മനുഷ്യന്റെ ആദ്യ ചന്ദ്രയാത്രയ്ക്ക് അര നൂറ്റാണ്ട്, അപ്പോളോ 11-ന്റെ ഓർമ്മകളിലൂടെ

By Babu RamachandranFirst Published Jul 20, 2019, 3:28 PM IST
Highlights

ചന്ദ്രനിൽ ആദ്യമായി കാലുകുത്തിയതിന്റെ ഖ്യാതി ആംസ്‌ട്രോങ്ങ് ആൽഡ്രിനു വിട്ടുകൊടുത്തു കാണില്ല.   എന്നാൽ ചന്ദ്രനിൽ വെച്ച് ആദ്യമായി പാന്റിൽ മുള്ളിയതിനുള്ള റെക്കോർഡ് ആൽഡ്രിന് സ്വന്തമാണ്.  

ഈ വർഷം നമ്മൾ അപ്പോളോ 11 ലൂണാർ മിഷന്റെ 50-ാംവാർഷികമാണ്. ബഹിരാകാശ യാത്രകളുടെ ചരിത്രത്തിൽ ആദ്യമായി ഒരു മനുഷ്യന്റെ പാദങ്ങൾ ചാന്ദ്രോപരിതലത്തിൽ പതിഞ്ഞ ദിവസം. മനുഷ്യനെ ചന്ദ്രനിലേക്കയ്ക്കാനുള്ള അമേരിക്കൻ ഉദ്യമങ്ങളുടെ പിന്നിലെ ദീർഘദൃഷ്ടി ജോൺ എഫ് കെന്നഡിയുടേതായിരുന്നു എങ്കിലും  ആദ്യമായി ചന്ദ്രനിൽ കാലെടുത്തുവെച്ച നീൽ ആംസ്‌ട്രോങ്ങിനോട് സംസാരിക്കാനുള്ള നിയോഗം അന്നത്തെ പ്രസിഡന്റായിരുന്ന നിക്സൻറെതായിരുന്നു. അന്ന്, അവിടെ നിന്നും നീൽ ആംസ്ട്രോങ് പറഞ്ഞ വാക്കുകൾ മനുഷ്യരുള്ളിടത്തോളം കാലം മായാതെ ചരിത്രത്തിലുണ്ടാവും. 

" മനുഷ്യന് ഒരു ചെറിയ കാല്‍വെപ്പ്‌, മാനവ രാശിക്ക് ഒരു വലിയ കുതിച്ചു ചാട്ടം..."

രണ്ടു പേടകങ്ങളുണ്ടായിരുന്നു യാത്രയിൽ. ഒന്ന് മൈക്കൽ കോളിൻസ് പറത്തിയ കൊളംബിയ എന്ന കമാൻഡ് മൊഡ്യൂൾ. രണ്ട്, അപ്പോളോ എന്ന ലൂണാർ മൊഡ്യൂൾ ഈഗിൾ. അതിന്റെ നിയന്ത്രണം നീൽ ആംസ്‌ട്രോങിന്. കൂടെ ബസ്‌ ആൽഡ്രിൻ. ഇരുവരും കൈതെളിഞ്ഞ ഫൈറ്റർ പൈലറ്റുമാരായിരുന്നു, അതേസമയം ബഹിരാകാശ ശാസ്ത്രജ്ഞരും.

മാനവരാശിയുടെ ബഹിരാകാശ സ്വപ്നങ്ങൾക്ക്  അക്ഷരാർത്ഥത്തിൽ ഒരു വൻ കുതിപ്പുതന്നെ സമ്മാനിച്ച ആ ചരിത്ര ദൗത്യത്തിന്റെ അമ്പതാം വാർഷികവേളയിൽ ആ  കന്നിചന്ദ്രയാനത്തെപ്പറ്റിയുള്ള ചില രസകരമായ വസ്തുതകൾ പങ്കുവെക്കാം. 

