'കശ്‍മീരി ജനതയുടെ ഉത്കണ്ഠയെ പറ്റി നിങ്ങള്‍ മിണ്ടണ്ട'; വിദേശമാസികയോട് ഐഎംഎ

By Web TeamFirst Published Aug 21, 2019, 11:08 AM IST
Highlights

കശ്മീർ വിഷയം ഇന്ത്യയുടെ ആഭ്യന്തരകാര്യമാണെന്നും അതിൽ ലാൻസെറ്റ് അനാവശ്യമായ അഭിപ്രായപ്രകടനങ്ങൾക്ക് മുതിരരുതെന്നും ഐഎംഎ പറഞ്ഞു.

ബ്രിട്ടനിൽ നിന്നും പ്രസിദ്ധീകരിക്കപ്പെടുന്ന ഒരു പ്രശസ്തമായ മെഡിക്കൽ ജേർണൽ ആണ് 'ദ ലാൻസെറ്റ്' ( The Lancet). ലോകമെമ്പാടുമുള്ള ഡോക്ടർമാർ വായിക്കുന്ന, ആരോഗ്യരംഗത്തെ ഏറ്റവും പുതിയ തുടിപ്പുകൾ രേഖപ്പെടുത്തപ്പെടുന്ന വിഖ്യാതമായ ഒരു അന്താരാഷ്ട്രമാസികയാണ് ഇത്. ലാൻസെറ്റിന്റെ ആഗസ്റ്റ് 17 -ന് പുറത്തിറങ്ങിയ ലക്കത്തിൽ അവർ ഒരു 'ഒപ്പീനിയൻ' ലേഖനം പ്രസിദ്ധപ്പെടുത്തി. അതിന്റെ തലക്കെട്ട് ഇങ്ങനെയായിരുന്നു, 'Fear and Anxiety around Kashmir'. അതായത് 'കാശ്മീരിൽ നിലനിൽക്കുന്ന ഭീതിയും ഉത്കണ്ഠയും'. കശ്മീർ താഴ്‌വരയിൽ ആർട്ടിക്കിൾ 370  റദ്ദാക്കിയശേഷം നിലവിൽ വന്ന വൻതോതിലുള്ള നിയന്ത്രണങ്ങളും, പട്ടാളത്തിന്റെ വർധിച്ച സാന്നിധ്യവും മറ്റും ജനങ്ങൾക്ക്  വളരെയധികം ഉത്കണ്ഠയും ഭീതിയും ജനിപ്പിക്കുന്നുണ്ട് എന്ന് അതിൽ എഴുതിയിരിക്കുന്നു. ടെലിഫോൺ ബന്ധങ്ങൾ വിച്ഛേദിക്കുന്നതും, മൊബൈൽ ഇന്റർനെറ്റ് നിർത്തലാക്കുന്നതും, നിരന്തരം കർഫ്യൂ ഏർപ്പെടുത്തുന്നതും ഒക്കെ ജനങ്ങളെ അസുരക്ഷിതത്വം അനുഭവിപ്പിക്കുന്നു എന്നും ലേഖനത്തിൽ പറഞ്ഞിരിക്കുന്നു. 

പ്രസ്തുത ലേഖനം അവർ ട്വിറ്ററിലൂടെയും പ്രസിദ്ധപ്പെടുത്തിയിരുന്നു. അതിൽ ഇങ്ങനെ കുറിച്ചിരിക്കുന്നു, "കശ്മീരിലെ ജനങ്ങളുടെ പരമാധികാരം റദ്ദാക്കിക്കൊണ്ടുള്ള നടപടി താഴ്‌വരയിൽ അഭിവൃദ്ധികൊണ്ടുവരും എന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി അവകാശപ്പെടുന്നത്. ദശാബ്ദങ്ങളായി സംഘർഷമേൽപ്പിച്ച ആഴത്തിലുള്ള മുറിവുകളെ പരിചരിച്ചുകൊണ്ടിരിക്കുന്ന ജനങ്ങൾക്ക് അതിൽ നിന്നും ഒരാശ്വാസമാണ് വേണ്ടത്, അല്ലാതെ കൂടുതൽ അവഗണനകളും, ഒറ്റപ്പെടുത്തലുകളും, അക്രമങ്ങളുമല്ല..!  "

Editorial: "PM Narendra Modi vows that his decision to revoke autonomy will bring prosperity to . But first, the people of Kashmir need healing from the deep wounds of this decades-old conflict, not subjugation to further violence & alienation." https://t.co/88LrtruCAP pic.twitter.com/3NYJWY5e84

— The Lancet (@TheLancet)

 

