
ഏതാണ്ട് 13 വർഷം നീണ്ടുനിന്ന വിചാരണയ്ക്ക് ശേഷം അഹമ്മദാബാദ് സ്ഫോടനപരമ്പര(Ahmedabad serial blasts case) കേസില്‍ വിധി. 2008 -ലാണ് 56 പേർ കൊല്ലപ്പെടുകയും 200 പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്‍ത സ്ഫോടനപരമ്പര നടന്നത്. കേസിൽ 49 പേർ കുറ്റക്കാരാണെന്ന് പ്രത്യേക കോടതി ചൊവ്വാഴ്ച വിധിച്ചു. കേസില്‍ 77 പേരാണ് വിചാരണ നേരിട്ടത്. 28 പേരെ കോടതി വെറുതെ വിട്ടു. കുറ്റക്കാര്‍ക്കുള്ള ശിക്ഷ ബുധനാഴ്ച കോടതി വ്യക്തമാക്കും.
കഴിഞ്ഞ സംപ്തംബറിലാണ് കേസിൽ വിചാരണ പൂര്‍ത്തിയായത്. ഗുജറാത്തിലെ ഏറ്റവും നിർണായകമായ സ്‌ഫോടന പരമ്പര കേസിന്റെ വിധിയാണ് പ്രത്യേക ജഡ്ജി എ.ആർ. പട്ടേൽ ഇന്ന് പ്രഖ്യാപിച്ചിരിക്കുന്നത്. നേരത്തെ, കേസിൽ വിധി പ്രസ്താവിക്കുന്നതിനായി പലതവണ അറിയിപ്പ് നൽകിയിരുന്നെങ്കിലും മാറ്റിവയ്ക്കുകയായിരുന്നു. 56 പേര്‍ കൊല്ലപ്പെടുകയും 200 -ലധികം പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്ത സ്‌ഫോടന പരമ്പരയിൽ നിരോധിത ഭീകര സംഘടനയായ ഇന്ത്യൻ മുജാഹിദ്ദീനുമായി (ഐഎം) ബന്ധമുള്ളവരാണ് എന്ന് പൊലീസ് പറഞ്ഞിരുന്നു.
2002 -ൽ ഗുജറാത്തിൽ നടന്ന ഗോധ്ര കലാപത്തിന് പ്രതികാരമായാണ് ഐഎമ്മുമായി ബന്ധമുള്ള ഭീകരർ സ്‌ഫോടനം ആസൂത്രണം ചെയ്ത് നടപ്പാക്കിയതെന്നും പൊലീസ് ആരോപിച്ചിരുന്നു. അഹമ്മദാബാദിലെ സിവിൽ ആശുപത്രിയിലെ ട്രോമാ സെന്റർ ഉൾപ്പെടെ പലയിടത്തും അന്ന് സ്ഫോടനങ്ങൾ നടന്നു.
35 കേസുകൾ ഉണ്ടായിരുന്നുവെങ്കിലും അതെല്ലാം ഒറ്റക്കേസാക്കി മാറ്റിയ ശേഷമാണ് വിചാരണ ആരംഭിച്ചത്. അഹമ്മദാബാദിലും സൂററ്റിലുമാണ് എഫ്ഐആർ ഫയൽ ചെയ്തിരുന്നത്. സ്‌ഫോടനം നടന്നത് അഹമ്മദാബാദിലാണ്. സ്ഫോടനത്തിന് ശേഷം സൂററ്റിലെ വിവിധ സ്ഥലങ്ങളിൽ നിന്നും ബോംബുകൾ കണ്ടെടുത്തിരുന്നു. സ്ഫോടനം നടന്ന് ഒരു വർഷത്തിന് ശേഷം 2009 -ലാണ് വിചാരണ നടന്നത്. പ്രോസിക്യൂഷൻ 1000 സാക്ഷികളെ വിസ്തരിച്ചു. നിരവധി വഴിത്തിരിവുകളുണ്ടായി.
കൊലപാതകം, കൊലപാതകശ്രമം, ക്രിമിനൽ ഗൂഢാലോചന എന്നിവ കൂടാതെ, പ്രതികൾക്കെതിരെ തീവ്രവാദ വിരുദ്ധ നിയമം, യുഎപിഎ പ്രകാരമുള്ള കുറ്റങ്ങളും ചുമത്തി. സുരക്ഷാ കാരണങ്ങളാൽ സബർമതി സെൻട്രൽ ജയിലിൽ വച്ചാണ് കേസിന്റെ വിചാരണ ആദ്യം നടന്നത്, പിന്നീട് നടപടികൾ കൂടുതലും വീഡിയോ കോൺഫറൻസിംഗിലൂടെയാണ് നടന്നത്.