ആ ദൗത്യം പരാജയപ്പെട്ടിരുന്നുവെങ്കിൽ? 

നീൽ ആംസ്ട്രോങ് എന്ന ബഹിരാകാശ സഞ്ചാരി, അങ്ങ് ചന്ദ്രനിൽ ചെന്ന് പറഞ്ഞ വാക്കുകൾ അദ്ദേഹത്തിന്റെ പ്രത്യുത്പന്നമതിത്വത്തിന്റെ ഉത്പന്നമായിരുന്നില്ല. അത്, ഇവിടെ ഭൂമിയിൽ വെച്ചുതന്നെ കൃത്യമായി രചിക്കപ്പെട്ട തിരക്കഥയിലെ സംഭാഷണശകാലങ്ങളായിരുന്നു. എഴുത്തുകാരന്റെ പേര്, വില്യം സഫയർ. അദ്ദേഹമായിരുന്നു അമേരിക്കൻ പ്രസിഡന്റ് റിച്ചാർഡ് നിക്സൻറെ ഔദ്യോഗിക തിരക്കഥാകൃത്തും, പ്രസംഗരചയിതാവും എല്ലാം. അപ്പോളോ 11  മിഷൻ പരാജയപ്പെട്ടിരുന്നു എങ്കിൽ, അതായത് എന്തെങ്കിലും അപ്രതീക്ഷിതമായ അപകടം നിമിത്തം, മേൽപ്പറഞ്ഞ ക്‌ളാസ്സിക് ഡയലോഗ് പറയാൻ ചന്ദ്രനിൽ ചെന്നിറങ്ങാനുള്ള യോഗം ആംസ്‌ട്രോങിന് ഇല്ലാതെ പോയിരുന്നു എങ്കിൽ, അതിനു പകരമായി ഇവിടെ ഭൂതലത്തിലിരുന്ന് അനുശോചനച്ഛായയോടെ പ്രസിഡന്റ് നിക്സണ് പറയാനുള്ള ഡയലോഗ് കൃത്യമായി നേരത്തെ തന്നെ എഴുതപ്പെട്ടിരുന്നു. അതും, ആംസ്‌ട്രോങ്ങിന്റെ ഡയലോഗിനെക്കാൾ കാവ്യഭംഗിയിൽ ഒട്ടും പിറകിലല്ലായിരുന്നു. അത് ഇപ്രകാരമായിരുന്നു, " ചന്ദ്രനിൽ സ്വസ്ഥമായി പര്യവേക്ഷണം നടത്താൻ പുറപ്പെട്ടുപോയവർ, എന്നെന്നേക്കുമായി അവിടെത്തന്നെ സ്വസ്ഥമായുറങ്ങണം എന്നത്  എന്നത് ഒരു പക്ഷേ, വിധിയുടെ നിയോഗമായിരിക്കാം.." 

ചന്ദ്രനിൽ മുഴങ്ങിയ ആദ്യത്തെ സംഭാഷണശകലം 

ചന്ദ്രനിൽ കേട്ട ആദ്യത്തെ മനുഷ്യ ശബ്ദം നീൽ ആംസ്‌ട്രോങ്ങിന്റെതല്ല. ആദ്യമായി ചന്ദ്രോപരിതലത്തിൽ പ്രതിഫലിച്ച വാക്കുകളും നീൽ ആംസ്ട്രോങ് പറഞ്ഞതല്ല. അത് അദ്ദേഹത്തിന്റെ സഹയാത്രികനായിരുന്ന ബസ് ആൽഡ്രിന്റേതായിരുന്നു.  അപ്പോളോ 11 പേടകം ചന്ദ്രോപരിതലത്തിൽ ലാൻഡ് ചെയ്തപ്പോൾ ആൽഡ്രിൻ പറഞ്ഞു, " ഓകെ, എൻജിൻസ്‌ സ്റ്റോപ്പ്..."


