പട്ടിയുടെ പിറന്നാളാഘോഷത്തിന് 520 ഡ്രോണുകള്‍, ചെലവ് 11 ലക്ഷം, ഒടുവില്‍ യുവതിക്ക് എട്ടിന്റെ പണി!

By Web TeamFirst Published Jan 7, 2022, 6:33 PM IST
Highlights

തങ്ങളുടെ കണ്ണില്‍ പെട്ടിരുന്നുവെങ്കില്‍, ആ ക്ഷണം ഡ്രോണുകളെല്ലാം വെടിവെച്ചിടുമായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. യുവതിക്കെതിരെ പൊലീസ് കേസ് എടുത്തു. എന്നാല്‍, ഇതിന്റെ വിശദാംശങ്ങള്‍ പുറത്തുവന്നിട്ടില്ല. 


വളര്‍ത്തുനായയുടെ ജന്മദിനം ആഘോഷിക്കാന്‍ നൂറു കണക്കിന് േഡ്രാണുകള്‍ പറത്തിയ യുവതിക്ക് കിട്ടിയത് എട്ടിന്റെ പണി. 1,00,000 യുവാന്‍ (11 ലക്ഷം രൂപ) പൊടിച്ച് ഡ്രോണ്‍ ഉല്‍സവം തന്നെ നടത്തിയ യുവതിയെ തേടി ഒടുവില്‍ പൊലീസ് എത്തി. പൊലീസിന്റെ അനുമതിയില്ലാതെയാണ്, ഡ്രോണ്‍ പറത്താന്‍ അനുമതിയില്ലാത്ത സ്ഥലത്ത് ഇവര്‍ അവ പറത്തിയത്. തങ്ങളുടെ കണ്ണില്‍ പെട്ടിരുന്നുവെങ്കില്‍, ആ ക്ഷണം ഡ്രോണുകളെല്ലാം വെടിവെച്ചിടുമായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. യുവതിക്കെതിരെ പൊലീസ് കേസ് എടുത്തു. എന്നാല്‍, ഇതിന്റെ വിശദാംശങ്ങള്‍ പുറത്തുവന്നിട്ടില്ല. 

മധ്യ ചൈനയിലാണ് സംഭവം. ഹുനാന്‍ പ്രവിശ്യയില്‍ താമസിക്കുന്ന യുവതിയാണ് തന്റെ പ്രിയപ്പെട്ട പട്ടിയുടെ പിറന്നാള്‍ ആഘോഷിച്ച് കുടുക്കിലായത്. 11 ലക്ഷം രൂപ മുടക്കിയാണ് ഡൂഡോ എന്ന പട്ടിയുടെ പത്താം ജന്‍മദിനം ആഘോഷിച്ചത്. ഇതിനായി, 520 ഡ്രോണുകളാണ് ഇവര്‍ വാടകക്കെടുത്തത്. 


ചൈനയിലെ സിയാങ്ജിയാംഗ് നദിയുടെ കരയിലാണ് ആഘോഷം നടന്നത്.  പത്താം ജന്മദിനാശംസകള്‍ നേരുന്നു എന്ന് ആകാശത്ത് എഴുതിക്കാണിക്കാനാണ് 520 ഡ്രോണുകള്‍ ഉപയോഗിച്ചത്.  ജന്മദിന കേക്കിന്റെ ആകൃതിയില്‍ ഡ്രോണുകള്‍ ആകാശത്ത് നിരന്നത് കമനീയമായ കാഴ്ചയായിരുന്നു. ഒപ്പം, ഒരു എല്ലിന്‍ കഷണത്തിന്റെ രൂപവും ഡ്രോണുകള്‍ ആകാശത്ത് തീര്‍ത്തു. എന്തു കൊണ്ടാണ് 520 ഡ്രോണുകള്‍ ഉപയോഗിച്ചത് എന്നതിന് ഈ യുവതി നല്‍കുന്ന മറുപടി ഇതാണ്: ഐ ലവ്‌യൂ എന്നതിന് ചൈനീസ് ഭാഷയായ മാന്‍ഡറിന്‍ ഭാഷയിലുള്ള വാക്കിന് സമാനമായ അക്കങ്ങളാണ് അത്! 

 

 

കാര്യങ്ങള്‍ അതുവരെ ഭംഗിയായി തന്നെയാണ് നടന്നത്. യുവതിയും സുഹൃത്തുക്കളും ആഘോഷം തകൃതിയാക്കുന്നതിന്റെ വീഡിയോയും പുറത്തുവന്നു. 

അതു കഴിഞ്ഞാണ് പണി വന്നത്. വിവരമറിഞ്ഞ പൊലീസുകാര്‍ യുവതിയെ തേടിയെത്തി.  ഡ്രോണുകള്‍ പറത്താന്‍ അനുമതിയില്ലാത്ത മേഖലയിലാണ് യുവതി പിറന്നാള്‍ ആഘോഷം നടത്തിയതെന്നാണ് പൊലീസ് വ്യക്തമാക്കിയത്. ജനവാസ കേന്ദ്രങ്ങളില്‍ ഡ്രോണുകള്‍ പറത്തുന്നതിന് പോലീസിന്റെ അനുമതി വാങ്ങണമെന്നും അധികൃതര്‍ വ്യക്തമാക്കിയതായി സൗത്ത് ചൈന മോണിംഗ് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു. ഡ്രോണുകള്‍ ശ്രദ്ധയില്‍ പെട്ടിരുന്നുവെങ്കില്‍ ഉറപ്പായും അവ വെടിവെച്ച് താഴെയിടുമായിരുന്നുവെന്നും പൊലീസ് പറഞ്ഞു. 

ഡ്രോണുകളെ ആഘോഷങ്ങള്‍ക്ക് ഉപയോഗിച്ച് ആളുകള്‍ പുലിവാല്‍ പിടിക്കുന്നത് ചൈനയില്‍ സാധാരണമാണ്. ഒക്‌ടോബറില്‍ ഒരു ഷോപ്പിംഗ് മാളിന്റെ ഉദ്ഘാടനത്തിനിടെ ലൈറ്റിംഗ് ഷോ നടത്താന്‍ നൂറുകണക്കിന് ഡ്രോണുകള്‍ ഉപയോഗിച്ചതും വിവാദമായിരുന്നു. അന്ന് സാങ്കേതിക തകരാറുകളെ തുടര്‍ന്ന് ഡ്രോണുകള്‍ നിലത്ത് വീണു. ഷോ കാണാന്‍ താഴെ തടിച്ചു കൂടിയ ആയിരക്കണക്കിനാളുകള്‍ക്ക് ഇടയിലാണ് ഡ്രോണുകള്‍ വീണത്. ആര്‍ക്കും പരിക്കേറ്റില്ലെങ്കിലും ഇത് പരിഭ്രാന്തി സൃഷ്ടിച്ചിരുന്നു. 
 

click me!