ഇടതുപക്ഷക്കാരനായ മുന്‍ പ്രസിഡണ്ട് 500 ദിവസമായി തടവില്‍; പ്രിയപ്പെട്ട നേതാവിന്‍റെ മോചനത്തിനായി ഒത്തുചേര്‍ന്ന് അണികള്‍...

By Web TeamFirst Published Aug 21, 2019, 3:42 PM IST
Highlights

 പ്രസിഡണ്ട് തെരഞ്ഞെടുപ്പില്‍ നിന്നും ലുലയെ ഒഴിവാക്കാനായി തീവ്ര വലതുപക്ഷം നടത്തിയ രാഷ്ട്രീയക്കളിയായിട്ടാണ് ലുലയുടെ തടവ് ചര്‍ച്ച ചെയ്യപ്പെടുന്നത്. 

ഇടതുപക്ഷക്കാരനായ, മുൻ ബ്രസീൽ പ്രസിഡണ്ട് ലൂയിസ് ഇൻസിയൊ ലുലാ ഡാ സിൽവ രാഷ്ട്രീയ തടവിലായിട്ട് ആഗസ്ത് 19 -ന് 500 ദിവസം പിന്നിട്ടിരിക്കുന്നു. ബ്രസീലിലെ ആദ്യ തൊഴിലാളി വിഭാഗ പ്രസിഡണ്ടാണ് ലുല. കുരിറ്റിബയിലെ ഫെഡറൽ പൊലീസ് ആസ്ഥാനത്താണ് മണ്ടേല നിയമങ്ങൾ ലംഘിച്ച് അദ്ദേഹത്തെ ഏകാന്തതടവിൽ പാർപ്പിച്ചിരിക്കുന്നത്. കൈക്കൂലി വാങ്ങി അഴിമതി കാണിച്ചുവെന്ന കുറ്റമായിരുന്നു ലുലയ്ക്കെതിരെ ചുമത്തപ്പെട്ടിരുന്നത്. എന്നാല്‍, ഇതുവരെ തെളിയിക്കാനാകാത്ത ഒരു കുറ്റത്തിനാണ് ലുലയെ തടവില്‍ പാര്‍പ്പിച്ചിരിക്കുന്നതെന്ന് കാണിച്ച് രാജ്യത്തിനകത്തും പുറത്തും വലിയ പ്രതിഷേധങ്ങളുയരുകയാണ്. മുൻ ജഡ്ജി സെർജിയോ മൊറോയ്ക്കോ പ്രോസിക്യൂട്ടർമാർക്കോ ലുല കുറ്റം ചെയ്തുവെന്ന് തെളിയിക്കാന്‍ കഴിഞ്ഞിട്ടില്ല എന്ന് കാട്ടിയാണ് പ്രതിഷേധം. പ്രസിഡണ്ട് തെരഞ്ഞെടുപ്പില്‍ നിന്നും ലുലയെ ഒഴിവാക്കാനായി തീവ്ര വലതുപക്ഷം നടത്തിയ രാഷ്ട്രീയക്കളിയായിട്ടാണ് ലുലയുടെ തടവ് ചര്‍ച്ച ചെയ്യപ്പെടുന്നത്. 

വിവിധ യൂണിയനുകളുടേയും, ലാന്‍ഡ്‍ലെസ്സ് റൂറല്‍ വര്‍ക്കേഴ്‍സ് മൂവ്മെന്‍റിന്‍റെയും പ്രവര്‍ത്തകരും ആക്ടിവിസ്റ്റുകളും അടങ്ങുന്ന നൂറുകണക്കിനാളുകളുടെ ഒരു സംഘം ലുലയെ തടവില്‍ പാര്‍പ്പിച്ചിരിക്കുന്ന കെട്ടിടത്തിനു മുന്നിലായി ലുലയുടെ തടവിനെതിരായി പ്രതിഷേധിക്കുന്നുണ്ട്. അവര്‍ 'ഗുഡ് മോണിങ്, ഗുഡ് ഈവനിംഗ്, ഗുഡ് നൈറ്റ്' എന്നിവയെല്ലാം ലുലയ്ക്ക് വേണ്ടി പുറത്തുനിന്നും  ഉറക്കെ പറയുന്നു, ഉറക്കെ പാട്ടുകള്‍ പാടുന്നു. ജനാലകളില്ലാത്ത തന്‍റെ തടവുമുറിയിലിരുന്ന് ലുലയ്ക്ക് അത് കേള്‍ക്കാം. 