ആംസ്‌ട്രോങ്ങ് എന്ന സൂപ്പർ പൈലറ്റ് 

ആംസ്‌ട്രോങും ആൽഡ്രിനും അമേരിക്കയിലെ ഏറ്റവും പ്രഗത്ഭരായ ഫൈറ്റർ ജെറ്റ് പൈലറ്റുകളായിരുന്നു. അവർ വ്യോമയാന പേടകങ്ങൾ പറത്തുന്നതിലും അഗ്രഗണ്യരായിരുന്നു.  എന്നാലും, ചന്ദ്രോപരിതലത്തിൽ അത്ര സുഗമമായ ലാൻഡിംഗ് ഉണ്ടാവും എന്ന് നാസ പ്രതീക്ഷിച്ചിരുന്നില്ല എന്നുവേണം കരുതാൻ. കാരണം, അവർ അതിനുകൂടി കണക്കാക്കിയാണ് തങ്ങളുടെ ബഹിരാകാശ പേടകം ഡിസൈൻ ചെയ്തത്. ലാൻഡിങ്ങിന്റെ ആഘാതം കടുത്തതാവുകയാണെങ്കിൽ ഒരു സ്പ്രിങ്ങ് ആക്ഷനോടുകൂടിയ തകർന്നുപോവാൻ കണക്കാക്കിയുള്ള ലാൻഡിംഗ് ലെഗ്ഗുകൾ പേടകത്തിനുണ്ടായിരുന്നു.  ചന്ദ്രന്റെ ഉപരിതലത്തിന് തൊട്ടുമുകളിൽ വെച്ച് ഇഞ്ചിൻ ഓഫ് ചെയ്യാനും അതിനുശേഷം ലാൻഡിംഗ് നടത്താനും ഒക്കെയായിരുന്നു പദ്ധതി. പക്ഷേ, ആംസ്‌ട്രോങ്ങ് ഏറെ സോഫ്റ്റ് ആയിട്ടാണ് ആ ലാൻഡിംഗ് നടത്തിയത്. പൊഴിഞ്ഞു പോകാൻ കണക്കാക്കി ഉണ്ടാക്കിയ കാലുകൾ പൊഴിഞ്ഞില്ല. അതുകൊണ്ട്, പേടകത്തിന്റെ വാതിൽ തുറന്ന്, നേരത്തെ കരുതിയിരുന്നതിലും ഏതാനും അടി മുകളിൽ നിന്നും ചന്ദ്രനിലേക്ക്  ചാടേണ്ടി വന്നു ആംസ്‌ട്രോങിനും ആൽഡ്രിനും. 

ചന്ദ്രനിൽ ആദ്യമായി മൂത്രമൊഴിച്ചയാൾ  ആംസ്ട്രോങ് അല്ല..! 

ചന്ദ്രനിൽ ആദ്യമായി കാലുകുത്തിയതിന്റെ ഖ്യാതി ആംസ്‌ട്രോങ്ങ് ആൽഡ്രിനു വിട്ടുകൊടുത്തു കാണില്ല.   എന്നാൽ ചന്ദ്രനിൽ വെച്ച് ആദ്യമായി പാന്റിൽ മുള്ളിയതിനുള്ള റെക്കോർഡ് ആൽഡ്രിന് സ്വന്തമാണ്.  ബഹിരാകാശത്ത് മൂത്രമൊഴിക്കാൻ കോണ്‍‌ഡം പോലെ തോന്നിക്കുന്ന ഒരു ഫിറ്റിംഗ് ഘടിപ്പിച്ച ഒരു മൂത്രസഞ്ചിയുണ്ട്. അതിൽ ആൽഡ്രിൻ മൂത്രമൊഴിച്ച് നിറച്ചിരുന്നു. എന്നാൽ, അദ്ദേഹത്തിന് പണി കൊടുത്തത്, ആംസ്‌ട്രോങ്ങിന്റെ അപാരമായ പൈലറ്റ് സ്‌കിൽ തന്നെയാണ്. പൊഴിഞ്ഞു പോവാൻ കണക്കാക്കി ഉണ്ടാക്കിയ പേടകത്തിന്റെ കാലുകൾ പൊഴിഞ്ഞില്ല എന്ന് പറഞ്ഞിരുന്നല്ലോ. അതുകൊണ്ടുതന്നെ, 'ഈഗിളി'ൽ നിന്നുള്ള ചാട്ടവും ഏതാനും അടി മുകളിൽ നിന്നും ആയിരുന്നു. ആൽഡ്രിൻ ചാടി താഴെ എത്തിയപ്പോഴേക്കും ഈ മൂത്ര സഞ്ചി പൊട്ടി. മൂത്രം ഒലിച്ചിറങ്ങി ആൽഡ്രിന്റെ ഒരു ബൂട്ടിൽ ചെന്നു നിറയുകയും ചെയ്തു. 

