മഞ്ഞിന്റെ മറവിൽ നടന്നത് കടുത്ത വിശ്വാസ വഞ്ചന..!

By Babu RamachandranFirst Published Jul 19, 2019, 4:44 PM IST
Highlights

എന്നാല്‍, ഈ സന്ദര്‍ശനത്തിലുടനീളം വളരെ പ്രധാനപ്പെട്ട ഒരാളുടെ അസാന്നിധ്യം ഏറെ ദുരൂഹമായിരുന്നു. പാകിസ്ഥാന്റെ ചീഫ് ഓഫ് ആര്‍മി സ്റ്റാഫായ, ജനറല്‍ പര്‍വേസ് മുഷാറഫ് ആയിരുന്നു ആ വിശിഷ്ടവ്യക്തി.

 

കാര്‍ഗില്‍ യുദ്ധത്തിന്റെ ദീപ്തസ്മരണകള്‍ക്ക് ഇക്കൊല്ലം രണ്ടുപതിറ്റാണ്ടു തികയുകയാണ്. 1999 മെയ് രണ്ടാം തീയതി പാകിസ്ഥാനില്‍ നിന്നുള്ള നുഴഞ്ഞു കയറ്റങ്ങളോടെ തുടങ്ങുന്ന കലഹം, താമസിയാതെ യുദ്ധത്തിലേക്ക് വഴിമാറുകയായിരുന്നു. സ്വതന്ത്ര ഇന്ത്യ കണ്ട ഏറ്റവും വലിയ യുദ്ധങ്ങളില്‍ ഒന്നായിരുന്നു അത്. നിരവധി ഇന്ത്യന്‍ സൈനികര്‍ ആ യുദ്ധമുഖത്ത് വീരരക്തസാക്ഷികളായി. ആയിരക്കണക്കിന് പേര്‍ക്ക് ഗുരുതരമായ പരിക്കുകളേറ്റു. ഒടുവില്‍ വിജയം ഇന്ത്യയുടെ പക്ഷത്തു തന്നെയായിരുന്നു.

പുതിയ തലമുറയുടെ ഓര്‍മ്മകളില്‍ പക്ഷേ, ഈ യുദ്ധത്തിലേക്ക് ഇന്ത്യയെ നയിച്ച സാഹചര്യങ്ങളെകുറിച്ചോ, ഇതില്‍ നിര്‍ണായകമായ പങ്കുവഹിച്ച ധീരരായ ഇന്ത്യന്‍ സൈനികരെക്കുറിച്ചോ ഒന്നും കൃത്യമായ ധാരണകള്‍ ഉണ്ടായെന്നുവരില്ല. ജൂലൈ 26-ന് ഇരുപതാം കാര്‍ഗില്‍ വിജയ് ദിവസ് ആഘോഷിക്കപ്പെടും. ഈ അവസരത്തില്‍, ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈന്‍  കാര്‍ഗില്‍ നാളുകള്‍ ഓര്‍ത്തെടുക്കുകയാണ്. കാര്‍ഗിലില്‍ പൊലിഞ്ഞു പോയ ധീരസൈനികര്‍ക്ക് ശ്രദ്ധാഞ്ജലികളോടെ, സ്വന്തം നാടിനുവേണ്ടി അവര്‍ നടത്തിയ പോരാട്ടങ്ങളിലൂടെ, കാര്‍ഗില്‍ യുദ്ധത്തിന്റെ നാള്‍വഴികളിലൂടെ ഉള്ള ഒരു സഞ്ചാരം ഇന്നു മുതല്‍ ഒരാഴ്ച വായിക്കാം. 

എവിടെയാണ് കാര്‍ഗില്‍? 