ലുല തുറുങ്കിലടക്കപ്പെടുന്നത്  അമേരിക്കൻ നീതിന്യായവകുപ്പിലെ കുരിറ്റിബ പബ്ലിക് പ്രോസിക്യൂട്ടേഴ്സ് ഓഫീസ് നടത്തിയ ഒരു അന്വേഷണത്തിന്റെ ചുവടുപിടിച്ചാണ്. അതാവട്ടെ,  കളവു മാത്രം പറയുന്നതിന് കുഖ്യാതനായ ഒരാളുടെ മൂന്നുപ്രാവശ്യം മാറ്റപ്പെട്ട ഒരു മൊഴിയുടെ പുറത്തു നടന്ന ഒരു അന്വേഷണവുമാണെന്നാണ് ആരോപണം. അവസാനം രേഖപ്പെടുത്തപ്പെട്ട മൊഴി ശിക്ഷയിൽ 90  ശതമാനവും ഇളവുകിട്ടുമെന്നും, ലക്ഷക്കണക്കിന് ഡോളർ വരുന്ന അനധികൃത സ്വത്തുക്കൾ തിരിച്ചുകൊടുക്കും എന്നൊക്കെയുള്ള ധാരണപ്പുറത്ത് നൽകപ്പെട്ട ഒരു മൊഴിയുമാണത്. അല്ലാതെ ലുലയെ ആ കേസിൽ പ്രതിയെന്നു നിസ്സംശയം തെളിയിക്കുന്ന യാതൊരു രേഖകളും തെളിവായി ഹാജരാക്കപ്പെട്ടിരുന്നില്ല. 

അന്നത്തെ ജഡ്ജി മൊറോയും, ലാവ ജാറ്റോ പ്രോസിക്യൂട്ടർമാരില്‍ ചിലരും തമ്മിലുള്ള അനധികൃത കൂട്ടുകെട്ട് കാണിക്കുന്ന സംഭാഷണങ്ങളും പുറത്തുവന്നിട്ടുണ്ട്. ഇതില്‍നിന്നു തന്നെ ലുലയുടെ നിരപരാധിത്വം വ്യക്തമാണെന്ന് വിലയിരുത്തപ്പെടുന്നു. അടുത്ത പ്രസിഡണ്ട് തെരഞ്ഞെടുപ്പില്‍ ലുല മത്സരിക്കാതിരിക്കാനുള്ള ഗൂഢാലോചനയുടെ ഫലം മാത്രമാണ് ഈ കേസും അതിനെത്തുടര്‍ന്നുണ്ടായ തടവുമെന്നാണ് പറയുന്നത്. ഏറെ ജനസമ്മതിയുള്ള നേതാവാണ് ലുല. അത് ഭയന്നു തന്നെയാവണം മാധ്യമങ്ങള്‍ക്കും ലുലയെ കാണുന്നതിന് വിലക്കേര്‍പ്പെടുത്തിയിരിക്കുകയാണ്. 

