഴിക്കുന്നുവെന്ന്. അല്ലെങ്കില്‍ അവർ കഴിക്കാന്‍ എന്താണ് തെരഞ്ഞെടുക്കുന്നതെന്ന് അവന് അറിയണം. അതിന് ഏറ്റവും നല്ല മാർഗ്ഗം സ്വിഗ്ഗി ഏജന്‍റാവുകയെന്നതാണ്. ബിസിനസിലേക്ക് പണം നിക്ഷേപിക്കുന്നതിന് മുമ്പ് അതിനെ കുറിച്ച് പഠിക്കാന്‍ അവന്‍ തയ്യാറായെന്നും അദ്ദേഹം കുറിച്ചു. കുറഞ്ഞ വിലയ്ക്ക് എന്നാൽ വലിയ അളവിൽ വിൽക്കാൻ ഈ അനുഭവം തന്നെ സഹായിക്കുമെന്ന് അദ്ദേഹം കരുതുന്നെന്നും കുറിപ്പിൽ പറയുന്നു. ഇങ്ങനെ സ്വിഗ്ഗി ഏജന്‍റായി പ്രവർത്തിച്ച് ഏകദേശം 12 ഒളം ഭക്ഷ്യവസ്തുക്കൾ ലിസ്റ്റ് ചെയ്തു. മൂന്ന് മുതൽ നാല് മാസം കൊണ്ട് തന്‍റെ ഭക്ഷണശാല ലാഭത്തിലെത്തുമെന്ന് അദ്ദേഹം വിശ്വസിക്കുന്നതായും കുറിപ്പിൽ പറയുന്നു.
ആത്മവിശ്വാസവും കഠിനാധ്വാനവും ഉണ്ടായിരുന്നിട്ടും, കുടുംബം അദ്ദേഹത്തിന്‍റെ തെരഞ്ഞെടുപ്പിനോട് വിയോജിച്ചു. അവൻ സ്വന്തം കരിയർ നശിപ്പിക്കുകയാണെന്ന് അവർ ആരോപിച്ചു. കുടുംബാംഗങ്ങളും മാതാപിതാക്കളും അവനോട് പദ്ധതിയില്‍ നിന്നും പിന്മാറാന്‍ ആവശ്യപ്പെട്ടു. ചില സുഹൃത്തുക്കൾ അവനെ കളിയാക്കിയെന്നും കുറിപ്പിൽ പറയുന്നു. അതേപോലെ ഡെലിവറി ജോലിക്ക് പോയപ്പോൾ ലിഫ്റ്റ് ഉപയോഗിച്ചതിന് പല തവണ സെക്യൂരിറ്റിക്കാരില്‍ നിന്നും ചീത്തവിളിയും കേൾക്കേണ്ടിവന്നു. പക്ഷേ. സുഹൃത്തിന്‍റെ പദ്ധതി വിജയിക്കുമെന്ന് താന്‍ കുരുതുന്നതായും ആത്മാർത്ഥമായി വിശ്വസിക്കുന്നതായും എൻജി വി എന്ന എക്സ് ഹാന്‍റിലില്‍ നിന്നും കുറിച്ചു.
സ്വന്തം ഭാവി മെച്ചപ്പെടുത്താൻ ജീവിത ശൈലി തരംതാഴ്ത്താന്‍ അസാമാന്യ ധൈര്യം വേണമെന്ന് കുറിപ്പ് വായിച്ച ചിലരെഴുതി. ഗ്രൗണ്ട് വർക്ക് നടത്തി ചെയ്യുന്ന ജോലിയായത് കൊണ്ട് ധൈര്യമായി മുന്നോട്ട് പോകാന്‍ മറ്റു ചിലർ നിർദ്ദേശിച്ചു.