
26 -ലധികം വര്‍ഷങ്ങളായി ലഖ്നൗവിൽ(Lucknow) നിന്നുള്ള ചന്ദ്രപ്രകാശ് ജെയിന്‍(Chandra Prakash Jain) തെരുവിലെ നായകള്‍ക്ക് ഭക്ഷണം നല്‍കുന്നുണ്ട്. ഒരുദിവസം പോലും മുടങ്ങാതെ അദ്ദേഹം അത് ചെയ്യുന്നു. “ഏകദേശം 26 വർഷം മുമ്പ്, എന്റെ വരുമാനത്തിന്റെ 12.5 ശതമാനം സംഭാവനയ്ക്കായി നീക്കിവയ്ക്കാൻ എന്റെ പിതാവ് എന്നോട് ആവശ്യപ്പെട്ടു. അക്കാലത്ത് എന്റെ വരുമാനം കുറവായിരുന്നുവെങ്കിലും ശമ്പളത്തിന്റെ ഒരു ഭാഗം സംഭാവന ചെയ്യാൻ എനിക്ക് കഴിഞ്ഞു. മൃഗങ്ങൾക്ക് ഭക്ഷണം നൽകാനുള്ള എന്റെ യാത്ര അവിടെ നിന്നാണ് ആരംഭിച്ചത്” ചന്ദ്രപ്രകാശ് പറയുന്നു.
"വിശക്കുന്ന മൃഗത്തിന് ഭക്ഷണം നൽകുന്നവൻ സ്വന്തം ആത്മാവിനെ പോറ്റുന്നു" എന്ന പഴഞ്ചൊല്ലിൽ വിശ്വസിച്ച ചന്ദ്രപ്രകാശ്, സമീപത്തുള്ള മൃഗങ്ങൾക്ക് ഭക്ഷണം നൽകാൻ തുടങ്ങി. അത് ഇന്നും തുടരുന്നു. ഭാര്യയ്ക്കും രണ്ട് ആൺമക്കൾക്കും മരുമകൾക്കുമൊപ്പം താമസിക്കുന്ന ചന്ദ്രപ്രകാശ് കേന്ദ്ര സർക്കാർ ജീവനക്കാരനാണ്. 90 -കളുടെ തുടക്കം മുതൽ അദ്ദേഹം ലഖ്‌നൗവിലെ ഇന്ത്യൻ കാലാവസ്ഥാ വകുപ്പിൽ (IMD) ജോലി ചെയ്യുന്നു.
രാവിലെ നാലുമണിക്ക് അദ്ദേഹത്തിന്‍റെ ഒരു ദിവസം തുടങ്ങുന്നു. പിന്നീട്, നടക്കാന്‍ പോകുന്നു, കയ്യില്‍ ബ്രഡ്ഡിന്‍റെയും ബണ്ണിന്‍റെയും പാക്കറ്റുകളുണ്ടാകും. വഴിയില്‍ കാണുന്ന മൃഗങ്ങള്‍ക്കെല്ലാം അദ്ദേഹം ഭക്ഷണം നല്‍കുന്നു. അത് പശുവാകട്ടെ, പൂച്ചയാകട്ടെ, നായയാകട്ടെ... ഇതെല്ലാം കഴിഞ്ഞ് അഞ്ചുമണിയാകുമ്പോള്‍ അദ്ദേഹം തിരികെയെത്തും. ചന്ദ്രപ്രകാശ് തന്റെ വീടിനടുത്ത് ഏകദേശം 3 കിലോമീറ്റർ ചുറ്റളവിലാണ് നടക്കുന്നത്. വൈകുന്നേരം 8 മണിക്കും 9.30 നും ഇടയിൽ തന്റെ ദിവസം അവസാനിക്കുന്നതിന് മുമ്പും അദ്ദേഹം ഈ നടപ്പ് ആവര്‍ത്തിക്കുന്നു. അതെത്ര തണുപ്പുള്ള ദിവസമായാലും ശരി, ചൂടുള്ള ദിവസമായാലും ശരി. അസുഖമാണ് എങ്കില്‍ പോലും അദ്ദേഹം ഈ നടപ്പ് മുടക്കില്ല.
'കാറ്റായാലും വെള്ളപ്പൊക്കമായാലും എനിക്ക് കുഴപ്പമില്ല. അവയ്ക്ക് ഭക്ഷണം നല്‍കണമെന്ന് മാത്രമേ എന്‍റെ മനസിലുള്ളൂ. ആ സ്നേഹം മൃഗങ്ങളും എന്നോട് തിരികെ കാണിക്കുന്നുണ്ട്. അവയൊരിക്കലും എന്നെ ഉപദ്രവിച്ചിട്ടില്ല' എന്നും അദ്ദേഹം പറയുന്നു. അത്രയും വലിയ ബുദ്ധിമുട്ടെന്തെങ്കിലും ഉണ്ടായാല്‍ മാത്രമാണ് അദ്ദേഹം മറ്റൊരാളെ ആ ജോലിയേല്‍പ്പിക്കുന്നത്.
എന്തുകൊണ്ട് ഇത്രയും വര്‍ഷങ്ങളായി ഇത് തുടരുന്നു എന്ന് ചോദിച്ചാല്‍ അദ്ദേഹത്തിന് ഒറ്റ മറുപടിയേ ഉള്ളൂ അവയുടെ സ്നേഹം. എല്ലാ ദിവസവും രാവിലെയും വൈകുന്നേരവും ഈ മൃഗങ്ങൾ കാത്തിരിക്കുമെന്ന് അദ്ദേഹം പറയുന്നു. 'ചാടിയെത്തുക, എന്റെ കാലിൽ ചുറ്റിത്തിരിയുക, എന്നെ കെട്ടിപ്പിടിക്കുക തുടങ്ങിയവയിലൂടെ അവ എന്നോട് വലിയ സ്നേഹം കാണിക്കുന്നു. ഇത് എനിക്ക് ആത്മവിശ്വാസവും മുന്നോട്ട് പോകാനുള്ള പ്രചോദനവും നൽകുന്നു' എന്നും അദ്ദേഹം പറയുന്നു.
ഓരോ ദിവസവും എഴുപതോളം പശുക്കള്‍ക്കും നായകള്‍ക്കും താന്‍ ആഹാരം നല്‍കുന്നുവെന്ന് ചന്ദ്രപ്രകാശ് പറയുന്നു. സ്വന്തം വരുമാനത്തില്‍ നിന്നുമാണ് അദ്ദേഹം ഇവയ്ക്ക് ആഹാരം നല്‍കുന്നത്. 2024 -ല്‍ ജോലിയില്‍ നിന്നും വിരമിക്കുമ്പോള്‍ കൂടുതലായി മൃഗങ്ങള്‍ക്ക് ഭക്ഷണം നല്‍കാമെന്നാണ് അദ്ദേഹം കരുതുന്നത്.