മഞ്ഞുപുതച്ചുകിടക്കുന്ന കശ്മീരിലെയും ലഡാക്കിലെയും ഹിമാലയന്‍ മലനിരകളില്‍, ശ്രീനഗറില്‍ നിന്നും 205 കിലോമീറ്ററും ലേയില്‍ നിന്നും 230  കിലോമീറ്റര്‍ അകലെ കാര്‍ഗില്‍ എന്ന ഒരു കുഞ്ഞു പട്ടണമുണ്ട്. കാര്‍ഗില്‍ എന്ന വാക്ക് രൂപമെടുത്തത് 'കോട്ട' എന്നര്‍ത്ഥം വരുന്ന 'ഖാര്‍', ഇടം എന്നര്‍ത്ഥം വരുന്ന 'കില്‍' എന്നീ രണ്ടു വാക്കുകള്‍ കൂടിചേര്‍ന്നാണ്. കാര്‍ഗില്‍ എന്നുവെച്ചാല്‍, കോട്ടകള്‍ക്ക് ഇടയിലുള്ള സ്ഥലം എന്നര്‍ത്ഥം. അന്നത്തെക്കാലത്ത് പല രാജാക്കന്മാരുടെയും കോട്ടകള്‍ കാര്‍ഗിലിനു ചുറ്റുമുണ്ടായിരുന്നതുകൊണ്ടാവും ഈ പേര്. ഇന്ത്യയുടെ ചരിത്രത്തില്‍ അതിര്‍ത്തിയോടു ചേര്‍ന്നുകിടക്കുന്ന ഈ കുഞ്ഞുപട്ടണത്തിന് ഏറെ പ്രാധാന്യമുണ്ട്. കാരണം, ഈ പട്ടണത്തിന്റെ പേരിലാണ്, 1999-ല്‍ പാക്കിസ്ഥാന് ബോധമുദിക്കാന്‍ വേണ്ടി ഇന്ത്യക്ക് 2,50,000 ഷെല്ലുകളും, ബോംബുകളും, റോക്കറ്റുകളും LoC-ക്ക് കുറുകെ തൊടുത്തുവിടേണ്ടി വന്നത്. ഇനി പറയാന്‍ പോവുന്നത് പാക്കിസ്ഥാന്‍ സൗഹൃദത്തിന്റെ മറവില്‍ നടത്തിയ ഒരു കൊടും ചതിയുടെയും, അത് ഇന്ത്യയെ കൊണ്ടെത്തിച്ച യുദ്ധത്തിന്റെയും കഥയാണ്. 



സൗഹൃദത്തിന്റെ മറവില്‍ കൊടും ചതി 
20 ഫെബ്രുവരി 1999 : വാഗാ ബോര്‍ഡര്‍ - ചാരനിറത്തിലുള്ള ഒരു ലക്ഷ്വറി ബസ് വാഗാ ബോര്‍ഡറിന്റെ ഗേറ്റിലൂടെ പാക്കിസ്ഥാന്റെ മണ്ണിലേക്ക് കടന്നുവന്നു. സദാ-എ-സർഹദ് എന്നായിരുന്നു ബസിന്റെ പേര്. ഉറുദുവിൽ ഈ വാക്കിന്റെ അർഥം 'അതിർത്തിയുടെ സ്വരം' എന്നായിരുന്നു. അത് വാഗാ അതിർത്തി കടന്നുകൊണ്ട് പാക്കിസ്ഥാനുനേരെ കടന്നുചെന്ന സൗഹൃദത്തിന്റെ സ്വരമായിരുന്നു. ഇന്ത്യ ഏറെ ആത്മാർത്ഥമായിത്തന്നെ നടത്തിയ ഒരു സമാധാനശ്രമം.  

