മൂന്ന് ഭാര്യമാർ, മോഷ്ടിച്ചത് 5000 കാറുകൾ, നിരവധി കൊലപാതകങ്ങൾ; 27 വർഷം കൊണ്ട് ഒരു ഓട്ടോറിക്ഷ ഡ്രൈവർ ചെയ്തത്

Published : Sep 06, 2022, 10:59 AM IST
മൂന്ന് ഭാര്യമാർ, മോഷ്ടിച്ചത് 5000 കാറുകൾ, നിരവധി കൊലപാതകങ്ങൾ; 27 വർഷം കൊണ്ട് ഒരു ഓട്ടോറിക്ഷ ഡ്രൈവർ ചെയ്തത്

Synopsis

ഇതുവരെ ഇയാൾക്കെതിരെ വിവിധ വകുപ്പുകളിലായി 180 കേസുകളാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. ഇതിനിടയിൽ നിരവധി തവണ ഇയാൾ പൊലീസ് പിടിയിൽ ആയി എങ്കിലും പണവും സ്വാധീനവും ഉപയോഗിച്ച് രക്ഷപ്പെടുകയായിരുന്നു.

കഴിഞ്ഞ ദിവസം ദില്ലിയിൽ പിടിയിലായ കുപ്രസിദ്ധ കുറ്റവാളി അനിൽചൗഹാന്റെ ജീവിതം കേട്ടാൽ നമ്മൾ അമ്പരന്നു പോകും. കഴിഞ്ഞ 27 വർഷംകൊണ്ട് ഇയാൾ ചെയ്തുകൂട്ടിയത് എണ്ണിയാലൊടുങ്ങാത്തത്ര കുറ്റകൃത്യങ്ങൾ. 57 -കാരനായ ഇയാൾ രാജ്യത്തെ ഏറ്റവും വലിയ കാർ മോഷ്ടാവാണന്നാണ് പൊലീസ് പറയുന്നത്.

വർഷങ്ങൾക്ക് മുമ്പ് ദില്ലിയിലെ കാൺപൂരിലെ ഒരു ഓട്ടോറിക്ഷ ഡ്രൈവർ ആയിരുന്നു അനിൽ. 1995 -ൽ ആണ് ഇയാൾ ആദ്യത്തെ മോഷണം നടത്തുന്നത്. അതൊരു മാരുതി 800 കാർ ആയിരുന്നു. ആദ്യ മോഷണം വിജയിച്ചതോടെ അയാൾ പതിയെ അതൊരു പതിവാക്കി തുടങ്ങി. പ്രത്യക്ഷത്തിൽ ഓട്ടോ ഡ്രൈവർ ആയിരുന്നങ്കിലും തന്റെ മോഷണങ്ങൾക്ക് ഒരു മറ മാത്രമായി മാറി പിന്നീട് ആ തൊഴിൽ. മാരുതി 800 കാറുകളായിരുന്നു ഇയാൾ മോഷ്ടിച്ചിരുന്നത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് മോഷ്ടിക്കുന്ന കാറുകൾ നേപ്പാൾ, ജമ്മു കശ്മീർ എന്നിവിടങ്ങളിൽ ആയിരുന്നു പ്രധാനമായും വിൽപ്പന നടത്തിയിരുന്നത്. മോഷണത്തിനിടയിൽ കാർ ഡ്രൈവർമാരെ കൊല്ലുന്നതും ഇയാളുടെ പതിവായിരുന്നു.

പിന്നീട് പതിയെ ഇയാൾ ആസാമിലേക്ക് താമസം മാറി. അപ്പോഴേക്കും അനിൽ ഒരു വലിയ കോടീശ്വരനായി മാറിയിരുന്നു. ഡൽഹി, മുബൈ എന്നിവിടങ്ങളിലായി ധാരാളം സ്വത്തുവകകളും വാങ്ങിക്കൂട്ടി. ആഡംബര ജീവിതമായിരുന്നു ഇയാൾ നയിച്ചു വന്നിരുന്നത്. ഇയാൾ മൂന്ന് ഭാര്യമാരും ഏഴ് മക്കളും ഉണ്ടെന്നാണ് പൊലീസ് പറയുന്നത്.

ഇതുവരെ ഇയാൾക്കെതിരെ വിവിധ വകുപ്പുകളിലായി 180 കേസുകളാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. ഇതിനിടയിൽ നിരവധി തവണ ഇയാൾ പൊലീസ് പിടിയിൽ ആയി എങ്കിലും പണവും സ്വാധീനവും ഉപയോഗിച്ച് രക്ഷപ്പെടുകയായിരുന്നു. ഇപ്പോൾ അനിൽ ചൗഹാൻ ആസാമിലെ ഗവൺമെന്റ് കോൺട്രാക്ടർ ആണ്. അതുകൊണ്ട് പ്രാദേശിക രാഷ്ട്രീയ നേതാക്കളുമായി ഇയാൾക്ക് നല്ല ബന്ധമാണന്ന് പൊലീസ് പറയുന്നു.

രഹസ്യവിവരത്തെത്തുടർന്ന് സെൻട്രൽ ഡൽഹി പൊലീസിന്റെ സ്‌പെഷ്യൽ സ്റ്റാഫ് ദേശ് ബന്ധു ഗുപ്ത റോഡ് ഏരിയയിൽ നിന്നാണ് ഇയാളെ പിടികൂടിയത്. അനിൽ നിലവിൽ ആയുധക്കടത്ത് നടത്തുന്നയാളാണെന്നാണ് പൊലീസ് പറയുന്നത്. ഇയാൾ ഉത്തർപ്രദേശിൽ നിന്ന് ആയുധങ്ങൾ കൊണ്ടുവന്ന് വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ നിരോധിത സംഘടനകൾക്ക് എത്തിച്ചു നൽകുകയായിരുന്നു. ഇയാളിൽ നിന്ന് ആറ് പിസ്റ്റളുകളും ഏഴ് വെടിയുണ്ടകളും പൊലീസ് കണ്ടെടുത്തു.

PREV
Read more Articles on
click me!

Recommended Stories

'പ്രണയാവധി' വേണമെന്ന് ജീവനക്കാരൻ; ബോസിന്‍റെ മറുപടി വൈറൽ
കോയമ്പത്തൂരിൽ റോഡിലേക്ക് പാഞ്ഞുകയറി കുതിരകൾ, കുട്ടികളുമായി സ്കൂട്ടിയിൽ പോവുകയായിരുന്ന സ്ത്രീയ്ക്ക് പരിക്ക്; വീഡിയോ