ചന്ദ്രന്റെ ഗന്ധം 

ചന്ദ്രന്റെ മണം എങ്ങനെയുണ്ടാവും എന്ന് എപ്പോഴെങ്കിലും ആലോചിച്ചു നോക്കിയിട്ടുണ്ടോ.? ആൽഡ്രിനും, ആംസ്‌ട്രോങും ചന്ദ്രന്റെ ഉപരിതലത്തിലെ കറക്കം കഴിഞ്ഞ് ഈഗിൾ ലാൻഡറിൽ തിരിച്ചുകേറിയപ്പോൾ, കാലടികളിൽ പറ്റി കുറെ മണ്ണും കൊണ്ടുവന്നിരുന്നു. അതിന് നനഞ്ഞ ചാരത്തിന്റെയും, വെടിമരുന്നിന്റെയും ഗന്ധമായിരുന്നു. അതിനാൽ തന്നെ അതിനുശേഷം, ഈഗിൾ ലാൻഡർ പ്രഷറൈസ്  ചെയ്‌തുതീരും വരെ ആൽഡ്രിന്റെയും ആംസ്‌ട്രോങ്ങിന്റെയും ചങ്കിടിപ്പ് കേറി നിന്ന്. എങ്ങാനും തീപിടിക്കുമ്പോ എന്ന് അവർ ഭയന്നിരുന്നു. ഭാഗ്യവശാൽ അതൊന്നും ഉണ്ടായില്ല. 

ഹൈ ഡെഫനിഷൻ വീഡിയോ 

1969-ൽ ചന്ദ്രനിൽ വെച്ച് റെക്കോർഡ് ചെയ്തത് ഹൈ ഡെഫനിഷൻ(HD) വീഡിയോ തന്നെയായിരുന്നു. എന്നാൽ അത് അതേ ഗുണനിലവാരത്തോടെ പ്രക്ഷേപണം ചെയ്യാൻ അന്ന് മാധ്യമങ്ങൾക്ക് ആവുമായിരുന്നില്ല. അതിന്റെ ഒരു പ്രശ്നം അന്നത്തെ ടെലികാസ്റ്റിൽ ഉണ്ടായിരുന്നു. 

ആംസ്‌ട്രോങ്ങിന്റെ അമ്മയുടെ സങ്കടം 

ബഹിരാകാശത്തേക്ക് ഒരു സാഹസികയാത്ര പോവുന്ന സഞ്ചാരിയുടെ അമ്മയ്ക്ക് എന്തൊക്കെ ആശങ്കകളുണ്ടാവാം മനസ്സിൽ..? ആംസ്‌ട്രോങ്ങിന്റെ അമ്മയ്ക്ക് പക്ഷേ ആകെ ഒരു സംശയം മാത്രമാണ് ഉള്ളിലുണ്ടായിരുന്നത്.. " ചന്ദ്രന്റെ ഉപരിതലം വളരെ എങ്ങനെയുള്ളതാവുമോ എന്തോ..? എന്റെ മകന്റെ ഭാരം അതിനു താങ്ങാൻ പറ്റുമോ...? " 

അവർ ചന്ദ്രനിൽ നിക്ഷേപിച്ചിട്ടു പോന്നത് എന്തെല്ലാം..? 

