45 കാരന് 18 -കാരന്‍റെ ശരീരം വേണം, അതിനായി മുടക്കുന്നത് 16 കോടി; 7 മാസം കൊണ്ട് 5.1 വയസ് കുറഞ്ഞെന്ന്!

By Web TeamFirst Published Jan 31, 2023, 5:58 PM IST
Highlights

18 വയസ്സുകാരന്‍റെ ശ്വാസകോശ ശേഷിയും ശാരീരിക ക്ഷമതയും 37 വയസ്സുകാരന്‍റെ ഹൃദയവും 28 വയസ്സുകാരന്‍റെ ചർമ്മവും തനിക്ക് നൽകിയെന്ന് അവകാശപ്പെടുന്ന ദൈനംദിന ചിട്ടയാണ് അദ്ദേഹം പിന്തുടരുന്നത്.

വ്യായാമത്തിലൂടെയും കൃത്യമായ ഭക്ഷണക്രമീകരണത്തിലൂടെയും  ശരീരത്തിന്‍റെ ആരോഗ്യത്തെ കാത്തുസൂക്ഷിക്കുന്നതിൽ ഏറെ താല്പര്യമുള്ള വലിയൊരു വിഭാഗം ആളുകൾ നമുക്കിടയിലുണ്ട്.ഈ ഫിറ്റ്നസ് പ്രേമികൾ എപ്പോഴും തങ്ങളുടെ ശരീരത്തെ അടുത്ത തലത്തിലേക്ക് കൊണ്ടുപോകാനാണ് ആഗ്രഹിക്കുന്നത്.എന്നാൽ ലോസ് ഏഞ്ചൽസ്സിൽ നിന്നുള്ള 45കാരനായ ഒരു മനുഷ്യൻ ചെയ്യുന്നത് എന്താണെന്ന് അറിയാമോ? 18 -കാരനാകണം. അതിനായി അദ്ദേഹം മുടക്കിയത് ഒന്നും രണ്ടുമല്ല, 16 കോടി രൂപയാണ്. 

ആള്‍ ചില്ലറക്കാരനല്ല. ലോസ് ഏഞ്ചൽസ് ആസ്ഥാനമായുള്ള ന്യൂറോ ടെക്നോളജി കമ്പനി കേർണലിന്‍റെ സിഇഒ ആയ  ബ്രയാൻ ജോൺസൺ ആണ് ഡോക്ടർമാരുടെ സഹായത്തോടെ തന്‍റെ ശരീരത്തിന്‍റെ പ്രായം എങ്ങനെ പിന്നിലോട്ടു കൊണ്ടുപോകാം എന്ന പരീക്ഷണത്തിൽ ഏർപ്പെട്ടിരിക്കുന്നത്.പ്രോജക്റ്റ് ബ്ലൂപ്രിന്‍റ് എന്ന് പേരിട്ടിരിക്കുന്ന ഈ പരീക്ഷണത്തിലൂടെ തന്‍റെ ശാരീരിക പ്രായം 18 വയസ്സിലേക്ക് എത്തിക്കുക എന്നതാണ് അദ്ദേഹത്തിന്‍റെ ലക്ഷ്യം.

 

2 yrs of Blueprint:
.5.1 yrs epigenetic age reversal (world record)
.slowed my pace of aging by 24%
.perfect muscle & fat (MRI)
.50+ perfect biomarkers
.100+ markers < chronological age
.fitness tests = 18yr old
.Body runs 3F° cooler

Available to all: https://t.co/Ye5mQPH9NH

— Bryan Johnson (@bryan_johnson)

