ഇന്ത്യയും പാകിസ്ഥാനും ഒരു 'ജല'യുദ്ധത്തിന്റെ വക്കിലോ?

By Web TeamFirst Published Aug 21, 2019, 2:27 PM IST
Highlights

പാകിസ്ഥാന്റെ ഭാഗത്തുനിന്നും  അതിർത്തികടന്നുള്ള ഭീകരാക്രമണങ്ങളിൽ സഹികെട്ട് ഒടുവിൽ 2016 -ൽ ഈ സിന്ധു നദീജല ഉടമ്പടിയുടെ ഒരു സമ്മേളനം റദ്ദാക്കിക്കൊണ്ട് നരേന്ദ്ര മോദി പറഞ്ഞത് ഇപ്രകാരമായിരുന്നു, "ചോരയും വെള്ളവും കൂടി ഒന്നിച്ചൊഴുകിയാൽ ശരിയാവില്ല..!" 

ശ്മീർ താഴ്വരയുടെ കാര്യത്തിൽ ഇന്ത്യ കൈക്കൊണ്ടിരിക്കുന്ന പുതിയ നയങ്ങളുടെ പേരിൽ, ചെല്ലുന്ന അന്താരാഷ്ട്രവേദികളിൽ എല്ലാം തന്നെ കോലാഹലങ്ങൾ ഉയർത്തുകയാണ് പാകിസ്ഥാൻ.  നയതന്ത്ര ബന്ധങ്ങൾ ഏതാണ്ട് വിച്ഛേദിച്ച മട്ടാണ്. രാജ്യങ്ങൾക്കിടയിലെ ട്രെയിൻ, ബസ് സർവീസുകളും റദ്ദാക്കപ്പെട്ടു. പാകിസ്ഥാൻ, ഇസ്ലാമാബാദിലെ ഇന്ത്യൻ സ്ഥാനപതിയെ പുറത്താക്കി. ഇന്ത്യയിലെ തങ്ങളുടെ അംബാസഡറെ തിരിച്ചു വിളിക്കുകയും ചെയ്തു. ഇന്ത്യയ്ക്ക് വ്യാപാരത്തിൽ നൽകിയിരുന്ന മുൻഗണനയും പാകിസ്ഥാൻ അവസാനിപ്പിച്ചു. ഇത്രയുമായപ്പോൾ, ദില്ലിയിൽ നിന്നും അതിനു മറുപടിയെന്നോണമുള്ള പ്രതികരണങ്ങൾ വന്നുതുടങ്ങി. അതിൽ പ്രധാനം, ഇന്ത്യയിൽ നിന്നുത്ഭവിച്ച് പാകിസ്ഥാനിലൂടെ ഒഴുകുന്ന പല നദികളിലെയും ജലമൊഴുക്ക് ഇന്ത്യൻ മണ്ണിൽ വെച്ച് നിയന്ത്രിക്കുക എന്ന നടപടിക്കുള്ള നിർദ്ദേശമായിരുന്നു. 

വെള്ളം... കുടിക്കാനും കുളിക്കാനും കൃഷിചെയ്യാനും മറ്റാവശ്യങ്ങൾക്കുമുള്ള ജലമാണ് പല രാജ്യങ്ങൾക്കുമിടയിൽ ഇന്ന് നിലനിൽക്കുന്ന സംഘർഷങ്ങൾക്ക് കാരണം. ഇന്നുവരെ വെള്ളത്തിന്റെ കാര്യത്തിൽ ഇന്ത്യ പാകിസ്ഥാനെ ഒരുതരത്തിലും ഉപദ്രവിച്ചിരുന്നില്ല. നമ്മുടെ മണ്ണിലൂടെ ഒഴുകുന്ന നദികളിലെ ജലമൊഴുക്ക് മനഃപൂർവം നിയന്ത്രിക്കാൻ ഇന്ത്യ ഇന്നോളം ശ്രമിച്ചിട്ടില്ല. എന്നാൽ മാറിയ സാഹചര്യങ്ങളിൽ ആ സൗഹാർദ്ദനടപടിയുടെ ആവശ്യമില്ല എന്നാണ് കേന്ദ്രം പറയുന്നത്. 