ട്വീറ്റ് പ്രത്യക്ഷപ്പെട്ട് നിമിഷങ്ങൾക്കകം സാമൂഹ്യമാധ്യമങ്ങളിൽ ലാൻസെറ്റിനെതിരെയുള്ള പ്രതിഷേധങ്ങൾ നിറഞ്ഞു. അറിയാത്ത കാര്യങ്ങളെപ്പറ്റി ബ്രിട്ടനിൽ ഇരുന്നുകൊണ്ട് ലാൻസെറ്റുകാർ വെറുതെ വിടുവായത്തരം പറയരുത് എന്ന് ചിലർ പറഞ്ഞു. ഏറ്റവും ശക്തമായ പ്രതിഷേധം രേഖപ്പെടുത്തിയത് ഇന്ത്യയിൽ ആരോഗ്യരംഗത്ത് പ്രവർത്തിക്കുന്നവരുടെ സംഘടനയായ ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ(IMA) തന്നെയായിരുന്നു. കശ്മീർ വിഷയം ഇന്ത്യയുടെ ആഭ്യന്തരകാര്യമാണെന്നും അതിൽ ലാൻസെറ്റ് അനാവശ്യമായ അഭിപ്രായപ്രകടനങ്ങൾക്ക് മുതിരരുതെന്നും അവർ വിയോജിപ്പറിയിച്ചുകൊണ്ട് മാസികയ്ക്ക് അയച്ച കത്തിൽ അറിയിച്ചു. ഒരു ആരോഗ്യപ്രസിദ്ധീകരണം എന്നനിലയ്ക്ക് ലാൻസെറ്റിനുള്ള സൽപ്പേരിന് ഇത്തരത്തിലുള്ള ദുരുദ്ദേശപരമായ ലേഖനങ്ങൾ കളങ്കം ചാർത്തുമെന്നും ഐഎംഎ പറഞ്ഞു.

ഐഎംഎയുടെ പ്രസിഡന്റായ ഡോ.ശന്തനു സെൻ ലാൻസെറ്റിന്റെ ഈ ദുരുപദിഷ്ടമായ ലേഖനത്തെ തുറന്നെതിർത്തു. "നാലു ലക്ഷത്തിൽപ്പരം ഡോക്ടർമാർ അംഗങ്ങളായുള്ള ഐഎംഎ ആരോഗ്യരംഗത്തു പ്രവർത്തിക്കുന്ന  ലോകത്തിലെ തന്നെ ഏറ്റവും വലിയ സംഘടനകളിൽ ഒന്നാണ്. ലാൻസെറ്റ് പോലുള്ള മാസികകൾ ചികിത്സാരംഗത്തുമാത്രം ശ്രദ്ധ കേന്ദ്രീകരിക്കണം എന്നാണ് ഞങ്ങളുടെ അഭിപ്രായം..." അദ്ദേഹം ബിബിസി -യോട് പറഞ്ഞു.

സംഘർഷങ്ങളാൽ കലുഷിതമായ പ്രദേശങ്ങളെപ്പറ്റി അഭിപ്രായങ്ങൾ തുറന്നെഴുതിക്കൊണ്ട് ലാൻസെറ്റ് വിവാദങ്ങൾ ക്ഷണിച്ചുവരുത്തുന്നത് ഇതാദ്യമായിട്ടല്ല. 2014 -ൽ ഗാസയെപ്പറ്റിയും ഇതുപോലെ ഒരു മുഖപ്രസംഗം അവർ എഴുതിയിരുന്നു. അന്നും ഇതുപോലെ വിവാദങ്ങള്‍ ഉയർന്നുവന്നിരുന്നു. 

2015 -ൽ ഡോക്ടേഴ്സ് വിതൗട്ട് ബോർഡേഴ്സ് എന്ന സംഘടന നടത്തിയ ഒരു പഠനത്തിൽ കശ്മീർ താഴ്വരയിലെ 45 ശതമാനം പേർക്കും വിഷാദരോഗമുണ്ട് എന്ന തരത്തിലുള്ള ഫലങ്ങൾ പ്രസിദ്ധീകരിക്കപ്പെട്ടിരുന്നു. അതിനുപുറമെ ഇപ്പോൾ ലാൻസെറ്റ് പോലെ വിഖ്യാതമായ ഒരു ജേർണലിൽ ഇങ്ങനെയൊരു ലേഖനം കൂടി വരുന്നത്  ഭാരതത്തിന്റെ പ്രതിച്ഛായയ്ക്ക് മങ്ങലേല്പിക്കുമെന്നാണ് ഐഎംഎ കരുതുന്നത്. അതുകൊണ്ടുതന്നെ ഈ ലേഖനം തികച്ചും അപലപനീയമാണ് എന്നും അവർ പറഞ്ഞു. ഐഎംഎയുടെ ജമ്മു കശ്മീർ യൂണിറ്റ് അവിടെ ആവശ്യമായ എല്ലാ ആരോഗ്യസേവനങ്ങളും നൽകാൻ പ്രതിജ്ഞാബദ്ധമാണെന്നും, താഴ്വരയിലെ സ്ഥിതിഗതികൾ തൽക്കാലം സ്ഥിതിഗതികൾ നിയന്ത്രണവിധേയമാണ് എന്നും ഡോ. ശന്തനു സെൻ അറിയിച്ചു. 

click me!