ആ ബസ്സിന്റെ വരവും കാത്ത് അവിടെ പാക് പ്രധാനമന്ത്രി നവാസ് ഷെരീഫ് നില്‍പ്പുണ്ടായിരുന്നു. അതിര്‍ത്തിയിലെ പാക് മണ്ണില്‍ ബസ് ഒന്ന് നിര്‍ത്തി. അതിന്റെ ഓട്ടോമാറ്റിക് ഡോര്‍ തുറന്ന് ആദ്യമിറങ്ങിയത് ഇന്ത്യന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്പേയ് ആയിരുന്നു. പിന്നാലെ വിദേശകാര്യമന്ത്രി ജസ്വന്ത് സിങ്ങും. രണ്ടു പ്രധാനമന്ത്രിമാരും തമ്മില്‍ ഹസ്തദാനം നടത്തി. വാജ്പേയി സൗഹൃദത്തിന്റെ വാഗ്ദാനമെന്നോണം ഷെരീഫിനെ ഒന്നാലിംഗനം ചെയ്തു. ഏറെക്കാലം പരസ്പരം  കണ്ടിരുന്ന, പരസ്പരം ഇടയ്ക്കിടെ യുദ്ധത്തിലേര്‍പ്പെടുന്ന രണ്ടയല്‍ രാജ്യങ്ങള്‍ക്കിടയിലെ മഞ്ഞ് ഒടുവില്‍ ഉരുകാന്‍ തുടങ്ങി എന്നുതന്നെ അന്താരാഷ്ട്ര മാധ്യമങ്ങള്‍ കരുതി. എഴുതി.  



 എന്നാല്‍ പാക്കിസ്ഥാനില്‍ ഈ ബസ് യാത്രയും, പ്രധാനമന്ത്രിയുടെ സൗഹൃദ സന്ദര്‍ശനവും ഒക്കെ വന്‍ പ്രകടനങ്ങള്‍ക്കും സമരങ്ങള്‍ക്കും ഒക്കെ കാരണമായി. കറാച്ചിയില്‍ ബസ്സിന്റെ കോലങ്ങള്‍ കത്തിക്കപ്പെട്ടു. ലാഹോറിലെ കലാപങ്ങളില്‍ ഒരു പോലീസുകാരന്‍ കൊല്ലപ്പെട്ടു. പ്രധാനമന്ത്രി വാജ്പേയി തന്റെ സ്വതസിദ്ധമായ കാവ്യാത്മക വാഗ്‌ധോരണിയില്‍ പാകിസ്ഥാനി സദസ്സിനോട് പറഞ്ഞു, ' ശത്രുതയ്ക്കായി നമ്മള്‍ ഏറെക്കാലം ചെലവിട്ടില്ലേ..? ഇനി സൗഹൃദത്തിനും ഒരു അവസരം കൊടുത്തുകൂടെ..? ' ആ സദസ്സ് വാജ്പേയിയുടെ ഈ ചോദ്യത്തെ നിറഞ്ഞ കൈയടിയോടെയാണ് സ്വീകരിച്ചത്. 

