
ദിവസക്കൂലിക്ക് പണിയെടുക്കുന്ന തൊഴിലാളികൾക്ക് ലീസിനെടുത്ത ഖനിയിൽ നിന്നും കിട്ടിയത് ഏകദേശം 50 ലക്ഷം രൂപ വിലമതിക്കുന്ന വജ്രം. മധ്യപ്രദേശിലെ പന്നാ ജില്ലയിൽ നിന്നുള്ള ഏഴ് തൊഴിലാളികൾക്കാണ് ഉയർന്ന മൂല്യമുള്ള ഈ വജ്രം ലഭിച്ചത്. 17.96 കാരറ്റാണ് ഇതിന്റെ ഭാരം. പന്നായിലെ സരോഖ ഗ്രാമത്തിൽ അഖിലേഷ് പാലും മറ്റ് ആറ് പേരും ചേർന്ന് രണ്ട് വർഷം മുമ്പ് ഒരു ഖനി ലീസിനെടുത്തിരുന്നു. എന്നിരുന്നാലും, അവർ പെട്ടെന്നുതന്നെ ഖനി ഒരു വർഷത്തേക്ക് അടച്ചുപൂട്ടാൻ തീരുമാനിച്ചു, അടുത്തിടെയാണ് അത് വീണ്ടും തുറന്നത്. കനത്ത മഴയ്ക്ക് ശേഷം സ്ഥലത്ത് വീണ്ടുമെത്തിയപ്പോഴാണ്, വജ്രം പാൽ കണ്ടെത്തുന്നത്.
'ഞങ്ങൾ അവിടെ ഏകദേശം രണ്ട് വർഷമായി ഖനനം നടത്തുകയായിരുന്നു' പാൽ ബിബിസിയോട് പറഞ്ഞു, 'പക്ഷേ ഞങ്ങൾക്ക് ഭാഗ്യമുണ്ടായില്ല, അതിനാൽ ഞങ്ങൾ ഖനി ഒരു വർഷത്തേക്ക് അടച്ചു. ഞങ്ങൾ അതിന് തൊട്ടടുത്ത് മറ്റൊരു ഖനി ആരംഭിച്ചിരുന്നു' എന്നും പാൽ പറയുന്നു. പുതിയത് പരിശോധിക്കാൻ പോയപ്പോഴാണ് പഴയ ഖനി കൂടി ഒന്ന് പരിശോധിക്കാൻ തീരുമാനിച്ചത്. മുകളിൽ തന്നെയായി ആ സമയത്താണ് വജ്രം കണ്ടെത്തിയത്.
ഡയമണ്ട് ഒഫിഷ്യലായ രവി പട്ടേൽ പറയുന്നതനുസരിച്ച്, പാൽ കണ്ടെത്തിയ കല്ലിന് 17.96 കാരറ്റ് ഭാരമുണ്ട്. സ്വാഭാവിക വജ്രങ്ങളുടെ ഏറ്റവും മികച്ച ഇനങ്ങളിൽ ഒന്നാണിതെന്നും രവി പട്ടേൽ പറയുന്നു. ഈ വജ്രം ഈ വർഷം ഒക്ടോബറിലായിരിക്കും ലേലത്തിന് വെക്കുന്നത്. ഇതിന് ഏകദേശം 50 ലക്ഷം രൂപ വരെ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും പട്ടേൽ പറഞ്ഞു. ഇന്ത്യയിൽ നിന്നും വിദേശത്തുനിന്നും ആളുകൾ ഈ കല്ലിനായി ലേലം വിളിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. വജ്രത്തിന്റെ വിൽപ്പനയിൽ നിന്ന് സർക്കാർ 12% റോയൽറ്റി ഈടാക്കും. ബാക്കി തുക ഏഴ് പേർക്കും തുല്യമായി വീതിച്ചു നൽകും.
ഇതിൽ നിന്നുള്ള കാശ് കിട്ടിയാൽ വിവാഹമടക്കമുള്ള സ്വപ്നം സാക്ഷാത്കരിക്കാനാണ് തൊഴിലാളികളുടെ പ്ലാൻ. അതേസമയം, ഇന്ത്യയിലെ രത്നനഗരമായ ഇവിടെ നിന്നും ഇതിനുമുമ്പും പലരും ഇതുപോലെ വജ്രങ്ങൾ കണ്ടെത്തിയിട്ടുണ്ട്. ജൂണിൽ, ഒരു കുടുംബം ഇവിടെ നിന്നും 30 ലക്ഷം രൂപ വിലമതിക്കുന്ന 11.19 കാരറ്റ് വജ്രം കണ്ടെത്തിയിരുന്നു. അത് മാത്രമല്ല, ഇതേ കുടുംബം തന്നെ 2024 -ൽ ഇവിടെ നിന്നും 19.22 കാരറ്റ് വജ്രവും കണ്ടെത്തിയിരുന്നു. സർക്കാർ ലേലത്തിൽ 93 ലക്ഷം രൂപയാണ് ഇതിന് ലഭിച്ചത്.