'River Map : കടപ്പാട് : വിക്കിമീഡിയ കോമൺസ് '

1960 സെപ്തംബർ 19 -ന് കറാച്ചിയിൽ വച്ച് ഇന്ത്യയുടെ പ്രധാനമന്ത്രി നെഹ്‍റുവും പാകിസ്താൻ പ്രസിഡണ്ട് അയൂബ് ഖാനും ഒപ്പുവച്ച 'സിന്ധു നദീജല ഉടമ്പടി' (Indus Water Treaty) ആണ് ഇരുരാജ്യങ്ങൾക്കും ഇടയിലെ നദീജലം പങ്കുവെക്കുന്നതിനുള്ള നിലവിലെ മാർഗ്ഗനിർദ്ദേശരേഖ. ഈ കരാർ പ്രകാരം കിഴക്കോട്ടൊഴുകുന്ന ബിയാസ്, രാവി, സത്ലജ് എന്നീ നദികളുടെ നിയന്ത്രണം ഇന്ത്യയ്ക്കും പടിഞ്ഞാറോട്ടൊഴുകുന്ന സിന്ധു, ചിനാബ്, ഝലം എന്നീ നദികളുടെ നിയന്ത്രണം പാകിസ്താനും ലഭിച്ചു. 'ജലം എങ്ങനെ പങ്കുവയ്ക്കും' എന്നുള്ളതായിരുന്നു കൂടിയ വിവാദങ്ങൾ ഉണ്ടാക്കിയ വ്യവസ്ഥ. പാകിസ്താനിലേക്ക് ഒഴുകുന്ന നദികൾ ആദ്യം ഇന്ത്യയിൽക്കൂടി ഒഴുകുന്നതിനാൽ, അതിലെ ജലം ജലസേചനത്തിനും യാത്രയ്ക്കും വൈദ്യുതോൽപ്പാദനത്തിനും ഇന്ത്യയ്ക്ക് ഉപയോഗിക്കാൻ വ്യവസ്ഥകൾ ഉണ്ടായിരുന്നു. എന്നാൽ, പാകിസ്ഥാൻ കശ്മീർ വിഷയത്തിൽ കാണിച്ചുകൊണ്ടിരിക്കുന്ന ശത്രുതാ മനോഭാവം നദിയിലെ വെള്ളത്തിന്റെ കാര്യത്തിൽ തങ്ങളുടെ നയം മാറ്റാൻ ഇന്ത്യൻ ഗവണ്മെന്റിനെ പ്രേരിപ്പിച്ചേക്കും എന്നാണ് കരുതപ്പെടുന്നത്. കേന്ദ്ര ജലശക്തി മന്ത്രി ഗജേന്ദ്ര സിങ്ങ് ശെഖാവത്ത് കഴിഞ്ഞ ദിവസം അറിയിച്ചത് സിന്ധു നദീജല കരാർ ലംഘിക്കാതെ തന്നെ ഇന്ത്യ പാകിസ്താനിലേക്കുള്ള നദീജലത്തിന്റെ അളവ് കുറക്കുവാൻ വേണ്ട നടപടികൾ സ്വീകരിക്കും എന്നാണ്. 

ഇത് സംബന്ധിച്ചുള്ള ആരോപണങ്ങളുമായി പാകിസ്ഥാനിലെ അധികാരികൾ ഇതിനകം തന്നെ വന്നുകഴിഞ്ഞു.  ഇന്ത്യ തങ്ങളുടെ ഉയർന്ന നിലയിലുള്ള ഭൂപ്രകൃതിയുടെ മുൻ‌തൂക്കം മുതലെടുത്തുകൊണ്ട് പാകിസ്ഥാനിലേക്കുള്ള ജലപ്രവാഹത്തെ തടസ്സപ്പെടുത്താൻ ശ്രമിക്കുന്നു എന്നാണ് പാക് ഏജൻസി ആയ വാട്ടർ ആൻഡ് പവർ ഡെവലപ്പ്മെന്‍റ് അതോറിറ്റി (WAPDA) -യുടെ ചെയർമാനായ മുസമ്മിൽ ഹുസ്സൈന്റെ ആക്ഷേപം. 'ഫിഫ്ത് ജനറേഷൻ വാർഫെയർ' (Fifth Generation Warfare) എന്നാണ് ഹുസ്സൈൻ ഇന്ത്യയുടെ ജലനയത്തെ വിശേഷിപ്പിച്ചത്. പാകിസ്ഥാനോടുള്ള വിദ്വേഷം ഇന്ത്യ ഏതുവിധേനയും തീർക്കാൻ ശ്രമിക്കുകയാണെന്ന് ഹുസ്സൈൻ റോയിട്ടേഴ്‌സിനോട് പറഞ്ഞു . "അവർ ആദ്യം നയതന്ത്രപരമായി കുടുക്കാൻ നോക്കി, പിന്നെ സാമ്പത്തികമായി, ഏറ്റവും ഒടുവിൽ ഞങ്ങൾക്ക് അർഹതയുള്ള  നദീജലത്തിന്റെ ഒഴുക്ക് തടഞ്ഞുകൊണ്ടുള്ള അക്രമമാണ് ഇന്ത്യ നടത്താൻ ശ്രമിക്കുന്നത്..." ഹുസ്സൈൻ കുറ്റപ്പെടുത്തി. ഇക്കാര്യത്തിൽ പരസ്യമായിത്തന്നെ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി പാകിസ്ഥാനെ ഭീഷണിപ്പെടുത്തിക്കഴിഞ്ഞു എന്നാണ് ഹുസ്സൈൻ പറയുന്നത്. അതുപോലെ തന്നെ ചില നദികളിലെ ഒഴുക്ക് ഡാമുകളിൽ തടഞ്ഞു നിർത്തി ഒറ്റയടിക്ക് തുറന്നുവിട്ട് പാകിസ്ഥാനിൽ വെള്ളപ്പൊക്കമുണ്ടാക്കാനും ഇന്ത്യ ശ്രമിച്ചു എന്നൊരു  ആക്ഷേപം ഹുസ്സൈൻ ഉയർത്തി. ഇങ്ങനെയുണ്ടായ പ്രളയം നിയന്ത്രണാധീനമാക്കാൻ  ശ്രമിച്ചുകൊണ്ടിരിക്കുകയാണ് എന്ന് പാക് ഡിസാസ്റ്റർ മാനേജ്‌മെന്റ് അതോറിറ്റി വക്താക്കൾ പറയുന്നു. 