ഏറെ ദുരൂഹമായ ഒരു അസാന്നിധ്യം
എന്നാല്‍, ഈ സന്ദര്‍ശനത്തിലുടനീളം വളരെ പ്രധാനപ്പെട്ട ഒരാളുടെ അസാന്നിധ്യം ഏറെ ദുരൂഹമായിരുന്നു. പാകിസ്ഥാന്റെ ചീഫ് ഓഫ് ആര്‍മി സ്റ്റാഫായ, ജനറല്‍ പര്‍വേസ് മുഷാറഫ് ആയിരുന്നു ആ വിശിഷ്ടവ്യക്തി. അദ്ദേഹം വാഗയില്‍ നടന്ന സൗഹൃദസമ്മേളനം ബഹിഷ്‌കരിച്ചിരുന്നു. 1998 നവംബറില്‍, അതായത് വാജ്പേയി വാഗയില്‍ ബസ്സിറങ്ങി, നവാസ് ഷെരീഫിനെ കെട്ടിപ്പിടിക്കുന്നതിന് മൂന്നുമാസങ്ങള്‍ക്ക് മുമ്പ്, ലെഫ്റ്റനന്റ് ജനറല്‍ മെഹമൂദ് അഹമ്മദ് എന്ന  പാക്കിസ്ഥാനിലെ ടെന്‍ത്ത്  കോറിന്റെ കമാന്‍ഡിങ് ആര്‍ട്ടിലറി ഓഫീസറും, മേജര്‍ ജനറല്‍ ജാവേദ് ഹസ്സന്‍ എന്ന നോര്‍ത്തേണ്‍ ഫ്രണ്ടിയര്‍ കണ്‍സ്റ്റാബുലറി കമാന്‍ഡറും തങ്ങളുടെ ചീഫായ ജനറല്‍ പര്‍വേസ് മുഷാറഫിനെ ചെന്നുകണ്ടിരുന്നു. ആ മീറ്റിംഗില്‍ നാലാമത് ഒരു ജനറല്‍ കൂടിയുണ്ടായിരുന്നു. ലഫ്റ്റനന്റ് ജനറല്‍ മുഹമ്മദ് അസീസ്. ജന്മം കൊണ്ട് ഒരു കാശ്മീരിയും, പാകിസ്ഥാന്‍ സൈന്യത്തിലെ ചീഫ് ഓഫ് ജനറല്‍ സ്റ്റാഫുമായിരുന്നു ജനറല്‍ അസീസ്. ഇവര്‍ നാലുപേരും ചേര്‍ന്ന് 1998 നവംബറില്‍, വളരെ മുമ്പുതന്നെ പാക് സൈന്യത്തിന്റെ മനസ്സില്‍ പൊട്ടിമുളച്ചിരുന്ന, എന്നാല്‍ മുമ്പാരും തന്നെ അനുമതി നല്‍കാന്‍ ധൈര്യപ്പെടാതിരുന്ന, ഒരു നുഴഞ്ഞുകയറ്റത്തിന്റെ പ്ലാനിന് അംഗീകാരം നല്‍കി. 

അലിഖിത നിയമത്തിന്റെ ലംഘനം 
കാര്‍ഗില്‍ ജില്ലയിലെ കാലാവസ്ഥ ഏറെ ക്ലേശകരമായ ഒന്നാണ്. ശൈത്യം ഏറെനാള്‍ നീണ്ടുനില്‍ക്കുന്നതും മരം കോച്ചുന്നതുമാണ്. വേനലാവട്ടെ, വരണ്ടതും വളരെ ഹ്രസ്വവുമാണ്. വേനല്‍ക്കാലങ്ങളില്‍ 30 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരുന്ന താപനില, ശൈത്യങ്ങളില്‍ -35  ഡിഗ്രിയിലേക്ക് കൂപ്പുകുത്തും. കാര്‍ഗില്‍ ജില്ലയുടെ പടിഞ്ഞാറന്‍ അതിര്‍ത്തിയിലൂടെയാണ് വിവാദാസ്പദമായ LoC അഥവാ നിയന്ത്രണരേഖ എന്നറിയപ്പെടുന്ന, ഇന്തോ-പാക് അതിര്‍ത്തിരേഖ, കശ്മീരിനെ ഇന്ത്യയ്ക്കും പാക്കിസ്ഥാനുമായി പകുത്തുനല്‍കിക്കൊണ്ട് കടന്നുപോവുന്നത്. ചെങ്കുത്തായ മലയിടുക്കുകള്‍ക്ക് അപ്പുറമിപ്പുറം ബങ്കറുകള്‍ പണിതുകൊണ്ട് ഏറെനാളായി ഇരുരാജ്യങ്ങളുടെയും സൈനികര്‍ ഈ അദൃശ്യമായ രേഖ പരസ്പര ബഹുമാനത്തോടെ പാലിച്ചുകൊണ്ടിരിക്കുകയായിരുന്നു. 


