
വിമാനത്താവളങ്ങളിൽ പൊതുവിൽ സാധനങ്ങൾക്ക് വില കൂടുതലാണെങ്കിലും ഈ എയർപോർട്ടിലെ ഭക്ഷ്യവസ്തുക്കളുടെ വില യാത്രക്കാരെ അമ്പരപ്പിക്കുകയാണ്. ഇസ്താംബുൾ വിമാനത്താവളമാണ് ഇപ്പോൾ ഭക്ഷ്യവസ്തുക്കളുടെ വിലക്കൂടുതലിന്റെ പേരിൽ വാർത്തകളിൽ ഇടം പിടിച്ചിരിക്കുന്നത്.
വിമാനത്താവളത്തിൽ ഏറ്റവും അടിസ്ഥാന ഭക്ഷ്യവസ്തുക്കൾ പോലും പ്രീമിയം വിലയ്ക്കാണ് വിൽക്കുന്നത് എന്നാണ് യാത്രക്കാർ പറയുന്നത്. ഒരു വാഴപ്പഴത്തിന്റെ വില കേട്ടാൽ ആരായാലും ഒന്ന് ഞെട്ടും. £5, അതായത് 565 രൂപ. തുർക്കിയിലെ പ്രധാന വിമാനത്താവളമായ ഇസ്താംബുളിൽ പ്രതിദിനം ശരാശരി 220,000 യാത്രക്കാർ എത്താറുണ്ട്. യാത്രക്കാരെ എല്ലാം ബുദ്ധിമുട്ടിലാക്കും വിധം അതിരുകടന്ന വിലയാണ് ഭക്ഷ്യവസ്തുക്കൾക്ക് ഈടാക്കുന്നത് എന്നാണ് യാത്രക്കാരുടെ പരാതി.
ഇറ്റാലിയൻ പത്രമായ കൊറിയർ ഡെല്ല സെറയുടെ അഭിപ്രായത്തിൽ, ഭക്ഷണപാനീയങ്ങൾക്ക് യൂറോപ്പിലെ ഏറ്റവും വിലകൂടിയ വിമാനത്താവളമാണ് ഇസ്താംബുൾ വിമാനത്താവളം.
മക്ഡൊണാൾഡ്‌സ്, ബർഗർ കിംഗ് പോലുള്ള പൊതുവിപണിയിൽ എളുപ്പത്തിൽ വാങ്ങാൻ കഴിയുന്ന ഫാസ്റ്റ് ഫുഡ് ശൃംഖലകൾ പോലും അവരുടെ പ്രധാന വിഭവങ്ങൾ ഇത്രയേറെ ഉയർന്ന വിലയ്ക്ക് വിൽക്കുന്നില്ല എന്നും ആക്ഷേപങ്ങൾ ഉയരുന്നുണ്ട്. വിമാനത്താവളത്തിലെ സൗകര്യങ്ങൾ മികച്ചതാണെങ്കിലും ഭക്ഷ്യവസ്തുക്കളുടെ ഉയർന്ന വില താങ്ങാൻ ആകുന്നില്ല എന്നാണ് പൊതുവിൽ ഉയരുന്ന അഭിപ്രായം.