എന്നാൽ, മൺസൂൺ കാലത്ത് നദികളിലെ അണക്കെട്ടുകളുടെ ഷട്ടറുകൾ ഇടയ്ക്കിടെ തുറക്കാറുണ്ടെന്നും അതൊക്കെ പതിവ് സംഭവങ്ങളാണെന്നും കേന്ദ്ര ഗവണ്മെന്റിന്റെ നദീജല വകുപ്പ് വക്താക്കൾ അറിയിച്ചു. ആ വിവരം സമയാസമയത്ത് പങ്കുവെക്കുന്നതിലുണ്ടായ കാലതാമസത്തിന് ഇരുരാജ്യങ്ങൾക്കും  ഇടയിലെ നയതന്ത്രബന്ധങ്ങളിലുണ്ടായ ഉലച്ചിൽ മാത്രമാണ് കാരണമെന്നും അദ്ദേഹം പറഞ്ഞു.  

പാകിസ്ഥാന്റെ ഭാഗത്തുനിന്നും  അതിർത്തികടന്നുള്ള ഭീകരാക്രമണങ്ങളിൽ സഹികെട്ട് ഒടുവിൽ 2016 -ൽ ഈ സിന്ധു നദീജല ഉടമ്പടിയുടെ ഒരു സമ്മേളനം റദ്ദാക്കിക്കൊണ്ട് നരേന്ദ്ര മോദി പറഞ്ഞത് ഇപ്രകാരമായിരുന്നു, "ചോരയും വെള്ളവും കൂടി ഒന്നിച്ചൊഴുകിയാൽ ശരിയാവില്ല..!" 

അതിനും ശേഷമാണ് 2019 ഫെബ്രുവരിയിൽ പുൽവാമയിൽ ആക്രമണം നടക്കുന്നതും, സർക്കാർ ജലവിനിയോഗം സംബന്ധിച്ച തങ്ങളുടെ നിലപാട് കൂടുതൽ കടുപ്പിക്കാൻ തീരുമാനിക്കുന്നതും. അല്ലെങ്കിൽ തന്നെ, നരേന്ദ്ര മോദി സർക്കാരിനെ സംബന്ധിച്ചിടത്തോളം രാജ്യത്ത് ലഭ്യമായ ജലത്തിന്റെ ഫലപ്രദമായ വിനിയോഗം ഒരു അഭിമാനപ്രശ്നം കൂടിയാണ്. നദികളെ തമ്മിൽ ബന്ധിപ്പിച്ചുകൊണ്ടുള്ള 6.5 ലക്ഷം കോടി രൂപയുടെ  'നദീ സംയോജന പദ്ധതി'ക്കുവേണ്ടി ഇപ്പോഴും അണിയറയിൽ തയ്യാറെടുപ്പുകൾ നടക്കുന്നതെയുള്ളൂ. അതിലേക്കുള്ള ജലം പാകിസ്താനിലേക്ക് ഒഴുകുന്ന നദികളിൽ അണക്കെട്ടുകൾ തീർത്തുകൊണ്ട് കണ്ടെത്താൻ ഇന്ത്യ തീരുമാനമെടുത്താൽ അത് പാകിസ്താനിലെ കൃഷിയെയും കുടിവെള്ള ലഭ്യതയെയും സാരമായി ബാധിക്കാനിടയുണ്ട്. അത് ഇരുരാഷ്ട്രങ്ങൾക്കുമിടയിൽ പുതിയൊരു സംഘർഷത്തിനുള്ള ഹേതുവാകാനും. 

click me!