അവര്‍ക്കിടയില്‍ അലിഖിതമായ ഒരു ഉടമ്പടിയുണ്ടായിരുന്നു. ശൈത്യകാലത്ത്, കടുത്ത മഞ്ഞുവീഴ്ചയാല്‍ അവിടെ ജീവിതം ദുഷ്‌കരമാവുമ്പോള്‍, തങ്ങളുടെ ബങ്കറുകള്‍ ഉപേക്ഷിച്ച് ഇരു രാജ്യങ്ങളുടെയും സൈനികര്‍ അടുത്തുള്ള സൈനിക ബാരക്കുപിടിക്കും. പിന്നെ വേനൽക്കാലമാകും വരെ ഒരു പട്ടാളക്കാരന്റെയും ഇടപെടല്‍ കൂടാതെ തന്നെ LoC പാലിക്കപ്പെടും. അങ്ങോട്ടോ ഇങ്ങോട്ടോ ഒരുവിധത്തിലുള്ള പ്രകോപനങ്ങളും ഉണ്ടാവില്ല എന്നായിരുന്നു രണ്ടു സൈന്യങ്ങളും തമ്മിലുള്ള ധാരണ. ഈ പരസ്പരവിശ്വാസത്തില്‍ അധിഷ്ഠിതമായ ഉടമ്പടി 1999-ല്‍ പാക്കിസ്ഥാന്‍ ഏകപക്ഷീയമായി ലംഘിച്ചു. 

1999 നവംബറില്‍ കൂടിയ നാലു ജനറല്‍മാരുടെ രഹസ്യയോഗം വര്‍ഷങ്ങളായി തുടര്‍ന്ന് പോന്നിരുന്ന 'സ്റ്റാറ്റസ്‌ക്വോ'യ്ക്ക് ഭംഗം വരുത്താന്‍ തന്നെ തീരുമാനിച്ചു. റാവല്‍ പിണ്ടിയിലെ പാക് മിലിട്ടറി ഹെഡ് ക്വാര്‍ട്ടേഴ്‌സില്‍ നിന്നും ഒരു രഹസ്യ ഉത്തരവ് പാക് അതിര്‍ത്തി സൈന്യത്തെ തേടിയെത്തി. ഇന്ത്യന്‍ സൈന്യം ഉപേക്ഷിച്ചു പോന്ന 'ദ്രാസ്സ്-കാര്‍ഗില്‍' സെക്ടറിലെ ബങ്കറുകളും പോസ്റ്റുകളും കൈയ്യേറുക. അവിടെ വാഗാ അതിര്‍ത്തിയില്‍ അടല്‍ ബിഹാരി വാജ്പേയി നവാസ് ഷെരീഫിന് ഹസ്തദാനം നല്‍കി ലോകത്തോട് അയാള്‍ രാജ്യവുമായുള്ള സൗഹൃദത്തിന്റെ ഒരു പുതിയ അധ്യായത്തെപ്പറ്റി പ്രസംഗിച്ചുകൊണ്ടിരുന്നപ്പോള്‍  പാക് സൈന്യം ആ സൗഹൃദസന്ദര്‍ശനത്തിന്റെ മറവില്‍ കാര്‍ഗിലിലെ 135  ഇന്ത്യന്‍ മിലിട്ടറി പോയിന്റുകളില്‍ കയ്യേറ്റം നടത്തി, അവരുടെ പച്ചക്കൊടി പറിച്ചുകഴിഞ്ഞിരുന്നു. 130 ചതുരശ്രകിലോമീറ്റര്‍ ഇന്ത്യന്‍ മണ്ണ് വളച്ചുപിടിച്ചുകഴിഞ്ഞിരുന്നു. 

വാജ്പേയിക്ക് അപ്പോള്‍ ഇതേപ്പറ്റി ഒരു വിവരവും ലഭിച്ചിരുന്നില്ല. പാക്കിസ്ഥാനിലെ മിലിട്ടറിയുടെ സ്വഭാവം വെച്ച് നവാസ് ഷെരീഫിനുപോലും ലഭിച്ചുകാണില്ല എന്നുവേണം കരുതാന്‍. കാർഗിലിൽ പാക് സൈന്യം നുഴഞ്ഞുകയറി ബങ്കറുകൾ കയ്യേറിയ കാര്യത്തെപ്പറ്റി ലവലേശം ബോധ്യമില്ലാതെ, 1999  മാര്‍ച്ച് 21-ന് വാജ്പേയിയും ഷെരീഫും ചേര്‍ന്ന്  'ലാഹോര്‍ പ്രഖ്യാപന'ത്തില്‍ ഒപ്പുവെച്ചു. 