ലുല കീഴടങ്ങുന്നതിന് തൊട്ടുമുമ്പ് ആയിരക്കണക്കിന് അണികള്‍ ചുവന്ന ഷര്‍ട്ട് ധരിച്ച് കൊടികളുമായി ABC Metallurgical Workers Union -ആസ്ഥാനത്ത് തടിച്ചു കൂടുകയും കീഴടങ്ങരുതെന്ന് അദ്ദേഹത്തോട് യാചിക്കുകയും ചെയ്തിരുന്നു. കണ്ണുനീരോടെ നില്‍ക്കുന്ന ആ ജനക്കൂട്ടത്തെ സംബോധന ചെയ്തുകൊണ്ട് അദ്ദേഹം അന്ന് സംസാരിച്ചത് ഇങ്ങനെയാണ്; ''എന്‍റെ ആശയങ്ങളെ ഇല്ലാതാക്കാന്‍ ശ്രമിക്കുന്നതില്‍ യാതൊരര്‍ത്ഥവുമില്ല. അത് ഇപ്പോള്‍ തന്നെ വ്യാപിച്ചു കഴിഞ്ഞതാണ്. ആ ആശയങ്ങളെ തടവിലാക്കാന്‍ അവര്‍ക്കാവില്ല. സ്വപ്നം കാണുന്നതില്‍ നിന്നും എന്നെ തടയാനും അവര്‍ക്കാവില്ല. കാരണം, നിങ്ങളുടെ മനസിലൂടെയും സ്വപ്നങ്ങളിലൂടെയും അത് സംഭവിക്കും. ഹൃദയാഘാതം വന്നു ഞാന്‍ മരിച്ചാല്‍ ഇത് അവസാനിക്കും എന്ന് അവര്‍ ചിന്തിക്കുന്നതിലും യാതൊരു കാര്യവുമില്ല. അത് വിഢിത്തമാണ്. കാരണം, എന്‍റെ ഹൃദയം നിങ്ങളുടെ ഹൃദയത്തിലൂടെ മിടിക്കുന്നു, അത് ദശലക്ഷക്കണക്കിന് ഹൃദയങ്ങളിലുണ്ട്. അവര്‍ക്ക് ഒന്നോ, രണ്ടോ നൂറോ പൂക്കള്‍ ഇല്ലാതാക്കാന്‍ കഴിഞ്ഞേക്കാം. പക്ഷേ, വസന്തത്തിന്‍റെ വരവിനെ ഇല്ലാതാക്കാന്‍ അവര്‍ക്ക് കഴിയില്ല...''

 

ലുല അറസ്റ്റ് ചെയ്യപ്പെട്ടതിന് തൊട്ടുപിന്നാലെ ലക്ഷക്കണക്കിന് യുഎസ്, കനേഡിയൻ യൂണിയൻ തൊഴിലാളികളെ പ്രതിനിധീകരിക്കുന്ന AFL-CIO, ലുലയെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് വാഷിംഗ്ടണിലെ ബ്രസീൽ എംബസിക്ക് ഒരു കത്ത് നൽകിയിരുന്നു.  “ലുലയ്ക്ക് നേരെയുണ്ടായ വേട്ടയാടലും ശിക്ഷയും തടങ്കലും മനുഷ്യാവകാശ ലംഘനത്തേക്കാളും കൂടുതലാണ്. 2018 ഒക്ടോബറിലെ തെരഞ്ഞെടുപ്പിൽ പ്രസിഡന്‍റ് സ്ഥാനത്തേക്ക് മത്സരിക്കുന്നതിൽ നിന്ന് അദ്ദേഹത്തെ  തടയുന്നതിനു വേണ്ടിയുള്ള രാഷ്ട്രീയ തന്ത്രമാണ് അവയെല്ലാം. അദ്ദേഹത്തിന്‍റെ ഈ വിലക്ക് ജനാധിപത്യത്തിന്റെ മറ്റൊരു നിഷേധമാണ്. ആ നിഷേധം ബ്രസീലിന് അനുവദിക്കാനാവില്ല. അദ്ദേഹത്തിന്റെ നിരപരാധിത്വത്തെ കുറിച്ചും തെളിവുകളുടെ അഭാവത്തെ കുറിച്ചുമുള്ള വ്യക്തമായ ധാരണയുടെ അടിസ്ഥാനത്തില്‍ തന്നെയാണ് ലൂല കുരിറ്റിബയിലെ അധികാരികളിലേക്ക് തിരിഞ്ഞത്. ബ്രസീലിലും ലോകത്താകെയുമുള്ള യൂണിയനുകളും മനുഷ്യാവകാശ- ജനാധിപത്യ പ്രവർത്തകരും ലുലയ്ക്കും ബ്രസീലിലെ ജനാധിപത്യത്തിനും പിന്തുണയുമായി ഒത്തുചേര്‍ന്നിരിക്കുകയാണ്. ” എന്നാണ് കത്തില്‍ പറയുന്നത്.