അപ്പോളോ 11  മിഷനിലെ എല്ലാവരും സുരക്ഷിതരായിത്തന്നെ തിരിച്ചു ഭൂമിയിലെത്തി. അവർ ചിലതെല്ലാം, മനഃപൂർവം അവിടെ ഉപേക്ഷിച്ചിട്ടുപോന്നു. ഒരു ഗോൾഡൻ ഒലിവ് ചില്ല, അമേരിക്കൻ പതാക, അപ്പോളോ ഒന്നിന്റെ മിഷൻ  ബാഡ്ജ്, മൂൺ മെമ്മോറിയൽ ഡിസ്ക്ക് എന്നിവയായിരുന്നു ആ തിരുശേഷിപ്പുകൾ. 

ഇന്ത്യയുടെ പ്രതീക്ഷകൾ 

അപ്പോളോ 11-ന്റെ അമ്പതാം വാർഷികവേളയിൽ ഇന്ത്യയിലെ അറിയപ്പെടുന്ന ബഹിരാകാശ ശാസ്ത്രജ്ഞനായ  നമ്പി നാരായണൻ ഏഷ്യാനെറ്റ് ഓൺലൈനിനോട് അപ്പോളോ 11'കാലത്തെ  തന്റെ ഓർമ്മകൾ പങ്കിട്ടു.  "അപ്പോളോ 11  നടക്കുന്ന കാലത്ത് ഞാൻ ഇന്ത്യയിലായിരുന്നു. പിന്നീട് നാസ സന്ദർശിക്കാനും ആ മിഷന്റെ വിശദാംശങ്ങൾ നേരിട്ടറിയാനും അതിന്റെ 40  മിനിറ്റോളം ദൈർഘ്യമുള്ള ഒരു വീഡിയോ പ്രൊഡക്ഷന്റെ ടേപ്പ് വാങ്ങാനും സാധിച്ചിരുന്നു.  ഇന്ത്യയുടെ ചന്ദ്രയാൻ മിഷൻ, ഭാവിയിൽ വരാനിരിക്കുന്ന ഒരു 'മാൻ റ്റു മൂൺ മിഷന്റെ' മുന്നോടി തന്നെയാണ്. ചൈന ഇന്നലെ ഒരു പേപ്പറിൽ തങ്ങളുടെ പ്ലാൻ പ്രഖ്യാപിച്ചിട്ടുണ്ട്. 2030 -ൽ അവർ ചന്ദ്രനിൽ ആളെ ആയക്കും. അവിടെ ചന്ദ്രനിൽ കുറച്ചുകാലം താമസിച്ചിട്ട്  തിരിച്ചുവരുന്ന തരത്തിലാകും മിഷൻ. ഇത്തരത്തിലുള്ള മിഷനുകൾ വളരെ കോസ്റ്റ്ലി ആണ്. എന്നാൽ, എല്ലാവരും ഇത്തരത്തിലുള്ള മിഷനുകൾക്ക് തയ്യാറെടുക്കുന്ന സ്ഥിതിക്ക് ഞാൻ പറയുന്നത് സമാന ചിന്താഗതിക്കാരായ രാജ്യങ്ങൾ ചേർന്ന് ചെലവും ടെക്‌നോളജിയും ഷെയർ ചെയ്തുകൊണ്ടും ഇത്തരത്തിലുള്ള മാൻ റ്റു മൂൺ മിഷനുകൾ യാഥാർത്ഥ്യമാക്കാവുന്നതാണ്. ഭാവിയിലേക്ക് അങ്ങനെയൊന്ന് ആലോചനയിൽ ഇല്ലെങ്കിൽ അതിൽ കുറഞ്ഞ, ഇപ്പോൾ നമ്മൾ എൻഗേജ് ചെയ്തിരിക്കുന്ന മിഷനുകൾ ഒക്കെയും പാഴാണ്.."   

click me!