നുഴഞ്ഞുകയറ്റം കണ്ടെത്തിയത് ആട്ടിടയന്മാര്‍ 
1999  മെയ് മൂന്നിന് താഷി നാംഗ്യാല്‍, ബറ്റാലിക്കിലെ ജൂബാര്‍ മലയിടുക്കിലേക്ക് തന്റെ സുഹൃത്തുക്കളോടൊപ്പം ആടിനെ മേയ്ക്കാന്‍ വേണ്ടി പോയി. അദ്ദേഹത്തിന്റെ കയ്യില്‍ ഒരു വിലപിടിപ്പുള്ള ഉപകരണമുണ്ടായിരുന്നു. വഴിതെറ്റിപ്പോവുന്ന ആടുകളെ തെരഞ്ഞുപിടിക്കാന്‍ ഉപയോഗിച്ചിരുന്ന ഒരു ബൈനോക്കുലര്‍. അതിലൂടെ കൂട്ടംതെറ്റിയ ഒരു യാക്കിനെ തിരഞ്ഞുകൊണ്ടിരുന്ന   താഷി യാദൃച്ഛികമായാണ് കറുത്ത പത്താനി സല്‍വാര്‍കമ്മീസ് ധരിച്ച ആര് പാക് പട്ടാളക്കാരെ കാണുന്നത്.

അവര്‍ ബങ്കര്‍ കുഴിച്ചുകൊണ്ടിരിക്കുകയാണ് എന്ന് താഷിക്ക് മനസ്സിലായി. അദ്ദേഹം തിരിച്ചുവന്നയുടന്‍ ഈ വിവരം പട്ടാളക്കാരെ അറിയിച്ചു. ആര്‍മി അടുത്ത ദിനങ്ങളില്‍ ചില പട്രോള്‍ സംഘങ്ങളെ അയക്കുകയും, അവരും പാക് പട്ടാളവും തമ്മില്‍ ചില്ലറ സംഘര്‍ഷങ്ങളൊക്കെ ഉണ്ടാവുകയും ചെയ്തെങ്കിലും, അപ്പോഴൊന്നും പാക് അധിനിവേശത്തിന്റെ ഗുരുതരാവസ്ഥ ഇന്ത്യന്‍ സൈന്യത്തിന് കൃത്യമായി മനസ്സിലായിട്ടുണ്ടായിരുന്നില്ല. ക്യാപ്റ്റന്‍ സൗരഭ് കാലിയയുടെ നേതൃത്വത്തിലുള്ള ഒരു പട്രോള്‍ സംഘം അപ്പാടെ അപ്രത്യക്ഷമാവുന്നതുവരെ..!  

 

ബാബു രാമചന്ദ്രൻ എഴുതിയ പ്രത്യേക പരമ്പര 'കാർഗിൽ ഡയറി'യുടെ  ബാക്കി ലക്കങ്ങൾ ചുവടെ

ലക്കം #2  : ക്യാപ്റ്റൻ സൗരഭ് കാലിയ 

ലക്കം #3 : ഗ്രനേഡിയർ യോഗേന്ദ്രസിങ്ങ് യാദവ്  

ലക്കം #4 : ക്യാപ്റ്റൻ ഹനീഫുദ്ദീൻ

ലക്കം #5 : ക്യാപ്റ്റൻ വിക്രം ബത്ര

ലക്കം #6 : ക്യാപ്റ്റൻ നെയ്‌കേസാക്വൊ കെൻഗുരുസ്‌

ലക്കം #7  : കാർഗിൽ വിജയ് ദിവസ് 

click me!