റിപ്പബ്ലിക്കന്‍ മാർക്ക് പോക്കന്റെ (D-Wis.) നേതൃത്വത്തിൽ, സെൻ. ബെർണി സാണ്ടേഴ്‌സ് (I-Vt.) അടങ്ങുന്ന 29 അമേരിക്കൻ നിയമനിർമ്മാതാക്കളും ബ്രസീലിയൻ എംബസിക്ക്, മേല്‍പ്പറഞ്ഞതിനു സമാനമായ ഒരു കത്ത് നൽകിയിരുന്നു. ജുഡീഷ്യൽ പ്രക്രിയയിൽ ലുലയുടെ അവകാശങ്ങൾ ലംഘിക്കപ്പെട്ടു എന്ന് കാണിക്കുന്നതായിരുന്നു കത്ത്. ലുലയെ തടവിലാക്കിയതിന്‍റെ പ്രധാനകാരണം അദ്ദേഹത്തെ വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളിൽ മത്സരിക്കുന്നതിൽ നിന്ന് തടയുക എന്നതാണെന്ന് വിശ്വസിക്കാൻ മതിയായ കാരണമുണ്ട് എന്ന് കത്തില്‍ വ്യക്തമാക്കിയിരുന്നു. തത്വചിന്തകനും ബുദ്ധിജീവിയുമായ നോം ചോംസ്കി, ഏഞ്ചല ഡേവിസ് എന്നിവരും ലുലയെ ഒരു രാഷ്ട്രീയ തടവുകാരനാണെന്ന് പ്രഖ്യാപിക്കുകയും അദ്ദേഹത്തിന്‍റെ മോചനത്തിന് വേണ്ടി സംസാരിക്കുകയും ചെയ്തിരുന്നു. 

ലുലയ്ക്കെതിരെ വ്യാജ തെളിവുകളും മറ്റും സമര്‍പ്പിക്കുകയും അദ്ദേഹത്തെ തടവില്‍ത്തന്നെ തുടര്‍ന്നും പാര്‍പ്പിക്കുകയും ചെയ്തുകൊണ്ട്  അദ്ദേഹത്തെ തകർക്കാനുള്ള രഹസ്യനീക്കങ്ങളാണ് നടക്കുന്നതെന്നാണ് ലുലയെ പിന്തുണക്കുന്നവര്‍ പറയുന്നത്. പ്രതിഭാഗം അഭിഭാഷകരും ഇത് വലിയൊരു  ഗൂഢാലോചനയുടെ ഭാഗമാണ് എന്ന് വാദിക്കുന്നുണ്ട്. 

ബ്രസീലിലെ കോൺഗ്രസിലെ ഏറ്റവും വലിയ രാഷ്ട്രീയ പാർട്ടിയായ വർക്കേഴ്സ് പാർട്ടി (PT) മറ്റ് ഇടതുപക്ഷ പാര്‍ട്ടികളുടെ കൂടി സഹകരണത്തോടെ, ലാവ ജാറ്റോ അന്വേഷണത്തിന്റെ പശ്ചാത്തലത്തിൽ ഇതിനെ കുറിച്ച് അന്വേഷിക്കാൻ ഒരു പാർലമെന്ററി ഇൻവെസ്റ്റിഗേഷൻ കമ്മീഷന് രൂപം നല്‍കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. മുൻ ജഡ്ജി സെർജിയോ മൊറോയുടെയും പബ്ലിക് പ്രോസിക്യൂട്ടർമാരും ഒത്തുകളിയുടെ ഭാഗമാണ് എന്ന് ആരോപിച്ചുകൊണ്ടായിരുന്നു ഇത്.  PT കോൺഗ്രസ് ബ്ലോക്ക് നേതാവ് പൗലോ പിമെന്റ അഭിപ്രായപ്പെടുന്നത്, 'അന്വേഷണ സംഘം ക്രിമിനൽ ഓർഗനൈസേഷനായി മാറിയിരിക്കുകയാണ്. എതിരാളികളെ ഉപദ്രവിക്കുന്നതിനും, സുഹൃത്തുക്കളെ സംരക്ഷിക്കുന്നതിനും, അന്വേഷണസംഘത്തിലെ അംഗങ്ങളുടെ വ്യക്തിപരമായ ലാഭത്തിനുമായി ഈ അന്വേഷണം ഹൈജാക്ക് ചെയ്യുകയാണ്' എന്നാണ്.

എന്നാല്‍, ഇത്രയൊക്കെ പ്രതിഷേധം നടക്കുമ്പോഴും എന്ന് പുറത്തിറങ്ങാന്‍ കഴിയുമെന്നറിയാതെ ലുലയുടെ തടവ് അനിശ്ചിതമായി തുടരുകയാണ്. 

click me!