കഴിഞ്ഞ ദിവസം തന്‍റെ എപിജെനെറ്റിക് പ്രായം 5.1 വർഷം കുറഞ്ഞതായി സൂചിപ്പിച്ചുകൊണ്ട് അദ്ദേഹം ട്വിറ്ററിൽ ചിത്രങ്ങൾ പങ്കുവെച്ചിരുന്നു.ഏഴ് മാസത്തെ പരീക്ഷണത്തിനൊടുവിലാണ് ഈ കുറവ് രേഖപ്പെടുത്തിയതെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. തനിക്ക് പ്രായമാകുന്നതന്‍റെ വേഗത 24 ശതമാനം കുറഞ്ഞെന്നും അദ്ദേഹം അവകാശപ്പെട്ടു. 18 വയസ്സുകാരന്‍റെ ശ്വാസകോശ ശേഷിയും ശാരീരിക ക്ഷമതയും 37 വയസ്സുകാരന്‍റെ ഹൃദയവും 28 വയസ്സുകാരന്‍റെ ചർമ്മവും തനിക്ക് നൽകിയെന്ന് അവകാശപ്പെടുന്ന ദൈനംദിന ചിട്ടയാണ് അദ്ദേഹം പിന്തുടരുന്നതെന്ന് ബ്ലൂംബെർഗ് റിപ്പോര്‍ട്ട് ചെയ്യുന്നു. 30 ഡോക്ടർമാരും ഗവേഷകരും അടങ്ങുന്ന സംഘമാണ് ഇദ്ദേഹത്തിന് വേണ്ടി പ്രവർത്തിക്കുന്നത്. സ്വന്തം അവയവങ്ങളുടെ വാർദ്ധക്യം കുറയ്ക്കുന്നതിനുള്ള പരീക്ഷണങ്ങളാണ് ഇപ്പോൾ താൻ നടത്തിക്കൊണ്ടിരിക്കുന്നത് എന്നാണ് ബ്രയാൻ ജോൺസൺ അവകാശപ്പെടുന്നത്.18 വയസ്സുള്ള ഒരാളുടെ തലച്ചോറ്, ഹൃദയം, ശ്വാസകോശം, കരൾ,വൃക്കകൾ,ടെൻഡോണുകൾ,പല്ലുകൾ,ചർമ്മം, മുടി,മൂത്രസഞ്ചി,ലിംഗം,മലാശയം എന്നിവ തനിക്ക് ഉണ്ടാകാനാണ് ഇദ്ദേഹം ആഗ്രഹിക്കുന്നത് എന്നാണ് ഔട്ട്ലെറ്റ് റിപ്പോർട്ട് ചെയ്യുന്നത്.

തന്‍റെ ലക്ഷ്യം നേടുന്നതിനായി വളരെ കൃത്യതയാർന്ന ദിനചര്യയാണ് അദ്ദേഹം ഇപ്പോൾ പിന്തുടരുന്നത്.എല്ലാ ദിവസവും രാവിലെ അഞ്ചുമണിക്ക് ഉണരും.തുടർന്ന് മണിക്കൂറുകൾ നീണ്ടുനിൽക്കുന്ന കഠിനമായ വ്യായാമമുറകൾ.ഇതിനിടയിൽ 1,977 സസ്യാഹാരങ്ങൾ ഓരോ ദിവസവും കഴിക്കും. ജോൺസന്‍റെ ശരീരത്തിന്‍റെ ഓരോ ഇഞ്ചും കൃത്യമായി അളന്ന് രേഖപ്പെടുത്തിയാണ് ഓരോ ദിവസവും ഡോക്ടർമാർ വേണ്ട മാർഗ്ഗ നിർദ്ദേശങ്ങൾ നൽകുന്നത്.ഇതിന്‍റെ ഭാഗമായി ഇതിനോടകം അദ്ദേഹത്തിന്‍റെ കുടലിന്‍റെ 33,000 ഫോട്ടോകൾ എടുത്തു സൂക്ഷിച്ചിട്ടുണ്ട്.എന്തിനേറെ പറയുന്നു കൺപീലികളുടെ നീളം വരെ അളന്ന് കൃത്യതപ്പെടുത്തിയിട്ടുണ്ട്. ഈ പ്രോജക്റ്റിന് മേല്‍നോട്ടം വഹിക്കുന്നതാകട്ടെ വെറും 29 വയസ്സ് മാത്രം പ്രായമുള്ള റീജനറേറ്റീവ് മെഡിസിൻ ഫിസിഷ്യൻ ഒലിവർ സോൾമാൻ ആണ്. 

click me!